മുനിബ മസാരി; തളര്‍ന്നിട്ടും തളരാത്ത ആത്മവിശ്വാസം

മുനിബ മസാരി; തളര്‍ന്നിട്ടും തളരാത്ത ആത്മവിശ്വാസം

ചെറിയൊരു അപകടം സംഭവിച്ചാല്‍, സാമ്പത്തികമായി അല്‍പം പിന്നോട്ട് പോകേണ്ട അവസ്ഥയുണ്ടായാല്‍, അതുമല്ലെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നെന്ന തോന്നലുണ്ടായാല്‍ ഉടനെ മനസ്സ് തകര്‍ന്നു പോകുന്ന ഒരു വിഭാഗം ആളുകളുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് മുന്നില്‍ വ്യത്യസ്തമായ മാതൃകയാവുകയാണ് പാകിസ്ഥാന്‍ സ്വദേശിനിയായ മുനിബ മസാരി.ചിത്രകാരിയാകാന്‍ ആഗ്രഹിച്ച മുനിബ പഠനശേഷം വിവാഹജീവിതത്തിലേക്ക് കടന്ന മുനിബ തികച്ചും അവിചാരിതമായാണ് ഒരു വാഹനാപകടത്തിലാക്കപ്പെടുന്നത്. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളാണ് ഒരു വീട്ടമ്മയുടെ റോളില്‍ നിന്നും മുനിബ യെ ലോകം അംഗീകരിച്ചഒരു വ്യക്തിയാക്കിമാറ്റുന്നത്. അപകടത്തെത്തുടര്‍ന്ന് നട്ടെല്ലിനേറ്റ ക്ഷതം മുനിബ യെ വീല്‍ ചെയറില്‍ കുരുക്കി. കൈകളുടെ എല്ലുകള്‍ തകര്‍ന്നതിനാല്‍ ചലനശേഷിയും ഇല്ലാതായി. അതോടെ വരകളുടെ ലോകവും അന്യമായി. എന്നാല്‍ ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ തനിക്കാവില്ലെന്ന് മനസിലുറപ്പിച്ച ആ നിമിഷം മുനിബ തന്റെ വിധി സ്വയം മാറ്റിയെഴുതുകയായിരുന്നു. ഇന്ന് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ലോകത്തിനു മുഴുവന്‍ പ്രചോദനമേക്കുകയാണ് ഈ 32 കാരി. പെയ്ന്റര്‍, മോഡല്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, യു എന്നില്‍ പാകിസ്ഥാനെ പ്രതിനിധാനം ചെയ്യുന്ന വനിത തുടങ്ങി ഇച്ഛാശക്തി കൊണ്ട് മുനിബ സ്വന്തമാക്കിയ നേട്ടങ്ങള്‍ നിരവധി. പാക്കിസ്ഥാന്റെ ഉരുക്കുവനിതയെന്ന് ലോകം സ്‌നേഹപൂര്‍വ്വം വിശേഷിപ്പിക്കുന്ന മുനിബ നിറഞ്ഞ പോസ്!റ്റിവിറ്റിയുടെ പര്യായമാണ്

20 വയസ്, ജീവിതത്തില്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങുന്ന പ്രായം. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുകയും, ചെറുതും വലുതുമായ നേട്ടങ്ങളില്‍ സ്വയം അഭിമാനിക്കുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമേകി മുന്നോട്ട് പോകുകയും ചെയ്യുന്ന പ്രായം. എന്നാല്‍ ഈ പ്രായത്തില്‍ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറില്‍ അഭയം പ്രാപിക്കേണ്ട ഒരാവസ്ഥയുണ്ടായാലോ ? ഇനി ഒരിക്കലും നടക്കാന്‍ കഴിയില്ലെന്നും സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്താനാവില്ലെന്നും മനസിലാക്കുന്ന ആ നിമിഷം ഒരു വ്യക്തി എങ്ങനെ തരണം ചെയ്യും? മാനസികമായി തകര്‍ന്ന് പോകുമെന്ന് നിശ്ചയം. പിന്നീടൊരു തിരിച്ചുവരവില്ലാത്ത വിധം മനസിന്റെ ശക്തി നഷ്ടപ്പെടാനുള്ള സാധ്യതയും ധാരാളമാണ്. എന്നാല്‍ സമാനമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ സ്വദേശിനിയായ മുനിബ മസാരി തളര്‍ന്നില്ല. 2007 ല്‍ അവിചാരിതമായുണ്ടായ വാഹനാപകടം മുനിബ യുടെ രണ്ടുകാലുകളുടെയും ചലനശേഷി ഇല്ലാതാക്കി, കൈകളുടെ സ്വാധീനശേഷിയും പകുതിയായി കുറഞ്ഞു. ഇനി ഒരിക്കലും തിരിച്ചു വരവില്ലാത്ത വിധം ഏകാന്തതയുടെ തുരുത്തില്‍ മുനിബ ഒറ്റപ്പെടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. അതുവരെ കണ്ട സ്വപ്നങ്ങളുടെ താളം തെറ്റുമെന്ന് കരുതിയ ആ നിമിഷത്തിലാണ് മുനിബ തന്റെ വ്യക്തിത്വവും ജീവിതവും ജീവിതലക്ഷ്യവുമെല്ലാം ശരിയായി നിര്‍വചിച്ചെടുത്തത്. അതുവരെ ഒരു വീട്ടമ്മയായി മാത്രം ഒതുങ്ങിക്കൂടിയ മുനിബ ചിത്രകാരിയാകുക എന്ന തന്റെ സ്വപ്നത്തിന് ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ ചിറകുകളേകി.

കേള്‍ക്കുന്നവര്‍ക്കെല്ലാം പ്രചോദനമേകുന്ന ഒന്നാണ് മുനിബ മസാരിയുടെ കഥ. അതിനാല്‍ തന്നെയാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ അവശ്യം പരിചയപ്പെട്ടിരിക്കേണ്ട വ്യക്തികളില്‍ ഒരാളായി മുനിബ യെ വിലയിരുത്തുന്നത്. നെഗറ്റിവ് ചിന്തകള്‍ നമ്മെ പിടിമുറുക്കുമ്പോള്‍ പോസറ്റിവിറ്റിയുടെ കൊടുമുടിയിലേക്ക് കയറുന്നതിനായി മുനിബ യുടെ ജീവിതാനുഭവം സഹായിക്കും. ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെ പുഞ്ചിരിയോടെ നേരിട്ട, എന്തിനും ഏതിനും അടിയുറച്ച പരിഹാര ചിന്തയുള്ള മുനിബ ഈ നൂറ്റാണ്ട് കണ്ട ശക്തയായ വനിതകളില്‍ ഒരാളായി മാറുന്നത് ഇങ്ങനെയൊക്കെയാണ്.

ഇടത്തരം കുടുംബത്തിലെ ബാല്യകാലം

പാകിസ്ഥാനിലെ ബലൂച് കുടുംബത്തിലെ അംഗമായിട്ടായിരുന്നു മുനിബ യുടെ ജനനം. തികച്ചും സാധാരണക്കാരായ പാകിസ്ഥാനി മാതാപിതാക്കളുടെ മകളായി ജനിച്ച മുനിബ പഠനത്തില്‍ ഏറെ മികവ് കാണിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. എന്നാല്‍ യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായതിനാല്‍ പഠനത്തില്‍ പോലും ആഗ്രഹിച്ച ദൂരങ്ങള്‍ താണ്ടിയെത്താന്‍ അവള്‍ക്കായില്ല. മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കുക എന്നതിനപ്പുറം സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം മുനിബ ക്കോ സഹോദരിമാര്‍ക്കോ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ 17 വയസ്സ് കഴിഞ്ഞപ്പോള്‍ വിവാഹം ഉറപ്പിക്കുകയാണെന്ന് പിതാവ് പറഞ്ഞപ്പോള്‍ തുടര്‍ന്ന് പഠിക്കണം എന്ന തന്റെ ആഗ്രഹം മറച്ചു പിടിക്കാന്‍ മാത്രമേ മുനിബ ക്ക് കഴിയുമായിരുന്നുള്ളൂ.

വിവാഹം കഴിക്കാനുള്ള വ്യക്തിയെ കണ്ടെത്തിയതും ഉറപ്പിച്ചതും എല്ലാം മാതാപിതാക്കള്‍ തന്നെ. വിവാഹത്തിന്റെയന്നാണ് മുനിബ തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത്. മാതാപിതാക്കള്‍ പറയുന്നത് എന്തുതന്നെ ആയാലും ഒരക്ഷരം എതിര്‍ക്കാതെ അംഗീകരിക്കുക എന്നതായിരുന്നു കുടുംബ തത്വം തനിക്ക് നല്ലത് മാത്രം വരണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ തനിക്കായി കണ്ടെത്തിയ വരന്‍ ഒരിക്കലും ഒരു തെറ്റായ തീരുമാനമായിരിക്കില്ല എന്ന ധാരണയില്‍ മുനിബ നിക്കാഹിനൊരുങ്ങി. എന്നാല്‍ ആ തെരെഞ്ഞെടുപ്പ് തീര്‍ത്തും നിരാശാജനകമായിരുന്നെന്ന് തെളിയാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. വിവാഹശേഷം പഠനം തുടരണമെന്ന ആഗ്രഹവും ഒരു ചിത്രകാരിയാകണമെന്ന ആഗ്രഹവുമെല്ലാം തുറന്നുപറയണമെന്ന തീരുമാനത്തിലാണ് മുനിബ മസാരി വിവാഹജീവിതത്തിലേക്ക് കടന്നത്.

പക്ഷേ, മുനിബ യുടെ സങ്കല്‍പ്പത്തിന് തീര്‍ത്തും വിഭിന്നമായ തീര്‍ത്തും യാഥാസ്ഥിതികനായ ഒരു വ്യക്തിയായിരുന്നു മുനിബയെ വിവാഹം കഴിച്ചത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും അവര്‍ തമ്മില്‍ വലിയ കലഹങ്ങള്‍ ഉണ്ടായി. പ്രതികരിക്കാന്‍ ശേഷിയില്ലാതെ മര്‍ദ്ദനങ്ങള്‍ മൗനമായി സഹിക്കേണ്ടിവന്നു. ഏകപക്ഷീയമായി തീരുമാനിക്കപ്പെടുന്ന ഏതൊരു വിവാഹത്തെയും പോലെ തന്നെ മുനീബയുടെ വിവാഹവും ഒരു പരാജയമായിരുന്നു. പരസ്പരം മനസിലാക്കാതെ തന്നെ അവര്‍ ജീവിച്ചു. ഒരു പെണ്‍കുട്ടി എന്നതിനപ്പുറം മുനീബയുടെ വ്യക്തിത്വം, ആഗ്രഹങ്ങള്‍, ലക്ഷ്യം എന്നിവയെക്കുറിച്ചൊന്നും ഭര്‍ത്താവിന് യാതൊരു തിരിച്ചറിവും ഉണ്ടായിരുന്നില്ല. പലപ്പോഴും മുനിബ തന്റെ ആഗ്രഹങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

നായകനായെത്തിയ കാര്‍ അപകടം

സാധാരണയായി അപകടങ്ങള്‍ എല്ലായ്‌പ്പോഴും ജീവിതത്തിലെ വില്ലനാകുകയാണ് പതിവ്. എന്നാല്‍ മുനിബ മസാരിയെ സംബന്ധിച്ച് 2007 ല്‍ നടന്ന കാര്‍ അപകടത്തിന് ഒരു നായകന്റെ പരിവേഷമായിരുന്നു.ജീവിതത്തെ പുതിയ വഴിത്തിരിവിലെത്തിച്ചത് ആ അപകടമായിരുന്നു. വിവാഹജീവിതത്തിന്റെ മൂന്നാം വര്‍ഷമാണ് തീര്‍ത്തും അവിചാരിതമായി കാര്‍ അപകടത്തിന്റെ രൂപത്തില്‍ വിധിയുടെ കറുത്ത നിഴല്‍ മുനിബയുടെ ജീവിതത്തിലേക്കെത്തുന്നത്. രാത്രിയില്‍ ഭര്‍ത്താവുമൊന്നിച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് ഉറങ്ങിപ്പോയി. കാര്‍ നിയന്ത്രണം വിട്ട് റോഡിനരികിലെ വലിയ കുഴിയിലേക്ക് വീണു. എന്നാല്‍ കാറിന്റെ നിയന്ത്രണം നഷ്ടമായതറിഞ്ഞതോടെ ഭര്‍ത്താവ് കാറില്‍ നിന്നും പുറത്തേക്ക് എടുത്തു ചാടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ മുനിബ യുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു. ഭര്‍ത്താവ് ചെയ്തത് പോലെ ചെയ്യുവാനുള്ള ധൈര്യവും മനഃസാന്നിധ്യവും മുനീബയ്ക്ക് ഇല്ലാതിരുന്നതിനാല്‍ മുനിബ കാറില്‍ത്തന്നെ ഇരുന്നു. കാര്‍ മുനിബയുമൊന്നിച്ച് കുഴിയിലേക്ക് വീണു.

തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശത്ത് വച്ചായിരുന്നു അപകടം. അടുത്ത് രക്ഷാപ്രവര്‍ത്തകരോ, മറ്റ് വാഹനങ്ങളോ , ആശുപത്രിയോ ഒന്നുമില്ല. വാഹനാപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മുനിബയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.രണ്ടരമാസക്കാലം ആശുപത്രിയില്‍ ചെലവഴിച്ച ശേഷമാണ് മുനിബ ശരിയായ ബോധത്തിലേക്ക് വന്നത്. സംഭവിച്ച അപകടത്തിന്റെ ആഘാതം ഭീകരമായിരുന്നു. ഇടുപ്പ് എല്ല്,6 വാരിയെല്ലുകള്‍, നട്ടെല്ല് എന്നിവ ഒടിഞ്ഞു തകര്‍ന്നിരുന്നു. കൈകളുടെ അസ്ഥികള്‍ തകര്‍ന്നതിനാലും തോളെല്ല് സ്ഥാനം തെറ്റിയതിനാലും ഉള്ള വേദന വേറെ. കൈകള്‍ക്ക് പൂര്‍ണമായും രൂപഭേദം സംഭവിച്ചു.വന്‍കുടല്‍, ചെറുകുടല്‍ , കരള്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ക്കും ക്ഷതമേറ്റു.

എന്താണ് തന്റെ ശരീരത്തിന് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥ. ആകെ ഒരു മരവിപ്പ്. ശരീരത്തിനുള്ള ആ മരവിപ്പ് പതിയെ മനസിനെയും ബാധിച്ചു. ഏകദേശം രണ്ടര മാസം പിന്നിട്ടപ്പോള്‍ ഡോക്റ്റര്‍ മുനിബ യെ കാണാനെത്തി. നട്ടെല്ലിന് ഒടിവുകള്‍ ഉള്ളതിനാല്‍ ഇനി ഒരിക്കലും മുനിബ ക്ക് എഴുന്നേറ്റ് നടക്കാനാവില്ലെന്ന് ഡോക്റ്റര്‍ പറഞ്ഞു. പ്രതീക്ഷകളുടെ കൊട്ടാരം തകര്‍ന്നടിഞ്ഞ നിമിഷമെന്നാണ് മുനിബ ആ നിമിഷത്തെ വിശേഷിപ്പിച്ചത്. തൊട്ടടുത്ത ദിവസവും ഡോക്റ്ററെത്തി, മറ്റൊരു ദുരന്തവാര്‍ത്തായിരുന്നു അദ്ദേഹത്തിനപ്പോള്‍ പറയാനുണ്ടായിരുന്നത്. കൈകളുടെ അസ്ഥികള്‍ തകര്‍ന്നത് ഇരുമ്പിട്ട് ഉറപ്പിച്ചതിനാല്‍ കൈകള്‍ക്ക് പഴയപോലത്തെ വഴക്കമുണ്ടാകില്ലെന്നും അത് ചിത്രരചനയെ ബാധിക്കുമെന്നും പറഞ്ഞു. സാരമില്ല, ജീവന്‍ കിട്ടിയതില്‍ സന്തോഷമെന്ന് പറഞ്ഞ മുനിബ അന്ന് ഏറെ പണിപ്പെട്ട് പുഞ്ചിരിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസവും വന്ന ഡോക്റ്റര്‍ മുനിബ ക്ക് ഇനിയൊരിക്കലും അമ്മയാകാനാവില്ലെന്ന രഹസ്യം വ്യക്തമാക്കിയതോടെ മുനിബ യുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകി. ജീവിതത്തില്‍ തനിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണതെന്ന് വ്യക്തമാക്കിയ മുനിബ നിരാശയുടെ പടുകുഴിയിലേക്ക് വീണത് വളരെ വേഗത്തിലായിരുന്നു.

എന്താണ് തന്റെ ശരീരത്തിന് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥ. ആകെ ഒരു മരവിപ്പ്. ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നുമുള്ള അകല്‍ച്ച മറ്റൊരു ദുഃഖമായി. പതിയെ ശരീരത്തിന്റെ മരവിപ്പ് മനസിനെയും ബാധിച്ച് തുടങ്ങി. അതോടെ, എന്തിനാണ് താന്‍ ഇനി ജീവിക്കുന്നതെന്നായി മുനിബ യുടെ ചിന്ത. ആ ചിന്തകള്‍ക്കൊടുവിലാണ് ഈ സമൂഹത്തിനുവേണ്ടി തനിക്കും ചിലത് ചെയ്യാനുണ്ടെന്ന തിരിച്ചറിവില്‍ മുനിബയെത്തുന്നത്. തന്റെ ശരീരത്തിന്റെയും മനസിന്റെയും മരവിപ്പ് മറികടക്കണമെങ്കില്‍ നിറങ്ങളുടെ ലോകത്ത് തന്‍ സജീവമാകണമെന്നു മനസിലാക്കിയ മുനിബ തന്റെ സഹോദരങ്ങളോട് നിറങ്ങളും കാന്വാസും ആവശ്യപ്പെട്ടു . കൈകളുടെ ചലനശേഷി വീണ്ടെടുക്കുക എന്ന ഉദ്യമത്തിന്റെ ഭാഗംകൂടിയായിരുന്നു ചിത്രരചന. മൂന്നു മാസം നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് വിട്ടെങ്കിലും നട്ടെല്ലിനേറ്റ ക്ഷതം ഭേതമാകുന്നതിനായി വിശ്രമം അനിവാര്യമായിരുന്നു. മേല്‍ക്കൂരയിലേക്ക് നോക്കി ,മലന്നു കിടന്നത് 2 വര്‍ഷക്കാലമാണ്. ഈ സമയത്ത് മുനിബ തന്റെ കൈകളുടെ ചലനശേഷി വീണ്ടെടുത്തു.

മനക്കരുത്തോടെയെടുത്ത തീരുമാനങ്ങള്‍

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വീല്‍ ചെയറില്‍ ഇരിക്കാമെന്ന അവസ്ഥയായി. അതോടെ, തന്റെ ജീവിതം ഇനി ഏത് ദിശയിലേക്ക് കൊണ്ടുപോകണം എന്ന ചിന്തയായി മുനിബക്ക്. തന്നിലെ ഭയങ്ങളെ മനസ്സില്‍ നിന്നും ഒഴിവാക്കുക എന്നതാണ് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിക്കുന്ന ഘടകമെന്ന് മനസിലാക്കിയ മുനിബ തന്റെ ഭയങ്ങള്‍ ഓരോന്നായി പേപ്പറില്‍ കുറിച്ചിട്ടു. ആദ്യത്തെ ഭയം തന്നെ മനസിലാക്കാത്ത ഭര്‍ത്താവുമൊത്തുള്ള ജീവിതമായിരുന്നു. ഒരു വിവാഹമോചനത്തിലൂടെ ആ ഭയത്തിന് മുനിബ അവസാനമിട്ടു. അടുത്ത ഭയം തനിക്കൊരു അമ്മയാകാനാവില്ല എന്ന സത്യത്തെ ഉള്‍ക്കൊള്ളുകയായിരുന്നു. തനിക്ക് ഒരു കുഞ്ഞു ജനിച്ചില്ലെങ്കില്‍ എന്താ, അമ്മയില്ലാത്ത ഒരു കുഞ്ഞിന് താന്‍ അമ്മയായാല്‍ മതിയെന്ന ചിന്തയില്‍ ഒരു കുഞ്ഞിനെ ദത്തെടുത്തു. അതോടെ , ജീവിതത്തിലെ നെഗറ്റിവിറ്റികളെ മുനിബ പുറത്താക്കി.

തുടര്‍ന്ന് സ്വപ്നങ്ങള്‍ക്കൊത്ത് പറക്കുന്നതിനുള്ള നാളുകളായിരുന്നു. വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് മുനിബ ചിത്രരചന ആരംഭിച്ചു. നിറമുള്ള ആ ചിത്രങ്ങളിലൂടെ അവള്‍ ജീവിതത്തിന്റെ വിവിധ നിറങ്ങള്‍ സ്വപ്നം കണ്ടു. വിവാഹമോചനശേഷം, വരകളുടെ ലോകത്ത് സജീവമാകുകയും എക്‌സിബിഷനുകള്‍ നടത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെ മുനീബയുടെ ജീവിതം പ്രകാശം കണ്ടുതുടങ്ങി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മുനിബ യുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം തന്റെ ജീവിതത്തെ മുന്‍നിര്‍ത്തി മോട്ടിവേഷണല്‍ സ്പീച്ചുകള്‍ നടത്താനുള്ള അവസരവും മുനിബയെ തേടിയെത്തി. സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീയായി, തുറന്നു ചിന്തിച്ച് , തന്റെ ആശയങ്ങള്‍ പങ്കുവച്ച്, ഒരമ്മയായി, മറ്റുള്ളവരെ പ്രചോദിപ്പിച്ചു ലോകം കണ്ട മികച്ചൊരു മോട്ടിവേഷണല്‍ സ്പീക്കറായി ഇന്ന് മുനിബ മസാരി മുന്നേറുകയാണ്. യുഎന്നിന്റെ ആദരം നേരീട്ട് വാങ്ങിയതിലൂടെ പാകിസ്ഥാന്റെ ഉരുക്കുവനിത തന്റെ ചിന്തകളാണ് ശരിയെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ചു കഴിഞ്ഞു.

Categories: FK Special, Motivation, Slider