5ജി ലേലം നീട്ടണമെന്ന് ജിയോയും

5ജി ലേലം നീട്ടണമെന്ന് ജിയോയും

എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും ഉന്നയിച്ച ആവശ്യത്തോട് യോജിച്ച് റിലയന്‍സ്

ന്യൂഡെല്‍ഹി: 5ജി സ്‌പെക്ട്രത്തിന്റെ ലേലം 2021 ലേക്ക് മാറ്റിവെക്കണമെന്ന് റിലയന്‍സ് ജിയോയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടെലികോം കമ്പനികള്‍ 5ജി പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതു വരെ ലേലം നടത്തരുതെന്നാണ് ആവശ്യം. 4ജി, 5ജി സ്‌പെക്ട്രങ്ങള്‍ എത്രയും വേഗം ലംലം ചെയ്യണമെന്ന മുന്‍ നിലപാടില് നിന്നുള്ള പിന്‍വലിയലാണിത്. 5ജി സ്‌പെക്ട്രത്തിന്റെ വില ഏറെ കൂടുതലാണെന്നും ഇത് ഉപയോഗിക്കാവുന്ന സാഹചര്യം നിലവിലില്ലാത്തതിനാല്‍ ആരും വാങ്ങാന്‍ താല്‍പ്പര്യപ്പെട്ടേക്കില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. ടെലികോം വമ്പന്‍മാരും എതിരാളികളുമായ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും സമാനമായ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. ഡാറ്റ സേവനങ്ങള്‍ മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി ശേഷിക്കുന്ന 4ജി സ്‌പെക്ട്രം എത്രയും വേഗം ലേലം ചെയ്യണമെന്നും ജിയോ ആവശ്യപ്പെടുന്നുണ്ട്. 4ജി സ്‌പെക്ട്രം ഉടന്‍ ലേലം ചെയ്യണമെന്ന് എയര്‍ടെല്‍ ആവശ്യപ്പെടുമ്പോള്‍ എല്ലാ ലേലും മാറ്റിവെക്കണമെന്നാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുടെ നിലപാട്. 5ജി സ്‌പെക്ട്രത്തിന്റെ വില കൂടുതലാണെന്നും വാങ്ങിക്കാന്‍ ഉദ്ദേശ്യമില്ലെന്നും എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും വ്യക്തമാക്കിയിട്ടുണ്ട്.

4ജി, 5ജി തരംഗങ്ങള്‍ ഈ വര്‍ഷം ഡിസംബറിലോ 2020 ന്റെ തുടക്കത്തിലോ ലേലം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും 5 ജി പരീക്ഷണങ്ങള്‍ നടത്താന്‍ ഇതുവരെ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്, സ്‌പെക്ട്രം അനുവദിച്ചിട്ടില്ല. സ്‌പെക്ട്രം വില സംബന്ധിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാര്‍ശകളും ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിച്ചിട്ടില്ല. 3.3-3.6 ജിഗാഹെര്‍ട്‌സ് ബാന്‍ഡുകളില്‍ 5ജി തരംഗങ്ങള്‍ക്ക് ഒരു മെഗാഹെര്‍ട്ടിന് 492 കോടി രൂപയാണ് അടിസ്ഥാന വിലയായി ട്രായ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 100 മെഗാഹെര്‍ട്‌സ് തരംഗങ്ങള്‍ക്ക് ഏകദേശം 50,000 കോടി രൂപ കമ്പനികള്‍ നല്‍കേണ്ടി വരും.

Comments

comments

Categories: Business & Economy, Slider
Tags: 5G, Jio