ഇലക്ട്രിക് വാഹന വിപണിയില്‍ പോളാരിറ്റിയുടെ സിക്‌സര്‍!

ഇലക്ട്രിക് വാഹന വിപണിയില്‍ പോളാരിറ്റിയുടെ സിക്‌സര്‍!

എസ്1കെ, എസ്2കെ, എസ്3കെ, ഇ1കെ, ഇ2കെ, ഇ3കെ എന്നീ ആറ് ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കി. യഥാക്രമം 40,000 രൂപ, 70,000 രൂപ, 1.10 ലക്ഷം രൂപ, 38,000 രൂപ, 65,000 രൂപ, 1.05 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില

പുണെ ആസ്ഥാനമായ പോളാരിറ്റി എന്ന ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ‘പേഴ്‌സണല്‍ മൊബിലിറ്റി വാഹനങ്ങള്‍’ (പിഎംവി) അനാവരണം ചെയ്തു. എസ്1കെ, എസ്2കെ, എസ്3കെ, ഇ1കെ, ഇ2കെ, ഇ3കെ എന്നീ ആറ് ഇലക്ട്രിക് ബൈക്കുകളാണ് പുറത്തിറക്കിയത്. യഥാക്രമം 40,000 രൂപ, 70,000 രൂപ, 1.10 ലക്ഷം രൂപ, 38,000 രൂപ, 65,000 രൂപ, 1.05 ലക്ഷം രൂപയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന എക്‌സ് ഷോറൂം വില. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ വിലയില്‍ മാറ്റം വരുത്തിയേക്കും. യഥാക്രമം 1 കിലോവാട്ട്, 2 കിലോവാട്ട്, 3 കിലോവാട്ട്, 1 കിലോവാട്ട്, 1.5 കിലോവാട്ട്, 2.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്മാര്‍ട്ട് ബൈക്കുകള്‍ ഉപയോഗിക്കുന്നത്.

ഇലക്ട്രിക് ബൈക്കുകളുടെ പേരിലെ ‘എസ്’ സ്‌പോര്‍ട്‌സ് എന്നും ‘ഇ’ എക്‌സിക്യൂട്ടീവ് എന്നുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. പോളാരിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 1,001 രൂപയാണ് ടോക്കണ്‍ തുക. പ്രീ-ബുക്കിംഗ് റദ്ദാക്കിയാല്‍ പണം തിരികെ തരും. 2020 ആദ്യ പാദത്തില്‍ ഇലക്ട്രിക് ബൈക്കുകള്‍ ഡെലിവറി ചെയ്തുതുടങ്ങും. ആദ്യ വര്‍ഷം 15,000 യൂണിറ്റ് ബൈക്കുകള്‍ നിര്‍മ്മിച്ചു വില്‍ക്കുകയാണ് ലക്ഷ്യം. ബീയിംഗ് ഹ്യൂമന്റെ ഇലക്ട്രിക് സൈക്കിളുകള്‍ എതിരാളികളായി വരും.

എല്‍ഇഡി ലൈറ്റുകള്‍, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ ഇലക്ട്രിക് ബൈക്കുകളിലെ ഫീച്ചറുകളാണ്. പോളാരിറ്റി സ്മാര്‍ട്ട് ബൈക്കുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ആപ്പുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കും. രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വഴി ബൈക്ക് നിയന്ത്രിക്കാം. എസ്3കെ, ഇ3കെ മോഡലുകളില്‍ ജിപിഎസ് നാവിഗേഷന്‍ സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. മറ്റ് മോഡലുകളില്‍ ഈ ഫീച്ചറുകള്‍ ഓപ്ഷണലായി ലഭിക്കും. മെക്കാനിക്കലായും ഡിജിറ്റലായും ഇലക്ട്രിക് ബൈക്കുകള്‍ വളരെയധികം കസ്റ്റമൈസ് ചെയ്യാന്‍ കഴിയും.

വിവിധ മോഡലുകളില്‍ വിവിധ ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ബാറ്ററിക്ക് മൂന്ന് വര്‍ഷ വാറന്റി ലഭിക്കും. സ്റ്റാന്‍ഡേഡ്, ഹോം പ്ലഗ്-ഇന്‍ ചാര്‍ജറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാര്‍ജര്‍ ഓപ്ഷണലായി ലഭിക്കും. ബാറ്ററി സെല്ലുകള്‍, മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവ ഇറക്കുമതി ചെയ്യും. ബാക്കിയെല്ലം ഇന്ത്യയില്‍നിന്നുതന്നെ ശേഖരിക്കും. പെഡല്‍ ഉപയോഗിച്ചും ഇലക്ട്രിക് ബൈക്കുകള്‍ ഓടിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ബാറ്ററി ചാര്‍ജ് തീര്‍ന്നാലും ആശങ്കപ്പെടേണ്ടതില്ല.

ഓരോ മോഡലിന്റെയും കൃത്യം റേഞ്ച് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സിംഗിള്‍ ചാര്‍ജില്‍ എല്ലാ ബൈക്കുകളും 80 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കും. എസ്1കെ, എസ്2കെ, എസ്3കെ എന്നീ സ്‌പോര്‍ട്‌സ് സീരീസ് മോഡലുകളുടെ ടോപ് സ്പീഡ് യഥാക്രമം 45 കിമീ/മണിക്കൂര്‍, 70 കിമീ/മണിക്കൂര്‍, 100 കിമീ/മണിക്കൂര്‍ എന്നിങ്ങനെയാണ്. ഇ1കെ, ഇ2കെ, ഇ3കെ എന്നീ എക്‌സിക്യൂട്ടീവ് സീരീസ് ഇലക്ട്രിക് ബൈക്കുകളുടെ ടോപ് സ്പീഡ് യഥാക്രമം 40 കിമീ/മണിക്കൂര്‍, 60 കിമീ/മണിക്കൂര്‍, 80 കിമീ/മണിക്കൂര്‍ എന്നിങ്ങനെയും.

ഭാരം കുറഞ്ഞ സ്റ്റീല്‍ ഫ്രെയിമിലാണ് ഇലക്ട്രിക് ബൈക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹബ്ബില്‍ ഘടിപ്പിച്ചിരിക്കുന്നത് ബ്രഷ്‌ലെസ് ഡയറക്റ്റ് കറന്റ് (ബിഎല്‍ഡിസി) ഇലക്ട്രിക് മോട്ടോറാണ്. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. സസ്‌പെന്‍ഷന്‍ ക്രമീകരിക്കാന്‍ കഴിയും. എല്ലാ മോഡലുകളുടെയും കെര്‍ബ് വെയ്റ്റ് 55 കിലോഗ്രാമിന് താഴെയാണ്. നോബി ടയറുകള്‍ സഹിതം വലിയ സ്‌പോക്ക് വീലുകളിലാണ് ഇലക്ട്രിക് ബൈക്കുകള്‍ വരുന്നത്.

Comments

comments

Categories: Auto