കയ്യടിക്കേണ്ട പ്രഖ്യാപനങ്ങള്‍

കയ്യടിക്കേണ്ട പ്രഖ്യാപനങ്ങള്‍

കോര്‍പ്പറേറ്റ് നികുതിയലെ വമ്പന്‍ ഇളവ് ഉള്‍പ്പടെയുള്ള ധനമന്ത്രിയുടെ പുതിയ പരിഷ്‌കരണങ്ങള്‍ പ്രതിസന്ധിക്കയത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജമാണ് നല്‍കുന്നത്

ദുര്‍ഘടവും അനിശ്ചിതവുമായ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ നടത്തിയത്. ആഭ്യന്തര കമ്പനികള്‍ക്കും പ്രാദേശിക ഉല്‍പ്പാദന കമ്പനികള്‍ക്കുമുള്ള കോര്‍പ്പറേറ്റ് നികുതി കാര്യമായി കുറച്ചതു തന്നെയാണ് ഏറ്റവും ‘സ്‌ഫോടനാത്മകമായ’ പരിഷ്‌കരണം. സെസും എല്ലാവിധ സര്‍ചാര്‍ജുകളും ഉള്‍പ്പടെ 25.17 ശതമാനമായാണ് കോര്‍പ്പറേറ്റ് നികുതി കുറച്ചിരിക്കുന്നത്. 30 ശതമാനമായിരുന്നു ഇതുവരെയുള്ള നികുതി. ഇന്ത്യ ഇന്‍ക് ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് കോര്‍പ്പറേറ്റ് നികുതി പരിഷ്‌കരണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന കമ്പനികള്‍ക്കുള്ള മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് 18 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചതും ശ്രദ്ധേയമായ നടപടിയാണ്.

ഇന്ത്യയുടെ നികുതി നിരക്ക് മറ്റ് സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മല്‍സരക്ഷമമായി എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്ന വേളയില്‍ ഇന്ത്യ മികച്ചൊരു നിക്ഷേപയിടമായി പരിഗണിക്കപ്പെടാന്‍ ഇത് കാരണമാകും. സാമ്പത്തികരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന അസാധാരണമായ മാന്ദ്യ പ്രവണത സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വേളയിലാണ് ധനമന്ത്രിയുടെ അവസരോചിതമായ ഇടപെടല്‍. സര്‍ക്കാര്‍ ഇന്‍സെന്റിവുകള്‍ നേടാത്ത ഏത് പ്രാദേശിക കമ്പനിക്കും 22 ശതമാനം ആദായ നികുതി അടച്ചാല്‍ മതിയെന്ന പ്രഖ്യാപനവും വിപണിക്ക് കുതിപ്പേകുന്നതാണ്. ഒക്‌റ്റോബര്‍ ഒന്നിന് ശേഷം നിലവില്‍ വരുന്ന, എന്നാല്‍ 2023 മാര്‍ച്ച് മാസത്തോടെ ഉല്‍പ്പാദനം തുടങ്ങാന്‍ സാധിക്കുന്ന ആഭ്യന്തര കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 17 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. ഇന്ത്യന്‍ സബ്‌സിഡിയറികളുള്ള വിദേശ കമ്പനികള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കുമെല്ലാം നികുതി ഇളവുകള്‍ ബാധകമാകുമെന്നത് രാജ്യത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

നികുതി വല കൂടുതല്‍ ബൃഹത്താക്കുന്നതിനും സര്‍ക്കാരിന് ഭാവിയില്‍ ഗുണകരമാകുന്നതിനും കോര്‍പ്പറേറ്റ് നികുതിയിലെ പരിഷ്‌കരണങ്ങള്‍ വഴിവെക്കും. കമ്പനികളുടെ സിഎസ്ആര്‍ ചെലവിടല്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുമാകാമെന്നത് ഇന്ത്യയുടെ ഇന്നൊവേഷന്‍ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തും. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മെഡിസിന്‍ തുടങ്ങിയ മേഖലകളിലെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന ഇന്‍ക്യുബേറ്ററുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്ത തുക ഉപയോഗപ്പെടുത്താമെന്നത് വലിയ സാധ്യതകളാണ് രാജ്യത്തിന് മുന്നില്‍ തുറന്നിടുന്നത്. ഇന്ത്യയുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലേക്ക് വലിയ തോതില്‍ നിക്ഷേപം എത്താന്‍ ഇതിടയാക്കും.

ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവിടലിലെ അപര്യാപ്തതയാണ് ഇന്ത്യയെ ആഗോള മല്‍സരക്ഷമത, ഇന്നൊവേഷന്‍ റാങ്കിംഗുകളില്‍ പിന്‍നിരയിലേക്ക് തള്ളുന്നത്. ഇതില്‍ മൗലികമായ മാറ്റം വരുത്താന്‍ അടിത്തറ പാകുന്നതാണ് നിര്‍മല സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ച പരിഷ്‌കരണം.

കഴിഞ്ഞ 20 ബജറ്റുകളേക്കാളും വലിയ വാര്‍ത്തയെന്നാണ് ഇന്നലത്തെ പ്രഖ്യാപനങ്ങളെ ഒരു വിപണി വിദഗ്ധന്‍ വിശേഷിപ്പിച്ചത്. ഓഹരി വിപണിയില്‍ വന്‍കുതിപ്പാണ് നിര്‍മലയുടെ വാക്കുകള്‍ സൃഷ്ടിച്ചത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 25 പാദങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴ്ന്നിരുന്നു. പണലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രൂക്ഷമായി വിപണി പ്രതിസന്ധിക്കയത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഉത്തേജനം നല്‍കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ സക്രിയമായ ഇടപെടല്‍ നടത്തുന്നുവെന്നത് ഇന്ത്യ ഇന്‍കിന് ആവേശം നല്‍കും. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള, ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി മാറാന്‍ ഭാരതത്തിന് കരുത്തേകുന്നതാകട്ടെ വരും ദിനങ്ങളിലെ നടപടികള്‍.

Categories: Editorial, Slider