വാഷിംഗ്ടണിലെ വിമര്‍ശകരെ അനുനയിപ്പിക്കാനുള്ള ദൗത്യവുമായി സുക്കര്‍ബെര്‍ഗ്

വാഷിംഗ്ടണിലെ വിമര്‍ശകരെ അനുനയിപ്പിക്കാനുള്ള ദൗത്യവുമായി സുക്കര്‍ബെര്‍ഗ്

റെഗുലേറ്ററി അഥവാ നിയന്ത്രണപരവും, നിയമപരവുമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് 541 ബില്യന്‍ ഡോളര്‍ മൂല്യമുള്ള, 200 കോടിയിലേറെ യൂസര്‍മാരുള്ള ഫേസ്ബുക്ക്. ഡാറ്റാ ദുരുപയോഗം നടത്തിയെന്ന പേരില്‍ ഏകദേശം രണ്ട് മാസം മുമ്പാണു ഫേസ്ബുക്കിനു യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അഥവാ എഫ്ടിസി അഞ്ച് ബില്യന്‍ ഡോളര്‍ പിഴ ചുമത്തിയത്. എഫ്ടിസി ഫേസ്ബുക്കിനെതിരേ ആന്റി ട്രസ്റ്റ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് 2020-ല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലിബ്ര എന്ന ക്രിപ്‌റ്റോ കറന്‍സിയെ സംബന്ധിച്ചും നിരവധി നൂലാമാലകളുണ്ട്. ഇത്തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സുക്കര്‍ബെര്‍ഗ് വാഷിംഗ്ടണിലെത്തി യുഎസ് പ്രസിഡന്റ് ട്രംപിനെയും, സെനറ്റര്‍മാരെയും സന്ദര്‍ശിച്ചത് അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. 2018-ലെ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിനു ശേഷം അതേ വര്‍ഷം ഏപ്രിലില്‍ യുഎസ് കോണ്‍ഗ്രസിനു മുന്‍പാകെ വിചാരണ നേരിട്ടതിനു ശേഷം ആദ്യമായിട്ടാണു വാഷിംഗ്ടണിലെത്തി സുക്കര്‍ബെര്‍ഗ് നിയമനിര്‍മാതാക്കളെ കാണുന്നത്.

വാഷിംഗ്ടണ്‍ അമേരിക്കയുടെ രാഷ്ട്രീയ തലസ്ഥാന നഗരിയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കാര്യാലയമായ ഓവല്‍ ഓഫീസും, ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസും സ്ഥിതി ചെയ്യുന്നത് വാഷിംഗ്ടണിലാണ്. ഇതിനു പുറമേ അമേരിക്കന്‍ പാര്‍ലമെന്റായ യുഎസ് കോണ്‍ഗ്രസ് സ്ഥിതി ചെയ്യുന്നതും വാഷിംഗ്ടണിലാണ്. ലോകത്തെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രമാണു വാഷിംഗ്ടണ്‍ എന്നു ചുരുക്കം. ഫേസ്ബുക്കിന്റെ സിഇഒയായ സുക്കര്‍ബെര്‍ഗ് വാഷിംഗ്ടണില്‍ കഴിഞ്ഞ ദിവസമെത്തിയ വാര്‍ത്ത അതു കൊണ്ടു തന്നെ വന്‍ പ്രാധാന്യം നേടുകയുണ്ടായി.
ടെക്‌നോളജി വ്യവസായത്തിലെ രണ്ട് പ്രമുഖരാണു വ്യാഴാഴ്ച (സെപ്റ്റംബര്‍ 19) യുഎസിന്റെ തലസ്ഥാന നഗരിയായ വാഷിംഗ്ടണിലെത്തിയത്. ഒരാള്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗും മറ്റൊരാള്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസുമായിരുന്നു. ഫേസ്ബുക്കിനും, ആമസോണിനുമെതിരേ രാഷ്ട്രീയ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും വാഷിംഗ്ടണിലെത്തിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സുക്കര്‍ബെര്‍ഗ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹില്ലിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക കാര്യാലയമായ ഓവല്‍ ഓഫീസില്‍ സന്ദര്‍ശിച്ചു. ജെഫ് ബെസോസാകട്ടെ, വാഷിംഗ്ടണിലുള്ള നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിക്കു നേതൃത്വം നല്‍കി. 2040-ാടെ കാര്‍ബണ്‍ ന്യൂട്രലാകാന്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബെസോസ് പരിപാടിക്കിടെ പ്രഖ്യാപിക്കുകയും ചെയ്തു. (അന്തരീക്ഷത്തില്‍ നിന്ന് ഓരോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നീക്കംചെയ്യാന്‍ നടപടിയെടുക്കുന്ന ഓര്‍ഗനൈസേഷനുകള്‍, ബിസിനസുകള്‍, വ്യക്തികള്‍ എന്നിവരുടെ പ്രവര്‍ത്തനത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് കാര്‍ബണ്‍ ന്യൂട്രല്‍ എന്നത്). വ്യാഴാഴ്ചയാണ് യുഎസ് പ്രസിഡന്റിനെ സുക്കര്‍ബെര്‍ഗ് സന്ദര്‍ശിച്ചതെങ്കിലും വാഷിംഗ്ടണില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സുക്കര്‍ബെര്‍ഗ് ബുധനാഴ്ച എത്തിയിരുന്നു.
വാഷിംഗ്ടണിലെ ബെസോസിന്റെയും സുക്കര്‍ബെര്‍ഗിന്റെയും സാന്നിധ്യം ഒരു ആവശ്യം ഉയര്‍ത്തിക്കാട്ടുന്നുണ്ട് അല്ലെങ്കില്‍ ഒരു ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ട്. അവരുടെ കമ്പനികളെക്കുറിച്ചുള്ള പൊതുചര്‍ച്ചകള്‍ പുനര്‍നിര്‍വചിക്കുന്നതിനുള്ള ഒരു ആവശ്യമാണത്.

ആമസോണും ഫേസ്ബുക്കും ഗൂഗിളും ആപ്പിളുമൊക്കെ നിരവധി അന്വേഷണങ്ങളെ നേരിടുകയാണ്. ഈ കമ്പനികളുടെ ശക്തിയും സ്വാധീനവും എപ്രകാരമാണു വിനിയോഗിക്കുന്നത് എന്നതു സംബന്ധിച്ചാണ് അന്വേഷണങ്ങളൊക്കെയും നടക്കുന്നത്. കഴിഞ്ഞയാഴ്ചയില്‍, നിയമനിര്‍മാതാക്കള്‍ രണ്ട് ഹിയറിംഗുകള്‍ നടത്തിയിരുന്നു. അത് പ്രധാനമായും വ്യവസായത്തെ അഥവാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ചായിരുന്നു. അതിലൊന്ന് ഓണ്‍ലൈനിലെ തീവ്രവാദം പ്രചരിക്കുന്നതിനെ കുറിച്ചുള്ളതുമായിരുന്നു. മറ്റൊന്ന്, ടെക് കമ്പനികളുടെ മേല്‍നോട്ടത്തില്‍ ജാഗരൂകയാരിക്കുവാന്‍ തങ്ങള്‍ക്കു വേണ്ടി വിചാരണ സംഘടിപ്പിക്കുന്ന ആന്റി ട്രസ്റ്റ് റെഗുലേറ്റര്‍മാരോട് നിയമനിര്‍മാതാക്കള്‍ അഭ്യര്‍ഥിച്ചു. കമ്പനികള്‍ പൊതുജനങ്ങളോട് കൂടുതല്‍ സത്യസന്ധത കാണിക്കേണ്ട സമയമാണിതെന്നു മിസോറിയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോഷ് ഹാവ്‌ലി പറഞ്ഞു. ഫേസ്ബുക്കിന്റെ രൂക്ഷ വിമര്‍ശകനെന്ന് അറിയപ്പെടുന്ന നിയമനിര്‍മാതാക്കളില്‍ ഒരാളാണു സെനറ്റര്‍ ജോഷ് ഹാവ്‌ലി. സുക്കര്‍ബെര്‍ഗ് ജോഷ് ഹാവ്‌ലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമനിര്‍മാതാക്കളുമായുള്ള കൂടിക്കാഴ്ച സുക്കര്‍ബെര്‍ഗിന് കഠിനമായിരുന്നെങ്കിലും അദ്ദേഹം ലക്ഷ്യമിട്ടത് അമേരിക്കന്‍ കോണ്‍ഗ്രസുമായി നല്ല ബന്ധം സ്ഥാപിക്കാനാണെന്നത് വ്യക്തം. ജോഷ് ഹാവ്‌ലിയെ പോലുള്ള ചില നിയമനിര്‍മാതാക്കള്‍ സുക്കര്‍ബെര്‍ഗിനോട് പരുഷമായി ഇടപഴകിയപ്പോള്‍, നിരവധി മറ്റ് സെനറ്റര്‍മാര്‍ സുക്കര്‍ബെര്‍ഗിനോടു വളരെ സൗഹാര്‍ദ്ദപരമായിട്ടാണു പെരുമാറിയത്.

ലിബ്രയില്‍ വീണ കുരുക്ക്

ഫേസ്ബുക്ക് ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നൊരു പദ്ധതിയാണ് ലിബ്ര. ഫേസ്ബുക്ക് 2020-ല്‍ പുറത്തിറക്കാന്‍ പോകുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പേരാണ് ലിബ്ര. എന്നാല്‍ ഈ കറന്‍സി പുറത്തിറക്കുന്നതിനെതിരേ ധനകാര്യ വകുപ്പിന്റെയോ, ഫെഡറല്‍ റിസര്‍വിന്റെയോ, മറ്റ് ബന്ധപ്പെട്ട അധികൃതരുടെയോ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഈ വര്‍ഷം ജുലൈ മാസം യുഎസ് കോണ്‍ഗ്രസില്‍ നടന്ന ഹിയറിംഗില്‍ ലിബ്രയെ വിമര്‍ശിച്ച് പ്രമുഖ പാര്‍ട്ടികളുടെ പ്രതിനിധികള്‍ രംഗത്തുവരികയുണ്ടായി. മാത്രമല്ല, പദ്ധതിക്കെതിരേ എല്ലാ തലത്തില്‍നിന്നും രൂക്ഷ വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമനിര്‍മാതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. സുക്കര്‍ബെര്‍ഗിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ ലിബ്രയും ഒരു പ്രധാന വിഷയമായിരുന്നെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിമര്‍ശകരെ അനുനയിപ്പിക്കാന്‍ സുക്കര്‍ബെര്‍ഗിനാവുമോ ?

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണു സുക്കര്‍ബെര്‍ഗ് വാഷിംഗ്ടണില്‍ ബുധനാഴ്ചയെത്തിയത്. വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ സന്ദര്‍ശിക്കുന്നതിനു മുമ്പ് ഡമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില സെനറ്റര്‍മാരുമായി ബുധനാഴ്ച സുക്കര്‍ബെര്‍ഗ് കൂടിക്കാഴ്ച നടത്തുകയുണ്ടായി. ബുധനാഴ്ച രാത്രി, സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെനറ്റര്‍ മാര്‍ക്ക് വാര്‍ണറും മറ്റ് ഡമോക്രാറ്റുകളുമായും സുക്കര്‍ബെര്‍ഗ് അത്താഴം കഴിച്ചു. സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂ മെന്‍താള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അത്താഴ വിരുന്നിനിടെ നിയമനിര്‍മാതാക്കള്‍, ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്കും ഉത്തരവാദിത്വവും എന്തായിരിക്കുമെന്നു സുക്കര്‍ബെര്‍ഗിനോട് ആരാഞ്ഞു. അതിനു പുറമേ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ ആക്രമിക്കുമ്പോള്‍ അവയെ പ്രതിരോധിക്കാനും, ഉപഭോക്തൃ ഡാറ്റ പരിരക്ഷിക്കാന്‍ യുഎസ് കോണ്‍ഗ്രസ് എന്ത് നടപടികള്‍ സ്വീകരിക്കണമെന്നും സുക്കര്‍ബെര്‍ഗിനോട് നിയമനിര്‍മാതാക്കള്‍ ആരായുകയുണ്ടായി. ഒരു ഭാഗത്ത് സെനറ്റര്‍മാരുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്നു വിശേഷിപ്പിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് സുക്കര്‍ബെര്‍ഗിന്് സെനറ്റര്‍മാരില്‍നിന്നും വിമര്‍ശനം നേരിടേണ്ടിയും വന്നു. പ്രത്യേകിച്ചു ജോഷ് ഹാവ്‌ലിയെ പോലുള്ള സെനറ്റര്‍ സുക്കര്‍ബെര്‍ഗിനോട് പരുഷമായിട്ടാണ് ഇടപഴകിയതെന്ന് റിപ്പോര്‍ട്ടുണ്ട്. വാട്‌സ്ആപ്പും, ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കില്‍നിന്നും വേര്‍പിരിക്കാന്‍ തയാറാണോ എന്നതടക്കമുള്ള ജോഷ് ഹാവ്‌ലിയുടെ ചോദ്യങ്ങളെ നേരിടേണ്ടി വന്നു സുക്കര്‍ബെര്‍ഗിന്. എന്നാല്‍ വേര്‍പിരിച്ചാല്‍ അത് ഡാറ്റ സുരക്ഷയ്ക്കു വലിയ ഭീഷണിയായിരിക്കുമെന്ന നിലപാടാണു സുക്കര്‍ബെര്‍ഗ് പ്രകടപ്പിച്ചതെന്നും പറയപ്പെടുന്നു.

ഫേസ്ബുക്കിനെതിരേ എഫ്ടിസി ആന്റി ട്രസ്റ്റ് അന്വേഷണം നടത്തുന്നുണ്ട്. എട്ട് സംസ്ഥാനങ്ങളില്‍നിന്നുള്ള ഒരു കൂട്ടം സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും ഫേസ്ബുക്കിന്റെ മത്സരരീതികളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച് നിയമനിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ സുക്കര്‍ബെര്‍ഗ് കമ്പനിയുടെ ഇമേജ് നന്നാക്കാനുള്ള ശ്രമമാണു നടത്തിയിരിക്കുന്നതെന്നാണു നിരീക്ഷകര്‍ പറയുന്നത്.

Comments

comments

Categories: Top Stories