ഭാഷാ പഠനത്തിന്റെ ആവശ്യകതയും സാധ്യതകളും

ഭാഷാ പഠനത്തിന്റെ ആവശ്യകതയും സാധ്യതകളും

മനുഷ്യന് ഇന്ന് കാണുന്ന വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതും കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് മുന്നോട്ടു കുതിക്കാന്‍ പ്രാപ്തനാക്കിയതും അവന്‍ നേടിയെടുത്ത അപാരമായ ഭാഷാ വ്യവഹാര സംസ്‌കാരമാണ്. ഭാഷാ പ്രാവീണ്യം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ നമ്മള്‍ ഇന്നും ശിലായുഗത്തില്‍ രമിക്കുമായിരുന്നു. മലയാള ഭാഷയെ നെഞ്ചോടു ചേര്‍ക്കുന്ന മലയാളി ഇന്ന് പല അതിര്‍ത്തികളും താണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടുക എന്നത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു

ലോകത്തെ എല്ലാ ജീവി വര്‍ഗങ്ങളും പരസ്പരം ആശയവിനിമയം നടത്തിക്കൊണ്ടാണ് മുന്നോട്ടു പോവുന്നത്. എന്നാല്‍ ഭാഷയുടെ അടിസ്ഥാനം എന്ന് പറയുന്നത് കാര്യങ്ങളെ യഥാവിധം മനസിലാക്കുക, അതിനനുസൃതമായി പ്രതികരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ്. പരസ്പരം ആശയ കൈമാറ്റം നടത്താന്‍ 93% ആവശ്യമായി വരുന്നത് ശാരീരികമായ അംഗവിക്ഷേപങ്ങളും ഭാവ പ്രകടനങ്ങളുമാണ്. ശാരീരികമായ ഭാവ വ്യതാസങ്ങള്‍ ഇല്ലാതെ ആശയവിനിമയം നടത്താന്‍ ശ്രമിച്ചാല്‍ പലപ്പോഴും അതിന് മതിയായ ഫലം ലഭിച്ചുകൊള്ളണമെന്നില്ല. മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി ആശയവിനിമയം നടത്താന്‍ അപാരമായ കഴിവും പ്രാപ്തിയും ഉള്ള ജീവിയാണ് മനുഷ്യന്‍.

മനുഷ്യന് ഇന്ന് കാണുന്ന വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതും കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് മുന്നോട്ടു കുതിക്കാന്‍ പ്രാപ്തനാക്കിയതും അവന്‍ നേടിയെടുത്ത അപാരമായ ഭാഷാ വ്യവഹാര സംസ്‌കാരമാണ്. ഭാഷാ പ്രാവീണ്യം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ നമ്മള്‍ ഇന്നും ശിലായുഗത്തില്‍ രമിക്കുമായിരുന്നു.

ഒരേ ഭാഷക്ക് തന്നെ ശുദ്ധമായ ഭാഷാ ശൈലിയും അതിന്റേതായ നാടന്‍ (Colloquial) ശൈലിയുമുണ്ട്. രണ്ടു രീതിയില്‍ പ്രയോഗിച്ചാലും അതിന്റെ അര്‍ത്ഥങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നില്ല. എങ്കിലും നമ്മള്‍ സംസാരിക്കുന്ന ഭാഷക്ക് ജനകീയമായ അംഗീകാരം കിട്ടണമെങ്കില്‍ അതിന്റെ ശുദ്ധമായ രീതിപ്രയോഗങ്ങള്‍ തന്നെ സ്വായത്തമാക്കണം. ഭാഷാ വിപണനം പലരീതിയിലും നടക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ഭാഷ ആധികാരികമായി ഒരു സംസ്‌കാരത്തിന്റെ സ്വരരൂപമാണ്. ഒരു ജാതിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത്, ഒരു പ്രത്യേക ദേശത്തിന്റെ മാത്രം സാംസ്‌കാരിക ഭാഷ എന്നിങ്ങനെ ഭാഷ പലവിധമുണ്ട്. ഇതൊന്നുമല്ലാതെ ഒരു ഭാഷ തന്നെ വീണ്ടും അര്‍ത്ഥമാറ്റങ്ങള്‍ വരുത്തി കോഡിംഗ് സംവിധാനത്തില്‍ ഉപയോഗിച്ച് വരുന്ന രീതികളും ഉണ്ട്.

ഭാഷയുടെ ഉല്‍ഭവത്തെ കുറിച്ച് പല ആളുകളും പല രീതിയില്‍ വ്യാഖ്യാനം നല്‍കുന്നു. ഇവയില്‍ നമുക്ക് യോജിച്ചു നില്‍ക്കാന്‍ കഴിയുന്ന ആശയമാണ് ജീവോല്‍പ്പത്തി. ഭൂമിയില്‍ എന്ന് ജീവികള്‍ ഉണ്ടായി തുടങ്ങിയോ അന്ന് മുതല്‍ ആശയ കൈമാറ്റവും നടന്നു വരുന്നു. ഈ ആശയവിനിമയത്തിന്റെ പണ്ഡിത രൂപങ്ങള്‍ ആണ് വേദങ്ങള്‍, സ്മൃതികള്‍, സംഗീതം എന്നിവയെല്ലാം.

ഭൂമിയില്‍ ജീവനും ജീവികളും ആവിര്‍ഭവിച്ചത് മുതല്‍ കണ്ടുവരുന്നതാണ് കീഴ്‌പ്പെടുത്തുക അല്ലെങ്കില്‍ കീഴടങ്ങുക എന്നീ പ്രതിഭാസങ്ങള്‍. ജൈവ വ്യവസ്ഥ പരിശോധിച്ചാല്‍ പണ്ടുണ്ടായിരുന്ന പല ജീവി വര്‍ഗങ്ങളും ഇന്ന് ഭൂമിയിലില്ലെന്ന് മനസിലാക്കാനാവും. അതുപോലെ പല ജീവികള്‍ക്കും ശാരീരികവും ബൗദ്ധികവുമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. സമാനമായി ഭാഷാരൂപങ്ങള്‍ക്കും ക്ഷതം സംഭവിക്കുകയും പല ഭാഷകളും അസ്തിത്വം നിലനിര്‍ത്താന്‍ പാടുപെടുകയും ചെയ്യുന്നു. ചില ഭാഷകള്‍ മറ്റുള്ളവയ്ക്ക് മേല്‍ മേല്‍ക്കോയ്മ നേടുന്നതായും കാണുന്നുണ്ട്. ഇപ്രകാരം ഇതര ഭാഷകള്‍ക്ക് മേല്‍ അധീശത്വം നേടിയ ഒരു ഭാഷയാണ് ആംഗലേയം അഥവാ ഇംഗ്ലീഷ് ഭാഷ. അതിന്റെ കാരണങ്ങളിലൊന്നാണ് പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കുടിയേറ്റം. ന്യൂസിലന്‍ഡ്, ഐസ്‌ലന്‍ഡ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഈ കുടിയേറ്റം ഉണ്ടായത്. കുടിയേറ്റം നടക്കുമ്പോള്‍ പലപ്പോഴും ഭാഷകള്‍ സങ്കര സ്വഭാവം നേടുകയും സാംസ്‌കാരിക വ്യവഹാര രൂപത്തില്‍ മുന്നോട്ടു കുതിക്കുന്ന ഭാഷ ക്രമേണ ജീവിതഭാഷയായി മാറ്റപ്പെടുകയും ചെയ്യും.

രണ്ടാമത്തെ ഘടകം പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും കോളനികള്‍ സ്ഥാപിച്ചതാണ്. നൂറ്റാണ്ടുകളോളം ആ രാജ്യങ്ങള്‍ ഭരിക്കാനും അവിടങ്ങളില്‍ അവരുടെ ഭാഷാ സംസ്‌കാരവും ജീവിതരീതിയും പടര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇംഗ്ലീഷ് ഭാഷ അവിടങ്ങളിലെല്ലാം സ്വാധീനം നേടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി ഈ സാമ്രാജ്യത്തം മാറി. മറ്റൊരു പ്രധാന കാരണം, ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്ക ഒരു ലോക ശക്തിയായി വളര്‍ന്നു വന്നതും കച്ചവടങ്ങളിലും ആയുധ വ്യവഹാരങ്ങളിലും അവര്‍ മുന്‍തൂക്കം നേടിയെടുത്തതുമാണ്. ഇതുമൂലം ഇംഗ്ലീഷ് ഭാഷാ സംസ്‌കാരം എല്ലാ രാജ്യങ്ങള്‍ക്കും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു സംഗതിയായി മാറുകയും ചെയ്തു.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ മാതൃഭാഷയായി സംസാരിക്കുന്ന ഭാഷയെന്ന പദവി എന്നിട്ടും ഇംഗ്ലീഷിന് ലഭിച്ചിട്ടില്ല. 130 കോടി ആളുകള്‍ മാതൃഭാഷയായി സംസാരിക്കുന്ന ചൈനീസ് ഭാഷയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് 46 കോടി ആളുകള്‍ സംസാരിക്കുന്ന സ്പാനിഷ് ഭാഷ. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് മാതൃഭാഷയായി സംസാരിക്കുന്നത് 37.9 കോടി ആളുകളാണ്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ രാഷ്ട്ര ഭാഷയായ ഹിന്ദിയുണ്ട്. 34.1 കോടി ആളുകളാണ് മാതൃഭാഷയായി ഹിന്ദി സംസാരിക്കുന്നത്. അറബി (31.5 കോടി), ബംഗാളി (22.8 കോടി), പോര്‍ച്ചുഗീസ് (22 കോടി), റഷ്യന്‍ (15.3 കോടി), ജാപ്പനീസ് (12.8 കോടി), പഞ്ചാബി പ്രാദേശിക ഭാഷയായ ലഹാണ്ട (11.8 കോടി) എന്നിവയാണ് ആദ്യ പത്തിലുള്ള ഭാഷകള്‍.

എന്നാല്‍ ഈ ഭാഷകളില്‍ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി മേല്‍ക്കൈ നേടിയത് ഇംഗ്ലീഷ് ഭാഷയാണെന്നും അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ലോകഭാഷയായി മാറിയെന്നും എല്ലാവരും അംഗീകരിക്കുന്നു. അതിന്റെ പ്രധാന കാരണം അറിവുകളുടെ ശേഖരങ്ങള്‍ മിക്കതും ഇംഗ്ലീഷ് ഭാഷയില്‍ കുടികൊള്ളുന്നു എന്നതാണ്. ഇന്ന് അറിവുകള്‍ നേടാനുള്ള നമ്മുടെ ആദ്യ ശ്രമങ്ങള്‍ നടക്കുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. ഭാഷ പഠിക്കാന്‍ നമുക്ക് പ്രത്യക യോഗ്യതകള്‍ ഒന്നും വേണ്ട, എന്നാല്‍ യോഗ്യതകള്‍ നേടിയെടുക്കാന്‍ ഭാഷ കൂടിയേ തീരൂ.

മലയാള ഭാഷയെ നെഞ്ചോടു ചേര്‍ക്കുന്ന മലയാളി ഇന്ന് പല അതിര്‍ത്തികളും താണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുക എന്നത് ഒഴിച്ച് കൂടാന്‍ കഴിയാത്ത കാര്യമായി മാറിയിരിക്കുന്നു. വിവിധ ഭാഷകളില്‍ ഭാഷാ പ്രാവീണ്യം കൈവരിക്കാനായി ഭാഷാ ക്ലബ്ബുകള്‍ എല്ലായിടങ്ങളിലും ഉണ്ടാക്കിയെടുക്കുന്നത് ഒരു പക്ഷേ വളരെ സഹായിക്കും. കാര്യങ്ങള്‍ നന്നായി അറിയാമെങ്കിലും വിഷയം വിവിധ ഭാഷകളില്‍ കൈമാറ്റം ചെയ്യാന്‍ പലപ്പോഴും നമുക്ക് പരിമിതികള്‍ ഉണ്ടാവുന്നുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും മറ്റു സാംസ്‌കാരിക വേദികളിലും ഓരോ ഭാഷാ കേന്ദ്രങ്ങള്‍ ഉണ്ടാവുന്നത് ഈ സാഹചര്യത്തില്‍ വളരെ ഫലവത്താവും. ഒരു നല്ല പഠിതാവിനേ ഭാഷയെ സ്‌നേഹിക്കാന്‍ കഴിയൂ. ഇങ്ങനെ ഭാഷയെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് മാത്രമേ സഫലമായ ആശയ കൈമാറ്റങ്ങള്‍ നടത്താനും സാധിക്കൂ. ആശയങ്ങള്‍ കൈമാറുമ്പോഴാണ് സാംസ്‌കാരിക ചലനങ്ങളും വ്യാപാര വ്യവഹാരങ്ങളും അതുപോലെ സാമ്പത്തിക മുന്നേറ്റങ്ങളും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നേടിയെടുക്കാനാവുക.

ഭാഷ എന്ന് പറയുമ്പോള്‍ അത് ഇംഗ്ലീഷില്‍ മാത്രം ഒതുക്കേണ്ടതില്ല. നമ്മുടെ മലയാള ഭാഷയും സ്ഫുടമായി സംസാരിക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ഇത്തരം ഭാഷാ ക്ലബ്ബുകള്‍ ഉപകാരപ്പെടുമെന്ന് തീര്‍ച്ച.

Categories: FK Special, Slider