ഗുജറാത്തില്‍നിന്ന് പത്ത് ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്തതായി മാരുതി സുസുകി

ഗുജറാത്തില്‍നിന്ന് പത്ത് ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്തതായി മാരുതി സുസുകി

മുന്ദ്ര തുറമുഖത്തുനിന്ന് ചിലിയിലേക്ക് ഓക്‌സ്‌ഫോഡ് ബ്ലൂ ഡിസയര്‍ കയറ്റുമതി ചെയ്തു

ന്യൂഡെല്‍ഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പത്ത് ലക്ഷം കാറുകള്‍ കയറ്റി അയച്ചതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോഡ് ബ്ലൂ നിറത്തിലുള്ള ഡിസയര്‍ സെഡാന്‍ ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയിലേക്ക് കയറ്റുമതി ചെയ്തതോടെയാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ലാറ്റിന്‍ അമേരിക്ക, വിദൂര പൗരസ്ത്യ ദേശങ്ങള്‍, യൂറോപ്യന്‍ വിപണികള്‍ എന്നിവിടങ്ങളിലേക്ക് മാരുതി സുസുകി ഇന്ത്യയുടെ കയറ്റുമതി പ്രധാനമായും മുന്ദ്ര തുറമുഖത്തുനിന്നാണ്.

മുന്ദ്ര തുറമുഖത്തുനിന്ന് കയറ്റുമതി ആരംഭിച്ച് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് പ്രധാനപ്പെട്ട നാഴികക്കല്ല് താണ്ടിയതെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി ആയുകാവ പ്രസ്താവിച്ചു. നിര്‍മ്മാണ നിലവാരം, സുരക്ഷ, രൂപകല്‍പ്പന, സാങ്കേതികവിദ്യ എന്നിവയുടെ കാര്യത്തില്‍ ആഗോള നിലവാരത്തിലുള്ള കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് മാരുതി സുസുകിയുടെ കയറ്റുമതി കണക്കുകളെന്നും അദ്ദേഹം പറഞ്ഞു.

മാരുതി സുസുകിയുടെ രണ്ടാമത്തെ കാര്‍ കയറ്റുമതി തുറമുഖമാണ് മുന്ദ്ര. 2009 ജനുവരിയിലാണ് ഇവിടെനിന്ന് കയറ്റുമതി ആരംഭിച്ചത്. പ്രീ-ഡെലിവറി ഇന്‍സ്‌പെക്ഷന്‍ (പിഡിഐ) കേന്ദ്രം, സ്റ്റോക്ക്‌യാര്‍ഡ് എന്നിവ മുന്ദ്ര തുറമുഖത്ത് മാരുതി സുസുകിയുടേതായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ പതിനാല് മോഡലുകളാണ് മാരുതി സുസുകി കയറ്റുമതി ചെയ്യുന്നത്. ഓള്‍ട്ടോ കെ10, സെലെറിയോ, ബലേനോ, ഇഗ്നിസ്, ഡിസയര്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

മുംബൈ തുറമുഖമാണ് മാരുതി സുസുകിയുടെ മറ്റൊരു കയറ്റുമതി കേന്ദ്രം. ആകെ 125 ലധികം രാജ്യങ്ങളിലേക്കാണ് മാരുതി സുസുകി ഇന്ത്യ കാറുകള്‍ കയറ്റുമതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ആകെ കയറ്റുമതി 18 ലക്ഷം യൂണിറ്റ് കടന്നു.

Comments

comments

Categories: Auto