ഐആര്‍സിടിസി ഓഹരികള്‍ക്ക് വന്‍ ഡിമാന്റ്

ഐആര്‍സിടിസി ഓഹരികള്‍ക്ക് വന്‍ ഡിമാന്റ്

ആദ്യ ദിനം ഉച്ചവരെ നേടിയത് 50 ശതമാനം സബ്‌സ്‌ക്രിബ്ഷന്‍

ന്യൂഡെല്‍ഹി: ഇന്നലെ ആരംഭിച്ച ഐആര്‍സിടിസി (ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഐപിഒയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം. ആദ്യ ദിനം ഉച്ചയായപ്പോഴേക്കും 50 ശതമാനത്തോളം സബ്‌സ്‌ക്രിബ്ഷനാണ് നേടാനായത്. ഒരു ഓഹരിക്ക് 315-320 രൂപയെന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നതെങ്കിലും റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും യോഗ്യരായ ജീവനക്കാര്‍ക്കും പ്രതിഓഹരി പത്ത് രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. വില്‍ക്കപ്പെടുന്നതില്‍ 35% ഓഹരികള്‍ റീട്ടെയ്ല്‍ വിഭാഗത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. രണ്ട് ലക്ഷം രൂപയുടെ വരെ ഓഹരികള്‍ വാങ്ങാന്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് കഴിയും. വാങ്ങാവുന്ന മിനിമം ഓഹരികളുടെ എണ്ണം 40 ആണ്.

ഐപിഒ വഴി രണ്ട് കോടി രൂപയുടെ (12.6%) ഇക്വിറ്റി ഓഹരികളാണ് കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 87.4 ശതമാനമായി കുറയും. ഈ മാസം മൂന്നു വരെയാണ് ഓഹരി സബ്ക്രിബ്ഷന് സൗകര്യമുണ്ടായിരിക്കുക. അലാങ്കിത് അസൈന്‍മെന്റ് ലിമിറ്റഡാണ് ഐപിഒയുടെ രജിസ്ട്രാര്‍. ഈ മാസം 9 ന് ഓഹരി കൈമാറ്റം അവസാനിക്കും. 14 ാം തിയതി എന്‍എസ്ഇ, ബിഎസ്ഇ ഓഹരി വിപണികളില്‍ ഐആര്‍സിടിസി ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. അതേ സമയം ഐപിഒ നടത്താനുള്ള റെയ്ല്‍വേ മന്ത്രാലയത്തിന്റെ തീരുമാനം ഐആര്‍സിടിസിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും വിപണിയിലെ സ്ഥാപനത്തിന്റെ കുത്തകയ്ക്ക് ഭീഷണിയാകുമെന്നും വിമര്‍ശനങ്ങളുണ്ട്.

മികച്ച സാധ്യതകള്‍

ഇന്ത്യയിലെ ട്രെയ്‌നുകളില്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാനും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനും ഇന്ത്യന്‍ റെയ്ല്‍വേയുടെ ഔദ്യോഗിക അംഗീകാരമുള്ള ഒരേയൊരു സ്ഥാപനമാണ് ഐആര്‍സിടിസി. ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് (12.4 %), കാറ്ററിംഗ് (52.9%), റെയ്ല്‍ നീര്‍ ബ്രാന്‍ഡിന് കീഴിലുള്ള ഉല്‍പ്പന്ന വില്‍പ്പന (11.1%), ട്രാവല്‍ ആന്‍ഡ് ടൂറിസം (23.5%) എന്നിങ്ങനെ നാല് ബിസിനസ് വിഭാഗങ്ങളായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 272.6 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍ വര്‍ഷം ഇത് 220.6 കോടി രൂപയായിരുന്നു.

Categories: Business & Economy, Slider
Tags: IRCTC