ദ സോയ ഫാക്ടര്‍ (ഹിന്ദി)

ദ സോയ ഫാക്ടര്‍ (ഹിന്ദി)

സംവിധാനം: അഭിഷേക് ശര്‍മ
അഭിനേതാക്കള്‍: സോനം കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, അനില്‍ കപൂര്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 16 മിനിറ്റ്

സോയ സോളങ്കി (സോനം കപൂര്‍) 1983 ജൂണ്‍ 25-നാണ് ജനിച്ചത്. ഈ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. അന്നാണ് ഇന്ത്യ ലോക കപ്പ് ക്രിക്കറ്റ് കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്. പക്ഷേ, സോയയ്ക്ക് ക്രിക്കറ്റിനോട് ഒട്ടും താല്‍പര്യമില്ല. എന്നാല്‍ സോയയുടെ പിതാവ് (സഞ്ജയ് കപൂര്‍), മൂത്ത സഹോദരന്‍ (സിക്കന്ദര്‍ ഖേര്‍) എന്നിവര്‍ ക്രിക്കറ്റ് ഭ്രാന്തന്‍മാരാണ്. മുംബൈയിലെ ഒരു മുന്‍നിര അഡ്വര്‍ടൈസിംഗ് ഏജന്‍സിയില്‍ ജൂനിയര്‍ കോപ്പി റൈറ്ററായി ജോലി ചെയ്യുന്ന സോയയ്ക്ക് ഒരിക്കല്‍ ഒരു അസൈന്‍മെന്റ് ലഭിക്കുന്നു. അത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമുള്ള പരസ്യ ചിത്രീകരണമാണ്.

ക്രിക്കറ്റ് ടീമിന്റെ നായകനാണ് നിഖില്‍ ഖോഡ (ദുല്‍ഖര്‍ സല്‍മാന്‍). ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമുള്ള പരസ്യ ചിത്രീകരണത്തിനിടെ സോയ ടീമം അംഗങ്ങളുമായി കൂടുതല്‍ അടുക്കുന്നു. സോയ ടീമിന് ഭാഗ്യം കൊണ്ടുവരുന്ന ഒരു ഘടകമാണെന്ന് ടീമംഗങ്ങള്‍ തിരിച്ചറിയുന്നു. തോറ്റു കൊണ്ടിരുന്ന ടീമിന്റെ ഒപ്പം സോയ ഒരിക്കല്‍ പ്രഭാത ഭക്ഷണം കഴിക്കാനിട വരികയും ആ ദിവസം ടീം കളി വിജയിക്കുകയും ചെയ്യുമ്പോഴാണ് ടീമംഗങ്ങള്‍ സോയ ഒരു ഭാഗ്യ ചിഹ്നമാണെന്നു തിരിച്ചറിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്ധവിശ്വാസങ്ങള്‍ക്കു പേരു കേട്ടതാണല്ലോ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് ഇത്തരം വിശ്വാസങ്ങളുണ്ടായിരുന്നെന്നു പറയപ്പെടുന്നു. അദ്ദേഹം ബാറ്റിംഗിന് ഇറങ്ങും മുന്‍പ് ആദ്യം പാഡ് അണിഞ്ഞിരുന്നത് ഇടതു കാലിലായിരുന്നു. അതു പോലെ വീരേന്ദര്‍ സേവാഗ് ചുവന്ന കര്‍ച്ചീഫ് പാന്റിന്റെ പോക്കറ്റില്‍ കരുതുമായിരുന്നു. സമാനമായൊരു കഥയാണ് ഈ ചിത്രത്തിലും പരാമര്‍ശിച്ചിരിക്കുന്നത്. മോശം പ്രകടനം നടത്തിയിരുന്ന ടീം നിരവധി വിജയങ്ങള്‍ കരസ്ഥമാക്കുന്നു. അതിനൊക്കെ കാരണമായി തീരുന്നത് സോയയാണെന്ന് ടീം വിശ്വസിക്കുന്നു. നിഖിലിനു പക്ഷേ ഇക്കാര്യത്തില്‍ വിശ്വാസമില്ല. ആത്മവിശ്വാസം, കഠിനാധ്വാനം എന്നിവയെയാണ് ആശ്രയിക്കേണ്ടതെന്ന അഭിപ്രായമാണു നിഖിലിനുള്ളത്. എന്നാല്‍ ടീമംഗങ്ങള്‍ സോയയോടാണു കടപ്പെട്ടിരിക്കുന്നത്. ഇതിനിടെ സോയയും നിഖിലും പ്രണയത്തിലാകുന്നുമുണ്ട്.

അനൂജ ചൗഹാന്‍ എഴുതിയ ദ സോയ ഫാക്ടര്‍ എന്ന നോവലില്‍നിന്നുള്ള ആശയമാണ് അതേ പേരില്‍ സിനിമയാക്കിയിരിക്കുന്നത്. സിനിമയിലെത്തുമ്പോഴും നോവലിലെ ആശയം ശോഭയുള്ളതു തന്നെ. ഒരു ‘ഫീല്‍ ഗുഡ് ‘ ഫാക്ടര്‍ വര്‍ക്കൗട്ട് ആയിട്ടുണ്ട്. സംഭവിക്കാന്‍ സാധ്യതയില്ലെന്നു കരുതുന്ന കാര്യങ്ങളെ പോലും സിനിമ രസകരമായി കൈകാര്യം ചെയ്തിരിക്കുന്നു. ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. 2018-ല്‍ പുറത്തിറങ്ങിയ കര്‍വാനായിരുന്നു ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം. അതൊരു റോഡ് മൂവിയായിരുന്നു. ക്രിക്കറ്റ്, അഡ്വര്‍ടൈസിംഗ്, റൊമാന്‍സ് എന്നിവയിലൂടെ സഞ്ചരിക്കുന്നതാണ് ദ സോയ ഫാക്ടര്‍. ചിത്രത്തില്‍ ദുല്‍ഖറിന്റെ വശ്യശക്തി അഥവാ ചാം ആകര്‍ഷണീയത തന്നെയാണ്. ഉല്ലാസവാനായ കഥാപാത്രത്തില്‍നിന്നും ഗൗരവക്കാരനായി മാറുന്നതടക്കം ബ്രില്യന്‍ പെര്‍ഫോമന്‍സാണു ദുല്‍ഖര്‍ കാഴ്ചവച്ചിരിക്കുന്നത്. ഒരു ക്രിക്കറ്റ് താരത്തിന്റെ ശരീര ഭാഷ അഥവാ ബോഡി ലാംഗ്വേജൊന്നും ദുല്‍ഖറില്‍ തോന്നുന്നില്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്നതിനേക്കാള്‍ അടുത്ത വീട്ടിലെ പയ്യനെന്ന തോന്നലാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്.

ദുല്‍ഖറിന്റെയൊപ്പം തുല്യവേഷമാണു ചിത്രത്തില്‍ സോനം കപൂറിന്റേത്. ജൂനിയര്‍ കോപ്പി റൈറ്ററായെത്തുന്ന സോയ സോളങ്കി എന്ന കഥാപാത്രം സോനത്തിനു നന്നായി യോജിച്ചിരിക്കുന്നു. ചിത്രത്തിന്റെ ശ്രദ്ധേയവും ആകര്‍ഷകവുമായ ഘടകമെന്നു പറയാവുന്നത് ഈ ചിത്രം ഭാഗ്യവും കഠിനാദ്ധ്വാനവും ചര്‍ച്ച ചെയ്യുന്നു എന്നതാണ്. ഭാഗ്യചിഹ്നമെന്നു കരുതുന്ന യുവതിയുടെ അഭാവത്തില്‍ ഒരു മത്സരം വിജയിക്കാന്‍ ശ്രമിക്കുന്ന ഒരു ടീമിന്റെ കഥ കൂടിയാണിത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ചതാണ്. സൗണ്ട്ട്രാക്ക് ഷങ്കര്‍ എഹ്‌സാന്‍ ലോ എന്നിവരുടേതാണ്. പ്രദുമന്‍ സിംഗിന്റെ സംഭാഷണവും മികച്ചതായിരിക്കുന്നു. എന്നാല്‍ കഥ പറച്ചിലില്‍ ഉന്മേഷം പ്രകടമാകുന്നില്ല. മന്ദമായി, ഇഴഞ്ഞു പോകുന്നതു പോലെ തോന്നും. മുന്‍നിര വേഷങ്ങള്‍ അവതരിപ്പിച്ച ദുല്‍ഖറും സോനവും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി അത്ര പോരാ എന്നൊരു അഭിപ്രായം പൊതുവേയുണ്ട്.

Comments

comments

Categories: Movies