കമ്പനികള്‍ക്ക് കേന്ദ്ര ബമ്പര്‍

കമ്പനികള്‍ക്ക് കേന്ദ്ര ബമ്പര്‍
  • 1.45 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ്
  • കോര്‍പ്പറേറ്റ് നികുതി 30% ല്‍ നിന്ന് 22 ലേക്ക് കുറച്ചു
  • പുതിയ കമ്പനികള്‍ക്ക് 2023 വരെ 15% നികുതി മാത്രം
  • മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് 18.5 ല്‍ നിന്ന് 15% ആക്കി

നികുതി ഇളവുകളിലൂടെ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 1.45 ലക്ഷം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. സമ്പദ് വ്യവസ്ഥയിലേക്ക് 20 ബില്യണ്‍ ഡോളര്‍ അധികമായി കൂട്ടിച്ചേര്‍ക്കാന്‍ ഇത് സഹായിക്കും. നികുതി അനുസരണാ ശീലവും നികുതിയൊടുക്കുന്ന ആളുകളുടെ എണ്ണവും വര്‍ധിക്കും. നികുതി ഇളവുകള്‍ പണപ്പെരുപ്പ ലക്ഷ്യത്തിന് മേല്‍ ചെലുത്താവുന്ന ആഘാതത്തെപ്പറ്റി സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുണ്ട്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നികുതി അവധി ദിനങ്ങളും ആനുകൂല്യങ്ങളും അവസാനിച്ചതിനുശേഷം കമ്പനികള്‍ക്ക് പുതിയ നികുതി നിരക്ക് സ്വീകരിക്കാം. നികുതിയിളവുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോല്‍സാഹിപ്പിക്കുകയും തൊഴിലവസരങ്ങളും സാമ്പത്തിക ഇടപാടുകളും വര്‍ധിപ്പിക്കുകയും ചെയ്യും

-നിര്‍മല സീതാരാമന്‍

പനാജി: സാമ്പത്തിക വളര്‍ച്ചാഗതി തിരികെ പിടിക്കുന്നതിനായി 1.45 ലക്ഷം കോടി രൂപയുടെ വമ്പന്‍ ഉത്തേജന പദ്ധതി പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍. കോര്‍പ്പറേറ്റ് കമ്പനികളുടെ നികുതി 10 ശതമാനത്തോളമാണ് വെട്ടിക്കുറച്ചത്. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. സെസ്, സര്‍ചാര്‍ജ് എന്നിവയുള്‍പ്പെടെ നേരത്തെ 30% കോര്‍പ്പറേറ്റ് നികുതി അടക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇനി 25.17% നികുതി നല്‍കിയാല്‍ മതി. തെക്കു കിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും താഴ്ന്ന കോര്‍പ്പറേറ്റ് നികുതി നിരക്കാണിതെന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ നിരക്കിന് മുന്‍കാല പ്രാബല്യമുണ്ടാകും.

പുതിയതായി രൂപീകരിക്കുന്ന കമ്പനികള്‍ക്കും ബമ്പറടിച്ചിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം ഒന്നാം തിയതിക്കു ശേഷം ആരംഭിക്കുന്ന നിര്‍മാണ കമ്പനികള്‍ 2023 വരെ 15% നികുതിയടച്ചാല്‍ മതിയാകും. സര്‍ചാര്‍ജും സെസ്സും കൂടി ഉള്‍പ്പെടെ 17.01 ശതമാനം നികുതി മാത്രം. നേരത്തെ 25% നികുതിയും സര്‍ചാര്‍ജും സെസുമായിരുന്നു പുതിയ കോര്‍പ്പറേറ്റ് കമ്പനികള്‍ നല്‍കേണ്ടിയിരുന്നത്. രാജ്യത്തെ നിക്ഷേപവും വളര്‍ച്ചയും പ്രോല്‍സാഹിപ്പിക്കുകയാണ് നടപടിയുടെ ഉദ്ദേശ്യമെന്നും നികുതി പരിഷ്‌കരണം സംബന്ധിച്ച് ഉടനെ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം ജൂലൈ അഞ്ചിന് മുന്‍പ് ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളില്‍ നിന്ന് ഓഹരി തിരിച്ചുവാങ്ങുന്നതിന് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്നും കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 20% അധിക നികുതിയാണ് ഇതോടെ പിന്‍വലിക്കപ്പെട്ടത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ ഉള്‍പ്പെടെയുള്ളവരുടെ കൈവശമുള്ള സെക്യൂരിറ്റികളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന മൂലധനത്തിനും അധിക സര്‍ചാര്‍ജ് ഈടാക്കില്ല. സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് നല്‍കാന്‍ ബാധ്യസ്ഥരായ കമ്പനികള്‍ക്ക് ഇക്വിറ്റി വില്‍പ്പനകളിലൂടെ നേടുന്ന വരുമാനത്തിന് ബജറ്റില്‍ വര്‍ധിപ്പിച്ച അധിക സര്‍ചാര്‍ജ് ഈടാക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് തടയാന്‍ ചുമത്തിയിരുന്ന ലെവിയായ മിനിമം ഓള്‍ട്ടര്‍നേറ്റീവ് ടാക്‌സ് 18.5 ല്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടിന്റെ രണ്ട് ശതമാനം ഇന്‍ക്യുബേഷന്‍, ഐഐടികള്‍, എന്‍ഐടികള്‍, നാഷണല്‍ ലബോറട്ടറികള്‍ എന്നിവയ്ക്കായി ചെലവഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ പ്രഖ്യാപിച്ച ബാങ്ക് ലയനം, കയറ്റുമതി-റിയല്‍റ്റി മേഖലയിലെ ഉണര്‍വിനായി 70,000 കോടി രൂപയുടെ ഉത്തേജന പദ്ധതി എന്നിവയ്ക്ക് പിന്നാലെയാണ് ആഭ്യന്തര കമ്പനികള്‍ക്കും മാന്ദ്യകാല ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്രം നടത്തിയത്. രാജ്യമാകെ വായ്പാമേളകള്‍ നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജയ്റ്റ്‌ലിയുടെ വാക്ക് നിറവേറി

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ഓര്‍മകള്‍ പുതുക്കുന്നതാണ്. ജയ്റ്റ്‌ലിയുടെ വാഗ്ദാനമാണ് രണ്ടാം മോദി സര്‍ക്കാര്‍ നിറവേറ്റിയിരിക്കുന്നത്. ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി ആറു മാസം മുന്‍പ്, ജിഎസ്ടി വരുമാനം വര്‍ധിക്കുമ്പോള്‍ എല്ലാ കമ്പനികളുടെയും കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മാര്‍ച്ച് അഞ്ചിന് ജയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഫിക്കി പ്രസിഡന്റ് സന്ദീപ് സോമാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. 2015-16 ലെ ബജറ്റില്‍ നാലു വര്‍ഷത്തിനകം (2019 ല്‍) കോര്‍പ്പറേറ്റ് നികുതി 30 ല്‍ നിന്ന് 25 ശതമാനത്തിലേക്ക് താഴ്ത്തുമെന്നും ജയ്റ്റ്‌ലി അറിയിച്ചിരുന്നു. 2017 ലെ ബജറ്റില്‍ 50 കോടിയില്‍ താഴെ വരുമാനമുള്ള കമ്പനികളുടെ നികുതി 25 ശതമാനത്തിലേക്ക് ജയ്റ്റ്‌ലി കുറയ്ക്കുകയും ചെയ്തു.

വിപണിയില്‍ ഉണര്‍വ്

നികുതി ഇളവ് പ്രഖ്യാപനത്തിന്റെ ആവേശത്തില്‍ കുതിച്ചുയര്‍ന്ന് ഓഹരി വിപണി. ബോംബെ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ സംയുക്ത വിപണി മൂല്യം പ്രഖ്യാപനം വന്നതിന് പിന്നാലെ അഞ്ച് ലക്ഷം കോടിയിലേറെ രൂപ ഉയര്‍ന്നു. 138.54 ലക്ഷം കോടി രൂപയില്‍ നിന്ന് 143.35 ലക്ഷം കോടി രൂപയായാണ് കമ്പനികളുടെ സംയുക്ത മൂല്യം വര്‍ധിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് ഇന്നലെ 1,921.15 പോയന്റ് വര്‍ധിച്ച് 38,014.62 ല്‍ ക്ലോസ് ചെയ്തു. ദേശീയ ഓഹരി വിപണി സൂചികയായി നിഫ്റ്റി50 569.4 പോയന്റിന്റെ നേട്ടമുണ്ടാക്കി 11,274.20 ല്‍ എത്തി. ഒരു ദശാബ്ദത്തിനിടയിലെ പ്രതിദിന റെക്കോഡ് ഉയര്‍ച്ചയാണിത്. 5.32% വീതമാണ് വിപണികള്‍ വളര്‍ന്നത്.

രൂപയ്ക്ക് കരുത്ത്

ധനമന്ത്രിയുടെ പ്രഖ്യാപനം രൂപയ്ക്കും ഗുണകരമായി. 70.67 ലേക്ക് മൂല്യം ഒരു ഘട്ടത്തില്‍ ഉയര്‍ന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ 30 പൈസയുടെ നേട്വുമായി 71.02 ലാണ് ഇന്ത്യന്‍ കറന്‍സി

Categories: FK News, Slider