രാജ്യത്തെ 700 ജില്ലകളില്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്ന് ബ്ലാക്ക്‌സ്മിത്ത്

രാജ്യത്തെ 700 ജില്ലകളില്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്ന് ബ്ലാക്ക്‌സ്മിത്ത്

ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബ്ലാക്ക്‌സ്മിത്തുമായി ബന്ധപ്പെടാം

ന്യൂഡെല്‍ഹി: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പായ ബ്ലാക്ക്‌സ്മിത്ത് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. തുടക്കത്തില്‍ രാജ്യത്തെ 700 ജില്ലകളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡീലര്‍ഷിപ്പ് സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കമ്പനിയുമായി ബന്ധപ്പെടാം. വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. നിലവില്‍ ആറ് അപേക്ഷകള്‍ ബ്ലാക്ക്‌സ്മിത്ത് ഇലക്ട്രിക് സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഇതില്‍ പകുതിയും സ്‌പെയിന്‍, മെക്‌സിക്കോ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നാണ്. ഡീലര്‍ഷിപ്പുകളില്‍ ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ സംബന്ധിച്ച് ബ്ലാക്ക്‌സ്മിത്ത് ഇലക്ട്രിക് പിന്നീട് നിര്‍ദ്ദേശങ്ങള്‍ നല്‍കും. ബി2 ഇലക്ട്രിക് ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍, ബി3 ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രോട്ടോടൈപ്പ് എന്നിവ കമ്പനി ഇതിനകം അനാവരണം ചെയ്തുകഴിഞ്ഞു.

ബി2 ഇലക്ട്രിക് ക്രൂസര്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിച്ചേക്കും. സ്വാപ്പ് ചെയ്യാന്‍ കഴിയുന്ന ബാറ്ററി, ട്രാഫിക് സിഗ്നലുകളുമായി കണക്റ്റ് ചെയ്യുന്ന ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവ പ്രീമിയം ഇലക്ട്രിക് ക്രൂസറിന്റെ സവിശേഷതകളാണ്. ബ്ലാക്ക്‌സ്മിത്ത് ബി3 എന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ മാതൃക ഈയിടെയാണ് അനാവരണം ചെയ്തത്. അസാധാരണ രൂപകല്‍പ്പനയാണ് ബി3 ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. വീല്‍ബേസ് നീളമേറിയതാണ്. അതുകൊണ്ടുതന്നെ ആകെ നീളവും കൂടി. ഒരു കുടുംബത്തിന് യാത്ര ചെയ്യാന്‍ കഴിയുംവിധമുള്ള കൂടുതല്‍ പ്രായോഗിക രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നു. സീറ്റ് പരന്നതാണ്. നീളമേറിയ ഒറ്റ സീറ്റ്.

സമാനതകളില്ലാത്ത ചില ഫീച്ചറുകളുമായാണ് ബ്ലാക്ക്‌സ്മിത്ത് ബി3 അണിയറയില്‍ ഒരുങ്ങുന്നത്. മണിക്കൂറില്‍ 60 കിമീ, 80 കിമീ, 100 കിമീ, 120 കിമീ എന്നിങ്ങനെ ടോപ് സ്പീഡ് പരിമിതപ്പെടുത്തി കസ്റ്റമൈസ് ചെയ്യാം എന്നതാണ് ഈ ഫീച്ചറുകളില്‍ ഒന്ന്. കൂട്ടികള്‍ക്കായി പ്രത്യേക ഫൂട്ട്‌പെഗുകള്‍, കുട്ടികള്‍ക്കായി സീറ്റ് ബെല്‍റ്റുകള്‍ എന്നിവയും മറ്റെങ്ങും കാണാത്ത ഫീച്ചറുകളാണ്. കൃത്രിമ ബുദ്ധി സഹിതം ബില്‍റ്റ്-ഇന്‍ ജിപിഎസ്, ആന്റി തെഫ്റ്റ് സംവിധാനം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Comments

comments

Categories: Auto
Tags: Blacksmith