സുബാരുവിലെ ഓഹരി പങ്കാളിത്തം ടൊയോട്ട വര്‍ധിപ്പിക്കും

സുബാരുവിലെ ഓഹരി പങ്കാളിത്തം ടൊയോട്ട വര്‍ധിപ്പിക്കും

നിലവിലെ 17 ശതമാനത്തില്‍നിന്ന് 20 ശതമാനമായി ഉയര്‍ത്തും

ടൊയോട്ട: സുബാരു കോര്‍പ്പറേഷനിലെ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ഓഹരി പങ്കാളിത്തം നിലവിലെ 17 ശതമാനത്തില്‍നിന്ന് 20 ശതമാനമായി വര്‍ധിപ്പിക്കും. രണ്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കളും ഇക്കാര്യം വ്യക്തമാക്കി. ടൊയോട്ടയും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും പരസ്പരം ചെറിയ ഓഹരികള്‍ സ്വന്തമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടൊയോട്ടയുടെ പുതിയ നിക്ഷേപം വരുന്നത്.

ഓഹരി വിപണിയിലെ സുബാരുവിന്റെ മൂല്യമനുസരിച്ച്, 742 ദശലക്ഷം യുഎസ് ഡോളറിന്റെ (80 ബില്യണ്‍ യെന്‍) നിക്ഷേപമാണ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ടൊയോട്ട നടത്തുന്നത്. ജപ്പാനിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളുടെ ഇതേ മൂല്യം വരുന്ന ഓഹരികള്‍ സുബാരു തിരിച്ചും സ്വന്തമാക്കും.

പുതിയ വാഹന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് സഹകരിച്ചുപ്രവര്‍ത്തിക്കാനാണ് ഇരുകൂട്ടരുടെയും തീരുമാനം. ടൊയോട്ടയും സുബാരുവും ചേര്‍ന്ന് എക്കാലത്തെയും മികച്ച കാറുകള്‍ നിര്‍മിക്കുമെന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംയുക്തമായി നിര്‍മിക്കുന്ന പ്ലാറ്റ്‌ഫോമില്‍ ഇലക്ട്രിക് എസ്‌യുവി വികസിപ്പിക്കുമെന്ന് ടൊയോട്ടയും സുബാരുവും ഈ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.

സുബാരു പോലുള്ള ചെറിയ കമ്പനികള്‍ ഭാവിയില്‍ ടൊയോട്ടയുമായി ലയിക്കുമെന്ന ഊഹാപോഹങ്ങളും വ്യാപകമാണ്. എന്നാല്‍, തന്റെ കമ്പനി സ്വതന്ത്രമായി തുടരുമെന്ന് സുബാരു പ്രസിഡന്റ് ടോമോമി നകമുറ പറഞ്ഞു. സുബാരു ടൊയോട്ടയുടെ ഉപകമ്പനിയായി മാറുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മസ്ദ മോട്ടോര്‍ കോര്‍പ്പറേഷന്‍, യമഹ മോട്ടോര്‍ കമ്പനി എന്നിവയെല്ലാം ടൊയോട്ടയുടെ ജാപ്പനീസ് പങ്കാളികളാണ്.

2005 ലാണ് സുബാരുവിന്റെ ഓഹരി ടൊയോട്ട ആദ്യമായി വാങ്ങുന്നത്. അന്ന് ഫുജി ഹെവി ഇന്‍ഡസ്ട്രീസ് എന്ന് അറിയപ്പെട്ടിരുന്ന കമ്പനിയുടെ 9.5 ശതമാനം ഓഹരിയാണ് ടൊയോട്ട സ്വന്തമാക്കിയത്. പിന്നീടത് 17 ശതമാനമായി വര്‍ധിപ്പിച്ചു. നിലവില്‍ 17 ശതമാനം കയ്യാളുന്ന ടൊയോട്ടയാണ് സുബാരുവിന്റെ ഏറ്റവും വലിയ ഓഹരിയുടമ. സ്വന്തം നാട്ടിലെ ചെറിയ വാഹന കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനാണ് ടൊയോട്ട പ്രാധാന്യം നല്‍കുന്നത്.

Comments

comments

Categories: Auto
Tags: Subaru, Toyota