അമേരിക്കക്കാര്‍ അജ്ഞരായ അര്‍ബുദകാരണം

അമേരിക്കക്കാര്‍ അജ്ഞരായ അര്‍ബുദകാരണം

യുഎസ് പൗരന്മാരില്‍ 70 ശതമാനത്തിനും എച്ച്പിവി സംബന്ധമായ കാന്‍സര്‍ സാധ്യതകളെക്കുറിച്ച് അറിയില്ല

ചില അവയങ്ങളെ ബാധിക്കുന്ന കാന്‍സറിനു കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണു പകരുന്നത്. ചികിത്സയില്ലാത്ത ഈ അണുബാധ ഗുദം, ജനനേന്ദ്രിയം, വായ് എന്നിവിടങ്ങളിലെ കാന്‍സറുകളിലേക്ക് നയിച്ചേക്കാമെന്ന വസ്തുതയെക്കുറിച്ച് അമേരിക്കയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പരിമിതമായ അവബോധമേ ഉള്ളൂവെന്ന് ടെക്‌സസ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) റിപ്പോര്‍ട്ട് അനുസരിച്ച്, ലൈംഗികമായി പകരുന്ന അണുബാധ മിക്കവാറും എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടാകുന്നുണ്ട്.

എച്ച്.പി.വി. ബാധിച്ച മിക്ക ആളുകളിലും(70 മുതല്‍ 80 ശതമാനം വരെ) ഒന്നു മുതല്‍ രണ്ടുവരെ വര്‍ഷം കൊണ്ട് അത് നശിച്ചുപോകാറുണ്ട്. പലരിലും എച്ച്പിവി ശ്രദ്ധിക്കപ്പെടാതെ പോകുമെങ്കിലും, ചില ആളുകളില്‍ ഇത് കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഉദാഹരണത്തിന്, അണ്ഡാശയം, ഗുദം, ലിംഗം, വദനം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളിലേക്ക് നയിച്ചേക്കാം. എച്ച്പിവി പടരുന്നത് തടയാന്‍, 11-27 വയസ് പ്രായമുള്ള കൗമാരക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും വൈറസ് പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് സിഡിസി ശുപാര്‍ശ ചെയ്യുന്നു.

ഒരു ശതമാനത്തില്‍ താഴെ സ്ത്രീകളില്‍ മാത്രമേ ഈ വൈറസ് ബാധ ഗര്‍ഭാശയ കാന്‍സറായി മാറുന്നുള്ളൂ. വര്‍ഷംതോറും 5.2 ലക്ഷത്തിലധികം സ്ത്രീകള്‍ ഗര്‍ഭാശയഗള കാന്‍സര്‍(സെര്‍വിക്കല്‍ കാന്‍സര്‍) മൂലം മരിക്കാനിട വരുന്നു. ഇത് 2030 ആകുേമ്പാഴേക്ക് ഇരട്ടിയാവാനാണ് സാധ്യത. നൂറിലധികം തരം ഹ്യൂമണ്‍ പാപ്പിലോമ വൈറസുകളുണ്ട്. ഇതില്‍ പ്രധാനം എച്ച്.പി.വി. 16, എച്ച്.പി.വി.-18 എന്ന രണ്ടുതരം വൈറസുകളാണ്. ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധ കുത്തിവെപ്പിലൂടെ വളരെ ഫലപ്രദമായി തടയാം. ഇതിനായി രണ്ടുതരം വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്.

എച്ച്പിവി, പലതരം അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും, ഹ്യൂസ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്ററില്‍ നിന്നുള്ള ഒരു പുതിയ പഠനം യുഎസിലെ മിക്ക മുതിര്‍ന്നവരും ഈ സാധ്യതകളെക്കുറിച്ച് അജ്ഞരായി തുടരുകയാണെന്നു കണ്ടെത്തി. അറിവില്ലായ്മ യുഎസിലെ എച്ച്പിവി വാക്‌സിനേഷന്‍ നിരക്ക് കുറയ്ക്കാന്‍ കാരണമായിരിക്കാമെന്ന് പ്രധാന ഗവേഷകന്‍ ഡോ. ആശിഷ് ദേശ്മുഖ് പറയുന്നു. അതിനാല്‍ത്തന്നെ അര്‍ഹരായ അനേകര്‍ക്ക്പ്രതിരോധകുത്തിവയ്പ്പിനുള്ള ശുപാര്‍ശകള്‍ ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നും കണ്ടെത്തി.

പഠനത്തിനായി, ദേശീയ ട്രെന്‍ഡ് സര്‍വേയ്ക്കുള്ള പ്രതികരണങ്ങളില്‍ 2,564 പുരുഷന്മാരും 3,697 സ്ത്രീകളും നല്‍കിയ വിവരങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും 1826 വയസ് പ്രായമുള്ള സ്ത്രീകളില്‍ മൂന്നിലൊന്ന് പേര്‍ക്കും എച്ച്പിവി ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമാകുമെന്നതിനെക്കുറിച്ച് അറിവില്ല. ഒരേ പ്രായത്തിലുള്ള 80% പുരുഷന്മാരിലും 75% സ്ത്രീകളിലും എച്ച്പിവി സംബന്ധമായ വദന, ഗുദ, ലിംഗ കാന്‍സറുകളെക്കുറിച്ച് അവബോധമില്ല. മുതിര്‍ന്നവരില്‍ 70% പേരുടെ കാര്യത്തിലും ഇത് ബാധകമാണ്.

പ്രത്യേകിച്ച് 27 മുതല്‍ 46 നു മുകളില്‍ പ്രായമുള്ളവരില്‍ എച്ച്പിവി പരിജ്ഞാനത്തിന്റെ അഭാവം ഈ പ്രായത്തിലുള്ളവര്‍ മക്കള്‍ക്കായി എച്ച്പിവി വാക്‌സിനേഷന്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ അപ്രാപ്തരാക്കുന്നുവെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. എച്ച്പിവി വാക്‌സിന്‍ എടുക്കേണ്ട പുരുഷന്മാരില്‍ 19% പേരും 31.5% സ്ത്രീകളും മാത്രമാണ് കുത്തിവയ്പ് എടുക്കാന്‍ ഡോക്ടര്‍മാരില്‍ നിന്ന് ശുപാര്‍ശകള്‍ സ്വീകരിച്ചതെന്നും സംഘം കണ്ടെത്തി.

രോഗനിര്‍ണയപരിശോധനയില്‍ കഴിഞ്ഞ 15 മുതല്‍ 20 വര്‍ഷങ്ങളില്‍ സെര്‍വിക്കല്‍ ക്യാന്‍സറിന്റെ നിരക്ക് കുറഞ്ഞതായി കണ്ടെത്തി. മറുവശത്ത്, പുരുഷന്മാരില്‍ ഓറോഫറിന്‍ജിയല്‍ കാന്‍സര്‍ നിരക്കില്‍ 200 ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ട്, കൂടാതെ സ്ത്രീകളില്‍ ഗുദ കാന്‍സര്‍ നിരക്കിന്റെ 150% വര്‍ദ്ധനവും ഉണ്ടായതായി കണ്ടെത്തി. എച്ച്പിവി വാക്‌സിന്‍ ആരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും കാന്‍സര്‍ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിനേഷന്റെ പ്രയോജനങ്ങള്‍ അറിയിക്കുന്ന ബോധവല്‍ക്കരണ പ്രചാരണങ്ങള്‍ അടിയന്തിരമായി നടത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: Health