ഡൈമ്‌ലര്‍ ഇനി ഐസി എന്‍ജിനുകള്‍ വികസിപ്പിക്കില്ല

ഡൈമ്‌ലര്‍ ഇനി ഐസി എന്‍ജിനുകള്‍ വികസിപ്പിക്കില്ല

ഇനി മുഴുവന്‍ ശ്രദ്ധയും ഇലക്ട്രിക് വാഹനങ്ങളിലെന്ന് ഡൈമ്‌ലര്‍ വികസന വിഭാഗം മേധാവി

സ്റ്റുട്ട്ഗാര്‍ട്ട്: ആന്തരിക ദഹന എന്‍ജിനുകള്‍ (ഐസി എന്‍ജിന്‍) വികസിപ്പിക്കുന്നത് ജര്‍മ്മന്‍ ഓട്ടോമൊബീല്‍ ഭീമനായ ഡൈമ്‌ലര്‍ അവസാനിപ്പിച്ചു. ഇനി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് ജര്‍മ്മന്‍ ബ്രാന്‍ഡ് മുന്‍ഗണന നല്‍കുന്നത്. വാഹനങ്ങളുടെ വൈദ്യുതീകരണത്തിലാണ് ഇനി പ്രധാനമായും ശ്രദ്ധിക്കുകയെന്ന് ഡൈമ്‌ലര്‍ വികസന വിഭാഗം മേധാവി മാര്‍ക്കസ് ഷഫര്‍ പറഞ്ഞതായി ഒരു ജര്‍മ്മന്‍ മോട്ടോറിംഗ് മാസിക റിപ്പോര്‍ട്ട് ചെയ്തു.

അതായത് ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍, ബാറ്ററികള്‍ എന്നീ മേഖലകളില്‍ ശ്രദ്ധിക്കും. നിലവില്‍ ആന്തരിക ദഹന എന്‍ജിനുകള്‍ വികസിപ്പിക്കാനെടുക്കുന്ന വിഭവങ്ങള്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഇതോടെ, ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമാണ് ഭാവിയെന്ന് ഡൈമ്‌ലര്‍ അംഗീകരിക്കുകയാണ്. വാഹനങ്ങള്‍ വൈദ്യുതീകരിക്കുമെന്ന് ഡൈമ്‌ലറിന്റെ ജര്‍മ്മന്‍ എതിരാളിയായ ഫോക്‌സ്‌വാഗണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡൈമ്‌ലര്‍ തങ്ങളുടെ ഏറ്റവും പുതിയ തലമുറ ആന്തരിക ദഹന എന്‍ജിനുകള്‍ ഈയിടെ അവതരിപ്പിച്ചിരുന്നു. 6 സിലിണ്ടര്‍ എന്‍ജിനാണ് പുതിയ ഇ-ക്ലാസ്, എസ്-ക്ലാസ് മോഡലുകള്‍ക്കും എസ്‌യുവികള്‍ക്കും കരുത്തേകുന്നത്. പുതിയ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തില്‍, ഡൈമ്‌ലര്‍ നിര്‍മ്മിക്കാന്‍ പോകുന്ന അവസാന തലമുറ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഇവയാകാം.

ഇപ്പോഴത്തെ തീരുമാനം ഭാവിയില്‍ മാറ്റിയേക്കാമെന്ന് ഷഫര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മെഴ്‌സേഡസ് ബെന്‍സിന്റെ പുതിയ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ വിപണിയിലെത്തുമെന്ന് മാത്രമല്ല പുതിയ പ്രഖ്യാപനംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡൈമ്‌ലറിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈറ്റ്‌ലൈനറില്‍നിന്ന് ഓള്‍ ഇലക്ട്രിക് ട്രക്കുകളും വിപണിയിലെത്തും.

Comments

comments

Categories: Auto
Tags: Daimler