അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളിയില്‍നിന്നും ഭീമന്‍ മഞ്ഞുമല അടര്‍ന്നു

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളിയില്‍നിന്നും ഭീമന്‍ മഞ്ഞുമല അടര്‍ന്നു

അന്റാര്‍ട്ടിക്ക: അന്റാര്‍ട്ടിക്കയിലെ അമേറി മഞ്ഞുപാളിയില്‍നിന്നും ഗ്രേറ്റര്‍ ലണ്ടന്റെ വലുപ്പമുള്ള ഭീമന്‍ മഞ്ഞുമല അടര്‍ന്നു മാറി. ചതുരാകൃതിയിലുള്ള ഡി-28 എന്ന പേരില്‍ അറിയപ്പെടുന്ന മഞ്ഞുമലയാണ് സെപ്റ്റംബര്‍ 26ന് മഞ്ഞുപാളിയില്‍നിന്നും അടര്‍ന്നത്. ഈ അടര്‍ന്നു മാറിയ മഞ്ഞുമലക്ക് 1,636 ചതുരശ്ര കിലോമീറ്റര്‍ വലുപ്പമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക് ഡിവിഷന്‍ പറയുന്നു. 60,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഫ്‌ളോട്ടിംഗ് ഐസ് (ഒഴുകി നടക്കുന്ന ഹിമം) ഉള്ളതാണ് അമേറി മഞ്ഞുപാളി. ഇപ്പോള്‍ അമേറി മഞ്ഞുപാളിയില്‍നിന്നും വലിയ മഞ്ഞുമല അടര്‍ന്നു മാറിയത് 1963-64 നു ശേഷമുള്ള ആദ്യ സംഭവമായിട്ടാണു ശാസ്ത്രസമൂഹം കാണുന്നത്. ഇതു പക്ഷേ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധമുള്ളതാണെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നുമില്ല. ഇപ്പോള്‍ ഈ സംഭവം നടന്ന പ്രദേശം കഴിഞ്ഞ 20 വര്‍ഷമായി ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക് പ്രോഗ്രാം, ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക് സ്റ്റഡീസ്, സ്‌ക്രിപ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യാനോഗ്രാഫി തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു വരുന്ന പ്രദേശം കൂടിയാണ്. അന്റാര്‍ട്ടിക്കയിലെ മൂന്നാമത്തെ വലിയ ഐസ് ഷെല്‍ഫാണ് അമേറി മഞ്ഞുപാളി. 1960കള്‍ മുതല്‍ മഞ്ഞുപാളിയെ കുറിച്ചു ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്.

Comments

comments

Categories: World
Tags: Ice mountain