മാസെറാറ്റിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം നിര്‍മിച്ചുതുടങ്ങും

മാസെറാറ്റിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം നിര്‍മിച്ചുതുടങ്ങും

മാസെറാറ്റി ഗിബ്ലി ഹൈബ്രിഡ് ആയിരിക്കും ആദ്യ ഇലക്ട്രിക് കാര്‍

ടൂറിന്‍: ഇലക്ട്രിക് വാഹന ഭ്രമം ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മാസെറാറ്റിയിലേക്കും പടരുന്നു. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം നിര്‍മിച്ചുതുടങ്ങുമെന്ന് മാസെറാറ്റി പ്രഖ്യാപിച്ചു. മാസെറാറ്റി ഗിബ്ലി ഹൈബ്രിഡ് ആയിരിക്കും ആദ്യ ഇലക്ട്രിക് കാര്‍. ഇറ്റലിയിലെ മോഡേണ പ്ലാന്റിലായിരിക്കും ഉല്‍പ്പാദനം. സവിശേഷ ഡ്രൈവിംഗ് മോഡുകള്‍, ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ച്, അതിവേഗ ചാര്‍ജിംഗ് എന്നിവ സവിശേഷതകളായിരിക്കും.

800 ദശലക്ഷം യൂറോയുടെ നിക്ഷേപം നടത്തി മോഡേണ പ്ലാന്റില്‍ പുതിയ പ്രൊഡക്ഷന്‍ ലൈന്‍ നിര്‍മിക്കുകയാണ് മാസെറാറ്റി. നിലവിലെ പ്രൊഡക്ഷന്‍ ലൈന്‍ വലിയ തോതില്‍ നവീകരിക്കുകയും ചെയ്യുന്നു. 2021 ഓടെ ആദ്യ ബാച്ച് പ്രീ-പ്രൊഡക്ഷന്‍ മാസെറാറ്റി ഗിബ്ലി ഹൈബ്രിഡ് പുറത്തിറക്കാന്‍ കഴിയുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. 2019 നും 2021 നുമിടയില്‍ ആകെ 12 മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ വികസിപ്പിക്കുകയാണ് മാസെറാറ്റിയുടെ മാതൃ കമ്പനിയായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന്റെ (എഫ്‌സിഎ) ലക്ഷ്യം. മാസെറാറ്റി, ആല്‍ഫ റോമെയോ കാറുകള്‍ ഇതിലുള്‍പ്പെടും.

മെഴ്‌സേഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നീ ജര്‍മന്‍ ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളോ കണ്‍സെപ്റ്റുകളോ ഇതിനകം അവതരിപ്പിച്ചിരുന്നു. തങ്ങളുടെ ആദ്യ പൂര്‍ണ്ണ വൈദ്യുത വാഹനം എക്‌സ്‌സി40 ഇലക്ട്രിക് ആയിരിക്കുമെന്ന് ഈയിടെയാണ് വോള്‍വോ പ്രഖ്യാപിച്ചത്.

ചിത്രം : മാസെറാറ്റി ഗിബ്ലി

Comments

comments

Categories: Auto