സൂസന്‍ സിനാത്ര വനിതകള്‍ക്ക് വേണ്ടി സംരംഭകയായ വനിത

സൂസന്‍ സിനാത്ര വനിതകള്‍ക്ക് വേണ്ടി സംരംഭകയായ വനിത

ജീവിതത്തില്‍ ഓരോ വ്യക്തിക്കും ഉണ്ടാകുന്ന കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നാണ് ജീവിതത്തിന്റെ പച്ചവെളിച്ചത്തിലേക്ക് നടന്നു കയറുന്നതിനുള്ള ആര്‍ജ്ജവം ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു വ്യക്തിയാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്വദേശിനിയായ സൂസന്‍ സിനാത്ര. അര്‍ബുദ ബാധയെത്തുടര്‍ന്ന് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോയപ്പോഴാണ് സൂസന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ആര്‍ത്തവ സംബന്ധമായ പല രോഗാവസ്ഥകളെ പറ്റിയും ചിന്തിക്കുന്നത്. ആ ചിന്ത സൂസന്‍ സിനാത്രയെ ഒരു സംരംഭകയാക്കി. സ്ത്രീകള്‍ അനുഭവിക്കുന്ന ആര്‍ത്തവ സംബന്ധമായ വിവിധ രോഗാവസ്ഥകള്‍ക്കുള്ള പരിഹാരമാണ് സൂസന്‍ തുടക്കമിട്ട പ്രൈവറ്റ് പാക്ക്‌സ് എന്ന സ്ഥാപനം

‘അനാരോഗ്യത്തില്‍ തളര്‍ന്നിരിക്കുന്നതിലല്ല, ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നതിനായി തന്നാല്‍ കഴിയുംവിധം പ്രവര്‍ത്തിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യുന്നതിലാണ് കാര്യം’ ന്യൂയോര്‍ക്ക് സ്വദേശിനിയായ സൂസന്‍ സിനാത്ര സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച കാര്യമാണിത്. അര്‍ബുദത്തിന്റെ പിടിയില്‍ നിന്നും മനക്കരുത്ത് കൈമുതലാക്കി രക്ഷപ്പെട്ട സൂസന്‍ രോഗവുമായി മല്ലിട്ട് ജീവിതം നിലനിര്‍ത്തുന്നതിനൊപ്പം ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുക കൂടി ചെയ്തു. സാധാരണ ആരും കടന്നുചെല്ലാന്‍ മടിക്കുന്ന മേഖലയിലേക്ക് കടന്നു ചെല്ലുകയും സ്ത്രീകളുടെ ആര്‍ത്തവ, ലൈംഗീക സംബന്ധമായ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുകയുമാണ് സൂസന്‍ ചെയ്തത്.

അര്‍ബുദ രോഗവുമായി ബന്ധപ്പെട്ടുള്ള ചികിത്സക്കായി വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയപ്പോഴാണ് സ്ത്രീകള്‍ പുറത്തു പറയാന്‍ താല്‍പര്യപ്പെടാത്ത, സ്വകാര്യഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി രോഗാവസ്ഥകളുണ്ടെന്ന് മനസിലാകുന്നത്. ഇതില്‍ അണുബാധകള്‍ മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ ഉള്‍പ്പെടുന്നു. അസുഖം വന്നശേഷം പോലും വിദഗ്ധ ചികിത്സക്ക് തയ്യാറാകാത്ത സ്ത്രീകള്‍ക്ക് അത് വരാതെ നോക്കുന്നതാണ് ഉചിതമെന്ന് മനസിലാക്കിയ സൂസന്‍ മെഡിക്കല്‍ രംഗത്തെ തന്നെ പ്രവര്‍ത്തി പരിചയം മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കു ധരിക്കാവുന്ന പ്രത്യേകതരം നാപ്കിനുകള്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു. സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകളില്‍ നിന്നും വ്യത്യസ്തമായി അണുബാധ, ഫംഗസ് തുടങ്ങി വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗമായിരുന്നു പ്രസ്തുത നാപ്കിന്‍.

‘പ്രൈവറ്റ് പാക്‌സ്’ എന്നാണ് സ്ത്രീകള്‍ക്ക് അനുയോജ്യമായ നാപ്കിനുകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിന് സൂസന്‍ സിനാത്ര പേരുനല്‍കിയത്. ഉല്‍പ്പന്നത്തിന് ഡോക്റ്റര്‍മാരുടെയും മെഡിക്കല്‍ വകുപ്പിന്റെയും അംഗീകാരം കൂടി ലഭിച്ചതോടെ ഒരു സംരംഭക എന്ന നിലയിലേക്കുള്ള സൂസന്റെ വളര്‍ച്ച ആരംഭിക്കുകയായിരുന്നു. സ്ഥാപനം ആരംഭിച്ച് ഓണ്‍ലൈന്‍ വഴി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ 10,000 പേരില്‍ എത്താന്‍ സിനാത്രയുടെ സ്ഥാപനത്തിന് കഴിഞ്ഞു. പ്രത്യേക രീതിയില്‍ ഡിസൈന്‍ ചെയ്ത ചൂടാക്കിയും തണുപ്പിച്ചും ഉപയോഗിക്കുന്ന മെഡിസിനല്‍ പാഡുകളാണ് പ്രൈവറ്റ് പാക്ക്‌സ് വഴി വിതരണം ചെയ്യുന്നത്. അടിവയറ്റിലെ വേദന, പേശീവലിവ്, അണുബാധ, ലൈംഗികരോഗങ്ങള്‍ എന്നിവയില്‍ നിന്നും ശമനം നേടാന്‍ പ്രൈവറ്റ് പാക്ക്‌സ് ഉപയോഗം കൊണ്ട് കഴിയുന്നു. തുടക്കം എന്ന നിലക്ക് തന്റെ ഉല്‍പ്പന്നം ഓണ്‍ലൈനില്‍ മാത്രമാണ് വില്‍പനക്കായി വച്ചത്. എന്നാല്‍ ഉല്‍പ്പന്നത്തെപ്പറ്റി കേട്ടറിഞ്ഞ വ്യക്തികള്‍ ആവശ്യക്കാരായെത്തി. അതോടെ പ്രൈവറ്റ് പാക്ക്‌സ് എന്ന സംരംഭം വിജയിച്ചു. പദ്ധതി വിജയമായതോടെ ഒരുലക്ഷം പേരില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്താനാണ് സിനാത്ര ലക്ഷ്യമിടുന്നത്.പ്രകൃതിക്കു ദോഷകരമാകാത്ത, വീണ്ടും ഉപയോഗിക്കാനാവുന്ന പ്രത്യേകതരം നാപ്കിനുകളാണ് സിനാത്രയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്.

”വിദേശരാജ്യങ്ങളിലുള്‍പ്പെടെ സ്ത്രീകള്‍ തങ്ങളുടെ ‘ രഹസ്യരോഗങ്ങള്‍’ പുറത്തുപറയാന്‍ മടികാണിക്കുന്നതാണ് അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണം. അര്‍ബുദത്തെത്തുടര്‍ന്നുള്ള എന്റെ ചികിത്സാകാലയളവില്‍ ഈ പ്രശ്‌നം ഞാന്‍ നേരിട്ടറിഞ്ഞതാണ്. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലാണ്. എനിക്കും ഇത്തരത്തില്‍ പല പ്രശ്‌നനങ്ങളും നേരിട്ടിരുന്നു. എന്നാല്‍ ഞാന്‍ ആരോടും പറഞ്ഞില്ല. എന്നാല്‍ ആശുപത്രിയിലെ ചികിത്സാദിനങ്ങള്‍ എന്റെ ചിന്തകളെ മാറ്റി. നിശ്ശബ്ദയായിരുന്നാല്‍ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരം കാണാനാവില്ല എന്ന ചിന്തയില്‍നിന്നാണ് ഞാന്‍ പ്രൈവറ്റ് പാക്‌സിന് തുടക്കം കുറിക്കുന്നത്” സൂസന്‍ സിനാത്ര പറയുന്നു.

സംരംഭകത്വം എന്ന മോഹവുമായി ധാരാളം യാത്രകള്‍ ചെയ്തിരുന്ന സൂസന്‍ സിനാത്ര അത്തരത്തിലൊരു യാത്രക്കിടയിലാണ് അമിതമായ ക്ഷീണത്തെത്തുടര്‍ന്ന് തലകറങ്ങി വീഴുന്നത്. ക്ഷീണം മാറാതെ നിന്നതോടെ അവര്‍ ഒരു ഡോക്ടറെ സമീപിച്ചു.തുടര്‍ന്നാണ് താന്‍ അര്‍ബുദരോഗ ബാധിതയാണെന്ന് അറിയുന്നത്. ബ്രെസ്റ്റ് കാന്‍സര്‍ ബാധിച്ചിട്ടും സിനാത്ര തന്റെ യാത്ര നിര്‍ത്തിയില്ല. ആശുപത്രില്‍ നിന്നുള്ള അനുഭവങ്ങള്‍ കൂടി ചേര്‍ത്ത് സ്ത്രീകള്‍ക്കുവേണ്ടിയുള്ള തെറാപ്യൂട്ടിക് ശക്തിയുള്ള നാപ്കിനുകളുടെ ഉല്‍പാദനവുമായി സംരംഭക യാത്ര ആരംഭിച്ചു. ചികിത്സാവേളയില്‍ പലപ്പോഴും കീമോതെറാപ്പി മൂലം തളര്‍ന്നപ്പോള്‍ സിനാത്രയ്ക്ക് ആശ്വാസം സ്വയം സിഡെന്‍ ചെയ്ത ഉല്‍പന്നങ്ങളായിരുന്നു.

ഇപ്പോള്‍ സൂസന്‍ സിനാത്രക്ക് രോഗത്തെപ്പറ്റിയുള്ള ചിന്തകളില്ല. ധാരാളം വനിതകള്‍ക്ക് ആശ്വാസം പകരുന്ന ഒരു ഉല്‍പ്പന്നം വിപണിയിലെത്തിക്കാനായതിന്റെ ആശ്വാസത്തില്‍ സ്വന്തം വേദനകള്‍ ഈ സംരംഭക മറക്കുന്നു. ക്രൗഡ് ഫണ്ടിങ് നടത്തുന്ന സൈറ്റ് വഴിമാത്രമാണ് പ്രൈവറ്റ് പാര്‍ട്‌സ് ഉല്‍പന്നങ്ങള്‍ ജനങ്ങളിലെത്തുന്നത്. പിന്നീട് സ്വന്തം സൈറ്റിലൂടെ വില്‍പന വ്യാപകമാക്കാനാണ് സിനാത്രയുടെ ലക്ഷ്യം.

Categories: FK Special, Slider