റഷ്യയുടെ ഭീഷണി: അടച്ചിട്ടിരുന്ന നാവികാസ്ഥാനം സ്വീഡന്‍ തുറക്കുന്നു

റഷ്യയുടെ ഭീഷണി: അടച്ചിട്ടിരുന്ന നാവികാസ്ഥാനം സ്വീഡന്‍ തുറക്കുന്നു

സ്റ്റോക്ക്‌ഹോം: മുസ്‌കോ എന്ന ദ്വീപില്‍ വര്‍ഷങ്ങളോളം അടച്ചിട്ടിരുന്ന നാവികാസ്ഥാനം സ്വീഡന്‍ തുറക്കുന്നു. ആണവ ആക്രമണത്തെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത വിശാലമായ ഭൂഗര്‍ഭ കോട്ടയുള്‍പ്പെടുന്നതാണു മുസ്‌കോ. ശീതയുദ്ധകാലത്താണ് ഈ കോട്ട നിര്‍മിച്ചത്. റഷ്യയില്‍നിന്നും നേരിടേണ്ടി വരുന്ന നിരന്തര ഭീഷണിയെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള നീക്കമായിട്ടാണ് ഇതിനെ കാണുന്നത്.

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു സ്വീഡന്‍ മുസ്‌കോയിലെ നാവികസേനാ ആസ്ഥാനം തുറക്കുന്നത്. 2004ല്‍ മുസ്‌കോ നാവികാസ്ഥാനം അടച്ചിരുന്നു. 1950ല്‍ ആരംഭിച്ച കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയായത് 1969-ലാണ്. ഈ കോട്ടയുടെ നിര്‍മാണത്തിനായി 1.5 മില്യന്‍ ടണ്‍ പാറ നീക്കം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. ഈ കോട്ടയ്ക്ക് മൂന്നു ഡോക്കുകളാണുള്ളത്. നൗകാശയം അഥവാ കപ്പല്‍ത്തുറയെയാണ് ഡോക്ക് എന്നു വിളിക്കുന്നത്. യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഈ ഡോക്ക് രൂപകല്‍പ്പന ചെയ്തത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍നിന്നും ഏകദേശം 40 കിലോമീറ്ററോളം ദൂരമുണ്ട് മുസ്‌കോയിലേക്ക്. നാവികസേനയുടെ മാത്രമല്ല, സ്വീഡന്റെ സൈനിക, വ്യോമസേനാ കമാന്‍ഡുകളും തലസ്ഥാനനഗരിയായ സ്റ്റോക്ക്‌ഹോമില്‍നിന്നും കൂടുതല്‍ കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട സ്ഥലങ്ങളിലേക്കു മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യത കുറഞ്ഞുവരുമെന്നു സ്വീഡന്‍ കണക്കുകൂട്ടുന്നുണ്ട്. എങ്കിലും സ്വീഡന്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 30) നാവികസേനയുടെ മുസ്‌കോയിലുള്ള ആസ്ഥാനം തുറന്നതിലൂടെ രാജ്യത്ത് ശീതയുദ്ധസമയത്തുണ്ടായിരുന്ന വികാരത്തെ ഉണര്‍ത്തുന്നതിന്റെ പ്രതീകാത്മകവും നാടകീയവുമായ നടപടിയായി അതിനെ കണക്കാക്കുന്നു. പഴയ സ്റ്റോക്ക്‌ഹോം പട്ടണം പോലെ വലിയ ഭൂഗര്‍ഭ പ്രദേശമാണു മുസ്‌കോ. ശീതയുദ്ധം അവസാനിച്ചതിനു ശേഷം മിക്ക യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ സ്വീഡനും സൈനിക ചെലവ് കുത്തനെ വെട്ടിക്കുറച്ചിരുന്നു. 1990-ലെ ജിഡിപിയുടെ 2.5 ശതമാനത്തില്‍നിന്ന് 2010-ാടെ ഇത് ഒരു ശതമാനമായി കുറയുകയും ചെയ്തു. സൈനിക ഉപകരണങ്ങള്‍ ആക്രി വിലയ്ക്ക് കൊടുത്തു. സൈനിക താവളങ്ങള്‍ അടയ്ക്കുകയും ചെയ്തു. മുസ്‌കോയിലെ കപ്പല്‍ശാല ജര്‍മന്‍ എഞ്ചിനീയറിംഗ് കമ്പനിയായ തൈസന്‍ ക്രുപ്പിനു വിറ്റു. പക്ഷേ, 2014-ല്‍ റഷ്യ, ക്രീമിയയില്‍ അധിനിവേശം നടത്തിയതോടെ സ്ഥിതിഗതികള്‍ പൂര്‍ണമായും മാറി.

Comments

comments

Categories: World
Tags: Naval base