മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10-ന് 90 കോടി ബംപറടിച്ചു

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10-ന് 90 കോടി ബംപറടിച്ചു

മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിന്‍ഡോസ് 10 ഒരപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 900 ദശലക്ഷം ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് വിന്‍ഡോസ് 10 ഒഎസ് ആണെന്നതാണ് ആ നേട്ടം. 2020-ന്റെ ആദ്യ പാദത്തില്‍ 100 കോടി എന്ന സ്വപ്‌നനേട്ടം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ 50 ശതമാനവും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 ഒഎസ്സാണ്. ഇതിനു പുറമേ ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഹോളോ ലെന്‍സ്, എക്‌സ്‌ബോസ് വണ്‍ എന്നീ ഉപകരണങ്ങളിലും ഉപയോഗിക്കുന്നു.

ഒരു ബില്യണ്‍ (100 കോടി) എന്ന ലക്ഷ്യത്തോട് അടുക്കുകയാണു മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിംഗ് സോഫ്റ്റ്‌വെയറായ (ഒഎസ്) വിന്‍ഡോസ് 10. ഇപ്പോള്‍ 900 മില്യന്‍ (90 കോടി) ഉപകരണങ്ങളില്‍ വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്നതായിട്ടാണു കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചത്. 800 മില്യനില്‍നിന്നും വന്‍ കുതിച്ചുചാട്ടമാണു വെറും ആറ് മാസങ്ങള്‍ കൊണ്ട് ഉണ്ടായതെന്നു കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് മാസമായിരുന്നു 800 മില്യനിലെത്തിയത്. 2015-ലാണു മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 അവതരിപ്പിച്ചത്. 2018 സെപ്റ്റംബറില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്ന ഡിവൈസുകള്‍ 700 മില്യനിലെത്തിയിരുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ടാബ്‌ലെറ്റ്, ഹോളോ ലെന്‍സ്, Xbox One (മൈക്രോസോഫ്റ്റ് വികസിപ്പിച്ച വീഡിയോ ഗെയിം കണ്‍സോള്‍) ഉള്‍പ്പെടെയുള്ള ഉപകരണങ്ങളിലാണ് വിന്‍ഡോസ് 10 ഉപയോഗിക്കുന്നത്. വിന്‍ഡോസ് 10 കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതായുള്ള കമ്പനി റിപ്പോര്‍ട്ട് വിന്‍ഡോസ് 7-ന്റെ യുഗം അവസാനിക്കുകയാണെന്നതിനുള്ള തെളിവ് കൂടിയായിട്ടാണു വേണം കരുതാന്‍. 2020 ജനുവരിയോടെ വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനാണു മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വിന്‍ഡോസ് 10 ഉപയോഗിക്കുന്ന ഡിവൈസുകളുടെ എണ്ണം 800 മില്യനിലെത്തി വെറും ആറ് മാസം തികഞ്ഞപ്പോഴാണ് 900 മില്യനിലെത്തിയതെന്നു കമ്പനി പറയുന്നു. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ 100 കോടിയിലെത്താന്‍ ഇനി ആറ് മാസം മാത്രം മതിയാകുമെന്നും കമ്പനി പറയുന്നു. 900 മില്യന്‍ എന്നത് വലിയൊരു സംഖ്യയാണ്. ലോകത്തെ 90 കോടി ഉപകരണങ്ങളില്‍ മൈക്രോസോഫ്റ്റിന്റെ ഒഎസ്സായ വിന്‍ഡോസ് 10 ഉപയോഗിക്കുന്നുണ്ടെന്നത് വലിയ കാര്യവുമാണ്. പക്ഷേ, മൈക്രോസോഫ്റ്റ് ഈ നേട്ടം കൈവരിച്ചത് വൈകിയാണെന്നാണു വിലയിരുത്തപ്പെടുന്നത്. കാരണം 2015-ലാണു വിന്‍ഡോസ് 10 പുറത്തിറക്കിയത്. 2018 മധ്യത്തോടെ ഒരു ബില്യന്‍ (100) എന്ന സ്വപ്‌ന നേട്ടത്തിലെത്തുമെന്നു മൈക്രോസോഫ്റ്റ് കണക്കുകൂട്ടുകയും ചെയ്തിരുന്നു. പക്ഷേ, 2019 അവസാനിക്കാന്‍ ഇനി വെറും മൂന്ന് മാസങ്ങള്‍ മാത്രമുള്ളപ്പോഴും ഒരു ബില്യന്‍ എന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ആ നേട്ടം കൈവരിക്കാന്‍ 10 കോടിയുടെ കുറവ് ഉണ്ട്.

വിന്‍ഡോസ് 10

വിന്‍ഡോസ് 8.1 ന്റെ പിന്‍ഗാമിയായിട്ടാണ് വിന്‍ഡോസ് 10 രംഗത്തുവന്നത്. 2015 ജുലൈ 15-നാണ് വിന്‍ഡോസ് 10 ആദ്യമായി റിലീസ് ചെയ്തത്. അതേ വര്‍ഷം ജുലൈ 29ന് വിപണിയില്‍ ലഭ്യമാവുകയും ചെയ്തു. വിന്‍ഡോസ് 10ന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നായി ഉയര്‍ത്തിക്കാണിക്കുന്നത്, അതിന് എല്ലാ യൂണിവേഴ്‌സല്‍ ആപ്പുകളെയും (universal apps) സപ്പോര്‍ട്ട് ചെയ്യുവാന്‍ സാധിക്കുമെന്നതാണ്. യൂണിവേഴ്‌സല്‍ ആപ്പ് എന്നത് മെട്രോ സ്റ്റൈല്‍ ആപ്പുകളുടെ ഒരു വിപുലീകരിച്ച രൂപമാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെ വ്യത്യസ്ത ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനുകളാണു മെട്രോ സ്‌റ്റൈല്‍ അപ്ലിക്കേഷനുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്ത ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന രീതിയിലാണു മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഒഎസിനെ രൂപകല്‍പന ചെയ്തത്. എന്നാല്‍ വിന്‍ഡോസ് 10 ഒഎസുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്തിയില്ല. ആന്‍ഡ്രോയ്ഡും, ആപ്പിളിന്റെ ios -ും കളം വാഴുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിന്‍ഡോസ് 10ന് പിടിച്ചു നില്‍ക്കാനായില്ല. ഇതേ തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍നിന്നും വിന്‍ഡോസ് 10നെ പിന്‍വലിക്കുകയാണെന്നു മൈക്രോസോഫ്റ്റ് 2017-ല്‍ പ്രഖ്യാപിച്ചു. 2019-ല്‍ വിന്‍ഡോസ് ഫോണ്‍ ഉല്‍പാദനം അവസാനിപ്പിക്കുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 7 എന്ന ഒഎസ് വന്‍ ജനപ്രീതിയാര്‍ജ്ജിച്ച ഒഎസ്സായിരുന്നു. ഇന്ന് ഉപയോഗിക്കുന്ന പത്ത് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ മൂന്നെണ്ണം വിന്‍ഡോസ് 7 ഒഎസ്സാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009 ഒക്ടോബര്‍ 22-നായിരുന്നു ഈ ഒഎസ് വിപണിയില്‍ ലഭ്യമായി തുടങ്ങിയത്. വിന്‍ഡോസ് 7 ഒഎസിനുള്ള സപ്പോര്‍ട്ട് 2020 ജനുവരി 14-ന് അവസാനിപ്പിക്കുമെന്നു കമ്പനി അറിയിച്ചതാണ് ഇപ്പോള്‍ വിന്‍ഡോസ് 10 ഒഎസ് 90 കോടി ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന തലത്തിലേക്ക് എത്താനുള്ള ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വിന്‍ഡോസ് 7 വഴിമാറും

വിന്‍ഡോസ് 10 കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ മൈക്രോസോഫ്റ്റ് വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. വിന്‍ഡോസ് 10 പുറത്തിറക്കിയ ആദ്യ കാലങ്ങളില്‍ ഈ പതിപ്പിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരവും കമ്പനി നല്‍കിയിരുന്നു. എങ്കിലും വിന്‍ഡോസ് 7-നോട് പലര്‍ക്കും ‘ബൈ’ പറയാന്‍ മടിയായിരുന്നു. ഒരു പക്ഷേ ഉപയോഗിച്ച് അതുമായി കൂടുതല്‍ ഇണങ്ങിയതു കൊണ്ടാവാം വിന്‍ഡോസ് 7 ഉപേക്ഷിക്കാന്‍ പലരും മടി കാണിക്കുന്നത്.
ഇന്ന് പ്രചാരത്തിലുള്ള പത്ത് പേഴ്‌സണല്‍ കമ്പ്യൂട്ടറെടുത്താല്‍ അതില്‍ മൂന്നെണ്ണമെങ്കിലും വിന്‍ഡോസ് 7 ഒഎസ്സായിരിക്കും ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ഒഎസ്സ് ഉപയോഗിക്കുന്നവര്‍ ഉടന്‍ വിന്‍ഡോസ് 10 -ലേക്കു മാറേണ്ടി വരും. കാരണം 2020 ജനുവരി 14നു ശേഷം വിന്‍ഡോസ് 7ന് സെക്യൂരിറ്റി അപ്‌ഡേറ്റ് ലഭ്യമാകില്ലെന്നതു തന്നെ കാരണം. സുരക്ഷയില്ലാത്ത കമ്പ്യൂട്ടറുകള്‍ക്കെതിരേ സൈബര്‍ കുറ്റവാളികള്‍ക്ക് എളുപ്പം ആക്രമണം നടത്തുവാനും സാധിക്കും. ഇനി വിന്‍ഡോസ് 7 ഇല്ലാതെ പറ്റില്ലെന്ന സാഹചര്യമാണെങ്കില്‍ സുരക്ഷയ്ക്കായി മാത്രം മൈക്രോസോഫ്റ്റിന് പ്രതിവര്‍ഷം ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന നിരക്കില്‍ 200 ഡോളര്‍ വീതം ഫീസായി നല്‍കേണ്ടി വരും. ഈ ഫീസ് ഓരോ വര്‍ഷം കഴിയുമ്പോഴും കൂടി കൂടി വരികയും ചെയ്യും.

വിന്‍ഡോസ് 10 ലേക്കുള്ള അപ്‌ഗ്രേഡ് ചെലവേറിയതാകും

വിന്‍ഡോസ് 10 ഒഎസ്സ് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നു കമ്പനി പറയുന്നുണ്ടെങ്കിലും വിന്‍ഡോസ് 7-ല്‍നിന്നും 10-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് ചെലവേറിയതാകുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡോസ് 10 ഹോം എഡിഷന് 119.99 പൗണ്ട് (ഏകദേശം 10,515 രൂപ) ആകും. ഈ തുകയിലൂടെ ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 ഹോം എഡിഷന്‍ ഉപയോഗിക്കാനുള്ള ലൈസന്‍സാണ് ലഭിക്കുക. വിന്‍ഡോസ് 10 ‘പ്രോ’ യിലേക്കു വരുമ്പോള്‍ വില വീണ്ടും വര്‍ധിച്ച് 219.99 പൗണ്ട് ആകും. വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിന്‍ഡോസ് 10-ലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മൈക്രോസോഫ്റ്റ് എന്തെങ്കിലും വിലക്കുറവുകളോ ആനുകൂല്യങ്ങളോ ലഭ്യമാക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. 2009 ഒക്ടോബര്‍ 22ന് വിന്‍ഡോസ് 7 വിപണിയിലെത്തിച്ചപ്പോള്‍ പത്ത് വര്‍ഷത്തെ പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു തങ്ങളെന്നും ഇപ്പോള്‍ കാലാവധി അവസാനിക്കുന്നതിനാല്‍ വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് ഇനി തുടരാനാവില്ലെന്നുമാണു മൈക്രോസോഫ്റ്റ് വിശദീകരിച്ചത്. ഈ 10 വര്‍ഷത്തെ കാലയളവ് അവസാനിക്കുമ്പോള്‍, മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 നുള്ള പിന്തുണ നിര്‍ത്തലാക്കും, അതുവഴി പുതിയ സാങ്കേതികവിദ്യകളെയും മികച്ച പുതിയ അനുഭവങ്ങളെയും പിന്തുണയ്ക്കുന്നതില്‍ നിക്ഷേപം കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.

Comments

comments

Categories: Top Stories