ബിസിനസില്‍ പ്രധാനം സാമ്പത്തിക അടിത്തറ

ബിസിനസില്‍ പ്രധാനം സാമ്പത്തിക അടിത്തറ

നൂറ് രൂപ വരുമാനം ലഭിക്കുമ്പോള്‍ ഇരുന്നൂറ് രൂപയുടെ ചെലവ് മനസ്സില്‍ കാണുന്ന സംരംഭകനാണോ നിങ്ങള്‍ ? എങ്കില്‍ ബിസിനസ് നിങ്ങള്‍ യോജിച്ച തൊഴിലല്ലെന്ന് മനസിലാക്കേണ്ട സമയമായി. ബിസിനസില്‍ എന്നും പ്രധാനം സാമ്പത്തിക അടിത്തറയുണ്ടാക്കിയെടുക്കുക എന്നതാണ്. സര്‍ക്കാര്‍ വായ്പ്പയെടുത്തും മറ്റ് വ്യക്തിപരമായ ഉറവിടങ്ങളില്‍ നിന്നും പണം കണ്ടെത്തിയുമെല്ലാം ബിസിനസ് തുടങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരത്തില്‍ തുടങ്ങുന്ന ബിസിനസിനോട് സംരംഭകന് ഒരു കടപ്പാടുണ്ടായിരിക്കണം. ബിസിനസ് നടത്തിപ്പും വിജയവും തന്റെ ഉത്തരവാദിത്വമായി മനസിലാക്കിവേണം സംരംഭകലോകത്ത് മുന്നോട്ട് പോകുവാന്‍. ഇതില്‍ പ്രധാനം വരവറിഞ്ഞു ചെലവഴിക്കുക എന്നതാണ്. ഫണ്ട് മാനേജ്‌മെന്റ് എന്നത് ഒരു ഭാരിച്ച ഇത്തരവാദിത്വം തന്നെയാണ്. അകൗണ്ടിംഗ് വിദഗ്ധരുടെ ചുമലില്‍ എല്ലാ ഭാരവും ഏല്‍പ്പിച്ച് സിഇഒ കസേരയില്‍ ആശ്വാസത്തോടെ ഇരിക്കാമെന്ന തോന്നല്‍ ഒഴിവാക്കണം. സംരംഭം പ്രവര്‍ത്തനമാരംഭിച്ചശേഷമുള്ള ആദ്യവര്‍ഷങ്ങള്‍ എല്ലാ മേഖലകളിളിലും സംരംഭകന്റെ ശ്രദ്ധ നേരിട്ടെത്തണം. സ്ഥാപനത്തിലെ നടത്തിപ്പ്, പര്‍ച്ചേസിംഗ് , കോസ്റ്റ് അകൗണ്ടിംഗ്, ലാഭ നഷ്ടങ്ങള്‍ എന്നിവയെല്ലാം അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പമിരുന്ന് മനസിലാക്കിയെടുക്കാനുള്ള മനസുണ്ടായിരിക്കണം. ബിസിനസില്‍ സാമ്പത്തിക അടിത്തറയുണ്ടാക്കിയെടുക്കുന്നതിനായി ചിട്ടയായ ഈ 7 നിര്‍ദേശങ്ങള്‍ സംരംഭകനെ സഹായിക്കും

‘നീണ്ട 20 വര്‍ഷം മണലാരണ്യത്തില്‍ ജോലി ചെയ്തശേഷം അതുവരെയുള്ള സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി നാട്ടിലേക്കെത്തിയതാണ് മലപ്പുറം സ്വദേശിയായ ഫൈസല്‍. ദുബായില്‍ ചെയ്തുകൊണ്ടിരുന്നത് വാള്‍ പേപ്പറുകളുടെ ജോലിയായിരുന്നു. മനോഹരങ്ങളായ വാള്‍ പേപ്പറുകള്‍ കൊണ്ട് അതിമനോഹരമായി മുറികള്‍ അലങ്കരിക്കുമായിരുന്ന ഫൈസല്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ നാട്ടില്‍ എന്തെങ്കിലും ജോലി ചെയ്ത വരുമാനം കണ്ടെത്തണം എന്ന ചിന്ത മാത്രമാണ് മനസിലുണ്ടായിരുന്നത്. നാട്ടിലെത്തിയപ്പോഴാണ് മനസിലായത് ഇവിടുത്തെ ബിസിനസ് സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നീണ്ട 2 പതിറ്റാണ്ടുകാലം നാട്ടിലില്ലാതിരുന്നതിനാല്‍ പുതിയ ബിസിനസുകളെക്കുറിച്ചൊന്നും വലിയ ഗ്രാഹ്യമില്ല. ആകെ അറിയാവുന്നത് വാള്‍ പേപ്പര്‍ ഉപയോഗിച്ചുള്ള ഇന്റീരിയര്‍ ഡിസൈനിംഗ് ആണ്. എങ്കില്‍ പിന്നെ തന്റെ സംരംഭം ആ രംഗത്ത് തന്നെ ആവട്ടെ എന്ന തീരുമാനത്തില്‍ സ്വരുക്കൂട്ടി വച്ചിരുന്ന സമ്പാദ്യത്തിന്റെ നല്ലൊരു വിഹിതം ചെലവഴിച്ച് ഒരു സ്ഥാപനം ആരംഭിച്ചു. മികച്ച ഗുണനിലവാരമുള്ള വല്ല പേപ്പറുകള്‍ ബംഗളുരുവില്‍ നിന്നുമെടുത്ത് സ്റ്റോക്ക് ചെയ്തു. ഉപഭോക്താക്കള്‍ക്ക് ട്രെന്‍ഡ് മനസിലാകുന്നതിനായി ഒരു ഗാലറി തയ്യാറാക്കി. തനിക്കൊറ്റക്ക് ജോലി ചെയ്തു പൂര്‍ത്തിയാക്കാനാവില്ലെന്ന് കരുതി കുറച്ചു പേരെ ജോലിക്കെടുത്ത് പരിശീലനവും നല്‍കി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പണം വിനിയോഗിച്ചു. തുടക്കകത്തില്‍ വലിയ കച്ചവടമൊന്നും ഉണ്ടായിരുന്നില്ല. ക്രമേണ കച്ചവടം വരുമെന്ന പ്രതീക്ഷയില്‍ തൊഴിലാളികളെ സംരക്ഷിച്ചു പോന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നേട്ടമുണ്ടായില്ല. കടയില്‍ കെട്ടിക്കിടക്കുന്ന സ്റ്റോക്കും തൊഴില്‍ ഇല്ലാത്ത തൊഴിലാളികളും മാത്രം ബാക്കി. ഇത് തനിക്ക് പറ്റിയ ബിസിനസ്സല്ല എന്ന് ഫൈസല്‍ മനസിലാക്കിയപ്പോഴേക്കും ബാങ്ക് ബാലന്‍സ് ഭൂരിഭാഗവും കഴിഞ്ഞിരുന്നു. നാട്ടില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നതോടെ ഫൈസല്‍ വീണ്ടും മണലാരണ്യത്തിലേക്ക് തന്നെ തിരിച്ചു’

ഇത് ഫൈസലെന്ന ഒരു സംരംഭകന്റെ മാത്രം കഥയല്ല. ഇടംവലം നോക്കാതെ ബിസിനസിലേക്ക് പണമിറക്കുന്ന യുവജനങ്ങളുടെ ഒരു പ്രതീകം മാത്രമാണ് ഫൈസല്‍. വിപണി സാധ്യത വിലയിരുത്താതെ ബിസിനസ് ആരംഭിച്ചതാണ് ഫൈസലിന് പറ്റിയ ആദ്യത്തെ തെറ്റ്. വാള്‍പേപ്പറുകള്‍ക്ക് കേരളത്തില്‍ വിപണിയുണ്ടോ ഇല്ലയോ എന്ന് പഠിക്കുകയായിരുന്നു ഫൈസല്‍ ആദ്യം ചെയ്യേണ്ടത്. ബിസിനസ് തുടങ്ങിയ ഉടനെ തന്നെ കൂടുതല്‍ തുക നിക്ഷേപിച്ചതാണ് രണ്ടാമത്തെ തെറ്റ്. വിപണിയുടെ ആവശ്യം കണ്ടറിഞ്ഞു മാത്രമേ നിക്ഷേപം കൊണ്ടുവരാന്‍ പാടുള്ളു എന്ന തത്വം ഫൈസല്‍ അറിയാതെ പോയി. കച്ചവടം നഷ്ടത്തിലായിട്ടും ഉല്‍പ്പാദനക്ഷമതയില്ലാത്ത ജീവനക്കാരെ കൂടെ നിര്‍ത്തി എന്നതാണ് ഫൈസല്‍ ചെയ്ത മൂന്നാമത്തെ തെറ്റ്. ഒപ്പം ഫണ്ട് മാനേജ്‌മെന്റില്‍ വന്ന വീഴ്ചയും ഫൈസലെന്ന സംരംഭകന്റെ തകര്‍ച്ചക്ക് ഇടയാക്കി. ഇത്തരത്തില്‍ ബിസിനസ് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാതിരിക്കണമെങ്കില്‍ മികച്ച ഒരു സാമ്പത്തിക അടിത്തറയുണ്ടാക്കേണ്ടത് അനിവാര്യമായിരുന്നു.

1 . സ്ഥാപനത്തില്‍ എന്ത് നടക്കുന്നു എന്നറിയുക

സ്വന്തം സ്ഥാപനത്തെ അടുത്തറിയുക എന്നതാണ് ഏറ്റവും അനിവാര്യമായ കാര്യം. നിങ്ങളുടെ സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, ആ സ്ഥാപനത്തെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളും ഉടമ എന്ന നിലയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. വിവിധങ്ങളായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനായി വകുപ്പുമേധാവികള്‍ ഉണ്ടെന്നു കരുതി എല്ലാ നിയന്ത്രണവും അവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുത്. തന്റെ സ്ഥാപനത്തെ താന്‍ സ്‌നേഹിക്കുന്നത് പോലെ മറ്റാരും സ്‌നേഹിക്കില്ലെന്നു ആദ്യമേ മനസിലാക്കുക. അതിനാല്‍ ആരെയും അമിതമായി വിശ്വാസത്തിലെടുക്കരുത്. എന്ന് കരുതി തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതിരിക്കുകയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുന്നത് ആശാസ്യമല്ല. എന്ത് കാര്യത്തിലും തന്റെ കണ്ണെത്തുന്നുണ്ട് എന്ന ചിന്ത സ്ഥാപനത്തിലുള്ളവര്‍ക്ക് ബോധ്യപ്പെട്ടാല്‍ തന്നെ പകുതിപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. പല ബിസിനസുകാരും തങ്ങള്‍ ഗുരുതരമായ പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. കാരണം സ്ഥാപനത്തില്‍ എന്തെല്ലാമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കാതെ ലാഭത്തില്‍ മാത്രം കണ്ണുംനട്ടാണ് ഇക്കൂട്ടരുടെ ഇരുപ്പ്

2. വരവ് ചെലവുകള്‍ അറിഞ്ഞിരിക്കുക

ഒരു രൂപ സ്ഥാപനത്തില്‍ അധിക ചെലവ് വന്നാല്‍ പോലും മനസിലാക്കാന്‍ കഴിവുള്ളവരാണ് മികച്ച സംരംഭകര്‍. എല്ലാ മാസവും കൃത്യമായി സഥാപനത്തിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചിരിക്കണം. വര്‍ഷങ്ങളായി ബിസിനസ് നടത്തുന്ന പലര്‍ക്കും ചില സീസണില്‍ ബിസിനസ് കുറവായിരിക്കും. ആ മാസത്തെ വില്‍പ്പന നഷ്ടം എത്രയായിരിക്കുമെന്ന് നമ്മള്‍ ചോദിച്ചാല്‍ അവര്‍ മിക്കവാറും ഒരു ഊഹം വച്ച് സംസാരിക്കും. ഇത് ശരിയായ നടപടിയല്ല. കേരളത്തിലെ ഒട്ടുമിക്ക സംരംഭകരും ഇപ്പോള്‍ ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്. ഓരോ മാസത്തെയും നഷ്ടമെത്ര, ലാഭമെത്ര, വര്‍ഷങ്ങളായുള്ള അതിന്റെ പാറ്റേണ്‍ എന്താണ് എന്നതിനെ കുറിച്ചൊന്നും വ്യക്തത പലര്‍ക്കുമില്ല.ഫണ്ട് മാനേജ്‌മെന്റ് പലപ്പോഴും പാളിപ്പോകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ലാഭം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപത്തുക അമിതമായി ചെലവിടുന്നതും നൂറ് രൂപ ലാഭം കിട്ടുമ്പോള്‍ 200 രൂപയുടെ ചെലവുണ്ടാക്കുന്നതുമെല്ലാം തെറ്റായ പ്രവണതയാണ്. ആവശ്യങ്ങള്‍ അറിഞ്ഞു മാത്രം ധനവിനിയോഗം നടത്തുക. പര്‍ച്ചേസ് ആവശ്യമായി വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ ചെലവ് അനിവാര്യമാണോ അല്ലയോ എന്ന് സ്വയം വിലയിരുത്തുക

3. ഓവര്‍ ഡ്രാഫ്റ്റുകള്‍ ഓവറാകരുത്

കയ്യില്‍ പണം ഇല്ലാതെ വരുന്ന അവസ്ഥയില്‍ വായ്പയെടുക്കുക പതിവാണ്. ഇത്തരത്തില്‍ സംരംഭത്തിന് അകൗണ്ടുള്ള ബാങ്കില്‍ നിന്നും ഓവര്‍ ഡ്രാഫ്റ്റ് വഴി പണം സ്വീകരിക്കാം. എന്നാല്‍ ഒരു കാര്യം മനസിലാക്കുക ഓവര്‍ ഡ്രാഫ്റ്റ് വഴി നാമെടുക്കുന്ന പണം നമ്മുടെ സ്വന്തമല്ല. ഈ പണം ബാങ്കിന് തിരികെ കൊടുക്കണം. അതായത് ഓവര്‍ ഡ്രാഫ്റ്റ് ഒരു ബാധ്യതയാണ്. ഇന്ന് പല സംരംഭങ്ങളും മുന്നോട്ടുപോകുന്നത് ബാങ്ക് ഓവര്‍ഡ്രാഫ്റ്റിന്റെ ബലത്തിലാണ്. എന്നാല്‍ മാസാവസാനം നല്ലൊരുതുക ഇതിന്റെ പേരില്‍ ബാങ്ക് ഈടാക്കുകയും ചെയ്യുന്നു. അല്‍കൗണ്ടില്‍ നിന്നുതന്നെ ഈ തുക പിടിക്കപ്പെടുന്നതിനാല്‍ നാം പലപ്പോഴും പലിശയടക്കമുള്ള ഈ നഷ്ടം അറിയാതെ പോകുന്നു. അതിനാല്‍ മികച്ച സാമ്പത്തിക അടിത്തറ വേണമെന്നാഗ്രഹിക്കുന്ന സംരംഭകര്‍ ഒരിക്കലും ഓവര്‍ ഡ്രാഫ്റ്റ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കരുത്.

4. മാന്ദ്യകാലത്ത് കരുതിയിരിക്കുക

സാമ്ബത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത് മാന്ദ്യകാലത്താണ്. മാന്ദ്യകാലത്ത് നാം എങ്ങനെ പണം വിനിയോഗം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും തുടര്‍ന്നുള്ള നേട്ടങ്ങള്‍. മാന്ദ്യകാലത്ത് പണം സംരക്ഷിക്കുക. ചില നല്ല ബിസിനസുകള്‍ വാങ്ങാന്‍ അത് ഉപകരിച്ചേക്കാം.എന്നാല്‍ മാന്ദ്യകാലത്തും ജീവനക്കാരെ സംരക്ഷിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. ജീവനക്കാരോട് മികച്ച രീതിയിലുള്ള സമീപമാനമാണ് പുലര്‍ത്തിവരുന്നതെങ്കില്‍ മാന്ദ്യകാലത്ത് അവരില്‍ നിന്നും സ്ഥാപനത്തിനുവേണ്ടി കൂടുതല്‍ പ്രോഡക്റ്റിവിറ്റി പ്രതീക്ഷിക്കാം. മാത്രമല്ല ഈകാലയളവില്‍ സപ്ലയര്‍മാരില്‍ നിന്ന് മികച്ച ഡീല്‍ ആവശ്യപ്പെടുകയുമാകാം. കുറഞ്ഞ ചെലവില്‍ നേടാന്‍ കഴിയുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് മാന്ദ്യകാലം ഫലപ്രദമാണ്. ഒപ്പം കോസ്റ്റ് എഫെക്റ്റിവ് ബിസിനസ് എന്ന വലിയതത്വം പഠിച്ചെടുക്കുന്നതിന് ഈ കാലയളവ് വിനിയോഗിക്കുകയുമാകാം.

5. ബാങ്ക് വായ്പകളില്‍ നിയന്ത്രണം

ഫണ്ട് മാനേജ്‌മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അനാവശ്യമായ വായ്പകള്‍ നിരുത്സാഹപ്പെടുത്തുകയെന്നത്. സംരംഭകരെ സഹായിക്കുന്നതിനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാരും സര്‍ക്കാര്‍ ഇതര സംഘടനകളും ധാരാളം വായ്പാപദ്ധതികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ വായ്പ എടുക്കുന്നത് പോലെ എളുപ്പമല്ല തിരിച്ചടവ് എന്ന കാര്യം മനസിലാക്കുക. വായ്പകള്‍ എന്നും ബാധ്യതയാണ്. വായ്പകളെടുക്കും മുന്‍പ് അവയുടെ പലിശനിരക്ക് , തിരിച്ചടവ് കാലാവധി എന്നിവയെപ്പറ്റി മനസിലാക്കുക. നമ്മുടെ സാമ്പത്തിക സ്ഥിതി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മൂടിവെയ്‌ക്കേണ്ട കാര്യമില്ല. പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ വിദഗ്ധരായ കണ്‍സള്‍ട്ടന്റുമാരുടെ സഹായത്തോടെ പദ്ധതി തയാറാക്കുക. ആവശ്യമെങ്കില്‍ വായ്പകള്‍ പുനഃക്രമീകരിക്കുക.ഒരു വായ്പാ അടച്ചു തീര്‍ക്കുന്നതിനായി മറ്റൊരു വായ്പയെടുക്കുന്നത് ഒട്ടും ശരിയായ നടപടിയല്ല.

6. ശ്രദ്ധയോടെ അകൗണ്ടിംഗ്

വരവ് ചെലവ് കണക്കുകള്‍ ഇപ്പോഴും കൃത്യമായി അടയാളപ്പെടുത്തുക. അകൗണ്ടിംഗ് എന്നത് ഒരിക്കലും ഒരു തലവേദനയല്ലെന്നും സ്ഥാപനത്തിന്റെ നല്ല നടത്തിപ്പിനായുള്ള മുന്നൊരുക്കമാണെന്നും മനസിലാക്കുക. കണക്കുകള്‍ കൃത്യമാക്കി നികുതിയടക്കാന്‍ ഒരിക്കലും മറക്കരുത്. സ്ഥാപനത്തിന്റെ പേര് കരിമ്പട്ടികയില്‍ പെടുന്നതിന് ഇത് കാരണമാകും. അകൗണ്ടിംഗ് വകുപ്പുമായി സംരംഭകന്‍ ഇപ്പോഴും നേരിട്ട് ബന്ധം സ്ഥാപിക്കുക.

7. ബിസിനസ്‌കോസ്റ്റില്‍ പിടിമുറുക്കുക

പ്രതിസന്ധി വരുമ്പോള്‍ എല്ലാവരും ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാറുണ്ട്. പക്ഷേ ചെറിയ കാര്യങ്ങള്‍ ചെയ്തതുകൊണ്ട് മാത്രം ബിസിനസിലെ കോസ്റ്റ് കുറയ്ക്കാന്‍ പറ്റില്ല. പകരം ബിസിനസിനെ നഷ്ടത്തിലാക്കുന്ന കാര്യങ്ങള്‍ കണ്ടുപിടിക്കുക.പര്‍ച്ചേസ് , എച്ച് ആര്‍ ചെലവുകള്‍, നടത്തിപ്പ് ചെലവുകള്‍ തുടങ്ങി പണം വിനിയോഗിക്കപ്പെടുന്ന ഓരോ വഴിയും കണ്ടെത്തി, അതില്‍ എവിടെയാണ് കൂടുതല്‍ പണം വിനിയോഗിക്കപ്പെടുന്നതെന്ന് നോക്കുക. അനാവശ്യമായ ചെലവുകള്‍ അപ്പപ്പോള്‍ത്തന്നെ ഒഴിവാക്കുക. മള്‍ട്ടി പ്രോഡക്റ്റ് കമ്പനികളിലാണെങ്കില്‍ ചിലത് ലാഭമുണ്ടാക്കുന്നവയാകും. ചിലത് നഷ്ടമാകാം. നഷ്ടമുണ്ടാക്കുന്നവയെ ഒഴിവാക്കണം

Categories: FK Special, Slider