പ്രധാനമന്ത്രി റിയാദിലിറങ്ങിയേക്കും

പ്രധാനമന്ത്രി റിയാദിലിറങ്ങിയേക്കും

വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയുടെയും ജാംനഗറിലെ റിലയന്‍സ് റിഫൈനറിക്ക് എണ്ണ നല്‍കാനുള്ള കരാറിന്റെയും തടസങ്ങള്‍ നീക്കും

ന്യൂഡെല്‍ഹി: യുഎസ് സന്ദര്‍ശനം കഴിഞ്ഞ് രാജ്യത്തേക്ക് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും അരാംകോയുമായുള്ള സുപ്രധാന എണ്ണ കരാറുകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുമായി തലസ്ഥാനമായ റിയാദില്‍ ഇറങ്ങിയേക്കുമെന്ന് സൂചന. സൗദി അരാംകോ നിര്‍ണായക ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ 44 ബില്യണ്‍ ഡോളറിന്റെ വെസ്റ്റ് കോസ്റ്റ് എണ്ണ ശുദ്ധീകരണ പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കും. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നാണ് സൂചന. അരാംകോയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രോജക്റ്റ് എന്നറിയപ്പെടുന്ന രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ്.

കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ കെമിക്കല്‍സ് ആന്‍ഡ് റിഫൈനറി ബിസിനസിന്റെ 20% ഓഹരികള്‍ അരാംകോയ്ക്ക് വില്‍ക്കാനുള്ള 15 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് ഒരുങ്ങുന്നുമുണ്ട്. ഇതിനനുബന്ധമായി റിലയന്‍സിന്റെ ജാംനഗറിലുള്ള ഇരട്ട റിഫൈനറിയിലേക്ക് അഞ്ചു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വിതരണം ചെയ്യാമെന്ന് അരാംകോ സമ്മതിച്ചിട്ടുണ്ട്. മോദിയുടെ വ്യക്തിപരമായ ഇടപെടല്‍ വഴി ഈ രണ്ട് പദ്ധതികളും ഉടനെ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.

ഈ മാസം 14 ന് സൗദിയിലെ പൊതുമേഖലാ എണ്ണ കമ്പനിയായ സൗദി അരാംകോ കേന്ദ്രങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണം സൗദി അറേബ്യയുടെ ആഗോളതലത്തിലെ എണ്ണ വിതരണത്തില്‍ അഞ്ചു ശതമാനത്തിന്റെ കുറവുണ്ടാക്കിയിരുന്നു. എന്നാല്‍ എണ്ണ വിതരണത്തില്‍ തടസങ്ങളുണ്ടാകില്ലെന്ന് സൗദി ഇന്ത്യക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അസംസ്‌കൃത എണ്ണയുടെയും എല്‍പിജിയുടെയും ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിതരണക്കാരാണ് സൗദി. 2018 സാമ്പത്തിക വര്‍ഷം 36.8 ദശലക്ഷം ടണ്‍ എണ്ണയാണ് സൗദിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ആകെ എണ്ണ ഇറക്കുമതിയുടെ 16.7% വരും ഇത്.

കശ്മീര്‍ നയതന്ത്രം

പ്രധാനമന്ത്രിയുടെ അടിയന്തര സന്ദര്‍ശനത്തിന് പിന്നില്‍ കശ്മീര്‍ വിഷയവും ഉണ്ടെന്ന് സൂചന. സൗദിയെ ഇന്ത്യക്കെതിരെ തിരിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കിണഞ്ഞു ശ്രമിക്കുന്ന സാഹചര്യത്തിലാണിത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമാനത്തിലാണ് ഇമ്രാന്‍ ഖാന്‍ യുഎന്‍ സമ്മേളനത്തിനെത്തിയത്. എങ്കിലും ഇതുവരെ ഇന്ത്യയുടെ കശ്മീര്‍ തീരുമാനത്തെ തള്ളിപ്പറയാന്‍ സൗദി തയാറായിട്ടില്ല.

Categories: FK News, Slider