ഗാന്ധി സോളാര്‍ പാര്‍ക്ക് മോദി യുഎന്നിന് സമര്‍പ്പിക്കും

ഗാന്ധി സോളാര്‍ പാര്‍ക്ക് മോദി യുഎന്നിന് സമര്‍പ്പിക്കും

സെപ്റ്റംബര്‍ 24 ന് ഐക്യരാഷ്ട്ര സഭയില്‍ ഗാന്ധിജിയെ കൊണ്ടാടാന്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരത്തില്‍ ഇന്ത്യ നിര്‍മിച്ച സൗരോര്‍ജ പാര്‍ക്ക് ഈ മാസം 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധിയുടെ 150 ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ യുഎന്‍ ആസ്ഥാനത്തിന് സോളാര്‍ പാര്‍ക്ക് നിര്‍മിച്ചു നല്‍കുന്നത്. 193 യുഎന്‍ അംഗരാജ്യങ്ങളെ സൂചിപ്പിച്ച് ഓഫീസ് കെട്ടിടത്തിന്റെ മേല്‍കൂരയില്‍ അത്രയും തന്നെ സോളാര്‍ പാനലുകളുപയോഗിച്ചാണ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഒരു ദശലക്ഷം ഡോളര്‍ ചെലവില്‍ നിര്‍മിച്ച പാര്‍ക്കിന്റെ ഊര്‍ജോല്‍പ്പാദനശേഷി 50 കിലോവാട്ടാണ്. 30,000 കിലോഗ്രാം കല്‍ക്കരിയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജത്തിന് തുല്യമാണിത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ നേതൃത്വപരമായ പങ്ക് വെളിവാക്കുന്ന പദ്ധതി കൂടിയാണിത്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് യുഎന്‍ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും പരിപാടിയോടനുബന്ധിച്ച് നടക്കും.

സമകാലിക ലോകത്ത് ഗാന്ധിയുടെ പ്രസക്തി എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയും ഇന്ത്യ യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടറസ്, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി എം ലീ എച്ച്‌സിയെന്‍ ലൂംഗ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജമൈക്ക പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡ്രേണ്‍ തുടങ്ങിയവര്‍ മോദിയോടൊപ്പം ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. മഹാത്മാഗാന്ധിയുടെ സ്മരണക്കായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രൂപം നല്‍കിയ ഗാന്ധി സമാധാന ഉദ്യാനത്തിന്റെ ഉദ്ഘാടനവും നരേന്ദ്ര മോദി നിര്‍വഹിക്കും. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ 600 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ബൃഹത് പദ്ധതിയാണിത്. ഇരുപത്തേഴാം തിയതി വരെയാണ് മോദിയുടെ യുഎസ് സന്ദര്‍ശനം.

Categories: FK News, Slider