സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്താം

സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്താം

എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള കമ്പനികളുടെ സ്വകാര്യവല്‍ക്കരണ പ്രക്രിയ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഓഹരി മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തെ കൊണ്ട് എടുപ്പിക്കുന്ന സാഹസത്തിന് ശ്രമിക്കുകയുമരുത്

പല പൊതുമേഖല കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി അനിശ്ചിതത്വത്തിലേക്ക് നീങ്ങിയപ്പോള്‍ എല്‍ഐസിയെ രക്ഷകവേഷത്തിലെത്തിച്ച അസാധാരണ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകാലമായി നടത്തിവരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് നിരവധി സംരംഭങ്ങളില്‍ നിക്ഷേപമുണ്ട് താനും. എന്നാല്‍ നേരത്തെ പറഞ്ഞ രക്ഷകവേഷങ്ങള്‍ വേണ്ടത്ര ഫലവത്തായോ അതോ എല്‍ഐസിക്ക് ബാധ്യതയായോ എന്ന കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

കടബാധ്യതയും നഷ്ടവും കുമിഞ്ഞുകൂടി, പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചുള്ള പരിഷ്‌കരണമാണ് നിലവില്‍ ഏറ്റവും അഭികാമ്യം. ഒരു പൊതുമേഖല സ്ഥാപനത്തിന്റെ ഓഹരി മറ്റൊരു പൊതുമേഖല സ്ഥാപനത്തെക്കൊണ്ട് എടുപ്പിച്ചതുകൊണ്ട് അടിസ്ഥാനപരമായ മാറ്റം സാധ്യമല്ലെന്നാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മല്‍സരക്ഷമതയോട് കൂടിയ ആധുനിക സംരംഭങ്ങളെ പടുത്തുയര്‍ത്താന്‍ അത്തരമൊരു രീതി ഇന്നത്തെ സാഹചര്യത്തില്‍ തീരെ ഉചിതവുമല്ല. ഒരു സര്‍ക്കാര്‍ കമ്പനിയുടെ ഓഹരി മറ്റൊരു സര്‍ക്കാര്‍ കമ്പനിക്ക് വിറ്റ് അതിനെ സ്വകാര്യവല്‍ക്കരണം എന്ന് വിളിക്കുന്നതിനോട് പ്രധാനമന്ത്രിയുടെ ഓഫീസിനും കാര്യമായ അതൃപ്തിയുണ്ടെന്നാണ് സൂചന. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തെ ഒഎന്‍ജിസിയെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള തീരുമാനമെല്ലാം അത്തരത്തിലുള്ളതായിരുന്നു.

സാമ്പത്തിക മന്ദത അതിജീവിക്കുന്നതിനായി നിരവധി വലിയ പരിഷ്‌കരണങ്ങള്‍ അടുത്തിടെ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കണം. ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്ടോ മൂന്നോ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. ഇതിലൂടെ 2020 മാര്‍ച്ചിന് മുമ്പ് 60,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ലോജിസ്റ്റിക്‌സ് സംരംഭമായ കണ്ടെയ്‌നര്‍ കോര്‍പ്പ് ഓഫ് ഇന്ത്യ ലിമിറ്റഡ്, വിമാന കമ്പനിയായ എയര്‍ ഇന്ത്യ തുടങ്ങിയവയുടെ പ്രധാന ഓഹരികളായിരിക്കും വില്‍ക്കുക. എന്നാല്‍ ഇത് നിശ്ചയിച്ച സമയത്തിനുള്ളില്‍ നടക്കുമോയെന്നതാണ് വിഷയം.

ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ ഏതെങ്കിലും ബഹുരാഷ്ട്ര വിദേശ കമ്പനി ഏറ്റെടുക്കാനുള്ള സാധ്യതകളുമുണ്ടെന്നാണ് വിവരം. ഷെല്‍, ടോട്ടല്‍, അരാംകോ തുടങ്ങിയ വമ്പന്മാര്‍ക്ക് ബിപിസിഎല്ലില്‍ താല്‍പ്പര്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തെ ഏറ്റവും ലാഭമുള്ള, ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോ ഇന്ത്യയില്‍ സജീവ സാന്നിധ്യമാകാനുള്ള തയാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് സാധ്യമാകണമെങ്കില്‍ സ്വകാര്യവല്‍ക്കരണലക്ഷ്യങ്ങള്‍ യഥാസമയത്ത് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ഭരണ കാലയളവില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള പദ്ധതി സജീവമായിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. അപ്രായോഗികമായ നിബന്ധനകളായിരുന്നു സര്‍ക്കാരിന്റേതെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. ഒരു നിശ്ചിത ശതമാനം ഓഹരി സര്‍ക്കാരിന്റെ പക്കല്‍ വെച്ചുള്ള സമവാക്യമായിരുന്നു മുന്നോട്ടുവെച്ചത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ദേശീയ വിമാന കമ്പനിയുടെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വില്‍ക്കാനാണ് സാധ്യത. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ നിര്‍ണായകമായിത്തീരുന്നതും എയര്‍ ഇന്ത്യയുടെ വിഷയം തന്നെയായിരിക്കും.

എയര്‍ലൈനിന്റെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് യാതൊരുകാരണവശാലും പിന്നോട്ടുപോകില്ലെന്ന് അടുത്തിടെ വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ മൊത്തത്തിലുള്ള ബാധ്യത ഏകദേശം 60,000 കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Categories: Editorial, Slider