ഭക്ഷണം പാഴായിപ്പോകുന്നത് തടയാന്‍ എഐ അധിഷ്ഠിത ഉല്‍പ്പന്നവുമായി യുഎഇ

ഭക്ഷണം പാഴായിപ്പോകുന്നത് തടയാന്‍ എഐ അധിഷ്ഠിത ഉല്‍പ്പന്നവുമായി യുഎഇ

യുഎഇയുടെ ഭക്ഷ്യ മാലിന്യ നിയന്ത്രണ യജ്ഞത്തില്‍ പങ്കാളികളാകാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഹ്വാനം

ദുബായ്: ലക്ഷക്കണക്കിന് ടണ്‍ ഭക്ഷണമാണ് ഓരോ ദിവസവും ലോകത്ത് പാഴായിപ്പോകുന്നത്. മറുവശത്താണെങ്കിലോ ഭക്ഷണമില്ലാതെ ആയിരക്കണക്കിനാളുകള്‍ പ്രതിദിനം മരിക്കുകയും ചെയ്യുന്നു. ഈ വിപത്തിനെ നേരിടാന്‍ എല്ലാ രാജ്യങ്ങളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അത്തരമൊരു ഉദ്യമവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇയിലെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു ഉല്‍പ്പന്നത്തിന്റെ സഹായത്തോടെയാണ് അനാവശ്യമായി പാഴായിപ്പോകുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ ഇവര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.

വിഷന്‍ എന്നാണ് കൃത്രിമബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഉല്‍പ്പന്നത്തിന്റെ പേര്. അടുക്കളയില്‍ പാഴായിപ്പോകുന്ന ഭക്ഷണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുകയാണ് വിഷന്റെ ചുമതല. ഫുഡ് ടെക് കമ്പനിയായ വിന്നൗ ആണ് വിഷന്‍ എന്ന ആശയം അവതരിപ്പിച്ചത്. സ്ഥിരമായി പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെയാണെന്ന് അടുക്കള കൈകാര്യം ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ വിഷന്‍ എന്ന ഉല്‍പ്പന്നം സഹായിക്കുന്നു. വീടുകളില്‍ ഇക്കാര്യം നമുക്ക് പെട്ടെന്ന് അറിയാന്‍ സാധിക്കും. എന്നാല്‍ നൂറുകണക്കിന് ആളുകള്‍ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലുകളിലും മറ്റും ഏതൊക്കെ ഭക്ഷണങ്ങളാണ് ചിലവാകുന്നത്, പാഴാകുന്നത് എന്നതറിയുക ബുദ്ധിമുട്ടാണ്. പതിവായി മാലിന്യപ്പെട്ടിയിലേക്ക് തള്ളുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ കഴിഞ്ഞാല്‍ പിന്നീട് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റിലും മെനുവിലും അവയുടെ അളവ് ക്രമീകരിക്കാനും അതുവഴി ചിലവ് കുറയ്ക്കാനും സാധിക്കുമെന്നതാണ് വിഷനിലൂടെ കൈവരുന്ന നേട്ടം. ഭക്ഷ്യമാലിന്യമെന്ന പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമാകുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയ വകുപ്പ് മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, കൃത്രിമബുദ്ധി കാര്യ മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലമ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞിടെ യുഎഇയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി യുഎഇയുടെ ഭക്ഷ്യമാലിന്യ നിയന്ത്രണ യജ്ഞത്തില്‍ രാജ്യത്തെ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വന്നൗവുമായി സഹകരിച്ച് 2019ല്‍ രണ്ട് ദശലക്ഷം ഒരു നേരത്തേക്കുള്ള ആഹാരവും 2020ല്‍ മൂന്ന് ദശലക്ഷം ഒരു നേരത്തേക്കുള്ള ആഹാരവും പാഴായിപ്പോകുന്നത് തടയുമെന്ന് കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം പ്രതിജ്ഞയെടുത്തിരുന്നു.

യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030 ഓടെ ഭക്ഷ്യമാലിന്യത്തിന്റെ അളവ് പകുതിയായി കുറയ്ക്കുകയെന്നുള്ള ആഗോള ലക്ഷ്യത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍ സെയൂദി പറഞ്ഞു. വലിയൊരു മാറ്റം സ്വന്തമാക്കുമെന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖല ഈ പ്രതിജ്ഞയുടെ ഭാഗമാകണമെന്നും ഭക്ഷ്യമാലിന്യത്തിന്റെ അളവ് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്‍ സെയൂദി ആവശ്യപ്പെട്ടു. കൃത്രിമബുദ്ധിയുടെ സഹായത്തോടെയാണ് യുഎഇ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ആഗോള മത്സരക്ഷമതാ സൂചികകളിലെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുന്നതെന്ന് അല്‍ ഒലമ പറഞ്ഞു. ഇതിനായി പൊതു, സ്വകാര്യ മേഖലകളുടെ ഒന്നിച്ചുള്ള പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യമാലിന്യത്തിനെതിരെയുള്ള ആഗോള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് യുഎഇയിലെ ഹോസ്പിറ്റാലിറ്റി മേഖലയാണെന്ന് വിന്നൗ സിഇഒ മാര്‍ക് സോണ്‍സ് പറഞ്ഞു. ബിസിനസിനും ഭൂമിക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവര്‍ തെളിയിക്കുന്നതെന്നും സോണ്‍സ് പഞ്ഞു. എന്നിരുന്നാലും നാം തുടങ്ങിയിട്ടേ ഉള്ളുവെന്നും മോഹനമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ദുബായ് മുനിസിപ്പാലിറ്റി, ഇത്തിഹാദ് എയര്‍വെയ്‌സ്, ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലുകള്‍, ജെ എ റിസോര്‍ട്ട്‌സ് ആന്‍ഡ് ഹോട്ടല്‍സ്, മേയര്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനി എന്നിവര്‍ യുഎഇയുടെ ഭക്ഷ്യമാലിന്യ നിയന്ത്രണ പ്രതിജ്ഞയില്‍ ഒപ്പുവെച്ചു.

Comments

comments

Categories: Arabia