ബിസിനസ് പ്രതിസന്ധി മറികടക്കാന്‍ 5 ബൂസ്റ്റര്‍ ഷോട്ടുകള്‍

ബിസിനസ് പ്രതിസന്ധി മറികടക്കാന്‍ 5 ബൂസ്റ്റര്‍ ഷോട്ടുകള്‍

ബിസിനസ് തുടങ്ങുക എന്നതിനേക്കാള്‍ ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ് മികച്ച ലാഭത്തോടെ ബിസിനസ് നടത്തിക്കൊണ്ട് പോകുകയെന്നത്. മൂലധന സമാഹരണം മുതല്‍ നടത്തിപ്പ് വരെ പലകാര്യങ്ങളും നേര്‍രേഖയില്‍ ചേര്‍ന്നാല്‍ മാത്രമേ ഒരു ബിസിനസ് നഷ്ടക്കണക്കുകള്‍ പറയാതെ മുന്നോട്ട് പോകൂ. ബിസിനസില്‍ മുന്‍പരിചയമില്ലാത്ത യുവതലമുറക്കാരായ സംരംഭകര്‍ പ്രാരംഭദശയില്‍ തന്നെ കാലിടറിവീഴുന്നത് ഇന്ന് സ്വാഭാവികമാണ്. കൃത്യമായ പരിചരണം നല്‍കി ബിസിനസിലെ ഓരോ വിഭാഗത്തെയും ഏകോപിപ്പിച്ച് കൊണ്ടുപോകാനും വരുമാനം നേടാനും കഴിയാത്തതിനാലാണിത്. ബിസിനസ് തുടങ്ങുമ്പോള്‍ ഒരിക്കലും വര്‍ത്തമാനകാലത്തിലേക്കല്ല ശ്രദ്ധ പഠിപ്പിക്കേണ്ടത്. ഭാവിയില്‍ എന്താകും എത്ര നേട്ടം കൊയ്യും തുടങ്ങിയ കാര്യത്തില്‍ വ്യക്തമായ ഒരു അജണ്ടയുടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബിസിനസില്‍ വിജയിക്കാനാകൂ. വിജയിച്ച സംരംഭകരില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ദീര്‍ഘദൃഷ്ടിയോടെ പെരുമാറിയവരാണ്. തന്റെ സംരംഭം വിജയിപ്പിക്കുന്നതിനും അടുത്തഘട്ടത്തിലേക്ക് കൊണ്ട് പോകുന്നതിനും സംരംഭകര്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്.ബിസിനസ് തുടങ്ങിയ ഉടന്‍തന്നെ, വെഞ്ച്വര്‍ കാപ്പിറ്റല്‍ നേടുക, പ്രൈവറ്റ് ഇക്വിറ്റി നേടുക, ബിസിനസില്‍ നിന്ന് നല്ല വരുമാനം നേടുക തുടങ്ങിയ സ്വപ്‌നങ്ങള്‍ കാണുന്ന പുതുതലമുറ സംരംഭകര്‍ അറിയേണ്ട മറ്റൊരു കാര്യമുണ്ട്, ബിസിനസിന്റെ തുടക്കം മുതല്‍ പ്രാബല്യത്തില്‍ വരുത്തുന്ന 8 ബൂസ്റ്റര്‍ ഷോട്ടുകള്‍ കൊണ്ട് ബിസിനസിലെ ഏതൊരു പ്രതിസന്ധിയേയും സമര്‍ത്ഥമായി മറികടക്കാം

ബിസിനസ് വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്? ഒട്ടുമിക്ക ബിസിനസ് സ്‌കൂളുകളിലും സംരംഭകത്വ സെമിനാറുകളിലും ഇതിനോടകം ചര്‍ച്ചാവിഷയമായ ചോദ്യമാണിത്. മൂലധസമാഹരണം, എച്ച് ആര്‍ മാനേജ്‌മെന്റ്, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, മികച്ച ബിസിനസ് ആശയം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ചേര്‍ന്നാല്‍ മാത്രമേ ബിസിനസ് വിജയിക്കുകയുള്ളൂ. അതിനാല്‍ ഇതില്‍ ഏതാണ് മുന്‍പന്തിയില്‍ എന്ന് പറയുക പ്രയാസമാണ്. ബിസിനസില്‍ എന്ത് എപ്പോള്‍ സംഭവിക്കും എന്നത് പ്രവചിക്കുക പ്രയാസമാണ് എന്നത് പോലെ തന്നെയാണ് ഇക്കാര്യം. ലാഭനഷ്ടങ്ങള്‍ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടാകണം ഒരു വ്യക്തി ബിസിനസിലേക്ക് ഇറങ്ങേണ്ടത്. ബിസിനസ് ആരംഭിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭാവിയിലെ നിലനില്‍പ്പാണ്. വര്‍ത്തമാനകാലത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ബിസിനസ് ആശയങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ വിജയിക്കുകയില്ല. അതിനാല്‍ ഏതൊരു ബിസിനസ് ആശയവും പ്രാവര്‍ത്തികമാക്കുന്നതിനുമുന്‍പ് അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷം എന്തായിരിക്കും ബിസിനസിന്റെ അവസ്ഥ, വിപണി മൂല്യം എന്തായിരിക്കും, ഉപഭോക്താക്കളുടെ സമീപനത്തിലും പര്‍ച്ചേസിംഗ് പവറിലും എത്തരത്തിലുള്ള മാറ്റങ്ങള്‍ വന്നേക്കാം തുടങ്ങിയ കാര്യങ്ങളത്രയും മുന്‍കൂട്ടിക്കാണുന്നതിനുള്ള കഴിവ് ഒരു സംരംഭകനുണ്ടായിരിക്കണം. ബിസിനസില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗമാണിത്.

ആദ്യമായി ബിസിനസിലേക്ക് ഇറങ്ങുന്ന ഒരു സംരംഭകന്‍ തുടക്കം മുതല്‍ക്ക് ലാഭം പ്രതീക്ഷിക്കരുത്. ബിസിനസില്‍ സ്വന്തമായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. അതിനാല്‍ ബിസിനസിനെ വിവിധഘട്ടങ്ങളായി തരം തിരിച്ച് വിശകലനം ചെയ്യണം. പ്രാരംഭകാലം മുതല്‍ ആദ്യത്തെ അഞ്ച് വര്‍ഷം വരെയുള്ള കാലം സ്റ്റാര്‍ട്ടപ്പ് പിരീഡ് ആയി കാണണം. മറ്റ് സംരംഭങ്ങളില്‍ നിന്നും വിപണിയില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നുമൊക്കെ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിനുള്ള സമയമാണിത്. തെരെഞ്ഞെടുത്ത ആശയത്തില്‍ വ്യതിയാനമുണ്ടാക്കണം എങ്കില്‍ ഈ പിരീഡില്‍ ചെയ്യാവുന്നതാണ്. ആറാം വര്‍ഷം മുതല്‍ 20 വരെയുള്ള കാലത്തെ എസ്ടാബ്ലിഷ്ഡ് പീരീഡ് എന്ന് വിശേഷിപ്പിക്കാം. സംരംഭം സ്വന്തം വ്യക്തിത്വത്തില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതും മികച്ച വരുമാനം നേടുന്നതും ഈ കാലയളവിലാണ്. 20 വര്‍ഷം മുതല്‍ മുന്നോട്ടുള്ള സമയമാണ് ലോങ്ങ് പീരീഡ്. നിങ്ങളുടെ സംരംഭം എല്ലാ അര്‍ത്ഥത്തിലും വിജയകരമാണെന്ന് ഈ കാലയളവിലേക്ക് കടക്കുന്നതോടെ ഉറപ്പിക്കാം. എന്നാല്‍ ഒന്നോര്‍ക്കുക, തുടക്കം മുതല്‍ എല്ലാകാലഘട്ടത്തിലും ബിസിനസിലെ പരാജയസാധ്യത സംരംഭകനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഈ പരാജയസാധ്യത മുന്‍കൂട്ടിക്കണ്ട് ബൂസ്റ്റര്‍ ഡോസുകള്‍ എന്നറിയപ്പെടുന്ന ചില വ്യക്തമായ നയങ്ങളുടെ പിന്‍ബലത്തില്‍ പരാജയഭീതിയെയും പ്രതിസന്ധികളെയും വിജയകരമായി മറികടക്കാനാകും

1. ലോണുകള്‍ ബാധ്യതയാകരുത്

ബിസിനസ് തുടങ്ങുന്നതിനായി യുവസംരംഭകര്‍ക്ക് സര്‍ക്കാരും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ധാരാളം ലോണുകള്‍ നല്‍കിവരുന്ന സമയമാണിത്. എന്നാല്‍ ലോണുകള്‍ ഒരേ സമയം ഗുണകാരികളും അപകടകാരികളുമാണെന്ന് തിരിച്ചറിയണം. അതിനാല്‍ കടമെടുത്ത് ബിസിനസ് വിപുലപ്പെടുത്തുന്നതില്‍ അല്‍പം നിയന്ത്രണമാകാം. തിരിച്ചടക്കാന്‍ കഴിയും എന്ന ഉറപ്പില്‍ മാത്രം വായ്പയെടുക്കുക. വായ്പയെടുക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ തിരിച്ചടവ് കാലാവധി,പലിശ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വ്യക്തമായി ചോദിച്ചറിയുക. അമിത വളര്‍ച്ച ലക്ഷ്യമിടാതെ നിയന്ത്രിത വളര്‍ച്ച മാത്രം മുന്നില്‍ വെച്ച് ബിസിനസ് നടത്തുക. വരുമാനവും ചെലവും എല്ലായ്‌പ്പോഴും കൃത്യമായി വീക്ഷിക്കുക. ബിസിനസിന്റെ വളര്‍ച്ചാപുരോഗതി ശരിയായി വിലയിരുത്തിയശേഷം മാത്രം ബാധ്യതകള്‍ സ്വീകരിക്കുക

2. വരവും ചെലവും കൃത്യമായ സമീപനം

വരവ് ചെലവ് കണക്കുകളില്‍ കൃത്യമായ സമീപനം അനിവാര്യമാണ്. ബിസിനസിന്റെ തുടക്കമല്ലേ, ചെലവുകള്‍ സ്വാഭാവികം എന്ന് കരുതി അമിതമായി പണം വിനിയോഗം ചെയ്യുന്ന രീതി ഒരിക്കലും ആശാസ്യമല്ല. എന്ത് കാര്യത്തിന് പണം വിനിയോഗിച്ചാലും അതിന് കൃത്യമായ കണക്ക് അനിവാര്യമാണ്. തുടക്കം മുതല്‍ക്ക് തന്നെ വരുമാന നികുതി അടക്കുക, ഓഡിറ്റ് നടത്തി ഫയല്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുക. സംരംഭകന് പണം ആവശ്യത്തിനെടുത്ത് വിനിയോഗിക്കാം എന്ന രീതി അപകടമാണ്. സ്ഥാപനത്തിലേക്ക് വരുന്ന ഓരോ രൂപക്കും കൃത്യമായ കണക്ക് സൂക്ഷിക്കണം. സ്ഥാപനം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ കൃത്യമല്ലാത്ത വരവ് ചെലവ് കണക്കുകള്‍ ഒരു ബാധ്യതയാകും. സ്ഥാപനത്തിന്റെ കൃത്യമായ അസറ്റ് കണക്കാക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കും. അതിലെന്ത് പണം സംബന്ധിച്ച എല്ലാവിധ കാര്യങ്ങളിലും ഔദ്യോഗികമായ ഒരു സുതാര്യത സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

3.ഉടമകള്‍ മുന്നില്‍ നിന്നും നയിക്കണം

ഒരു സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, അതിനെ ഏറ്റവും നല്ല രീതിയില്‍ അറിയാനും സ്‌നേഹിക്കാനും കഴിയുക അതിന്റെ ഉടമകള്‍ക്കാണ്. മികച്ച ഒരു സംരംഭകാശയം ഏറെ നാള്‍ മനസ്സില്‍ കൊണ്ടുനടന്ന ശേഷം അതിന് രൂപം നല്‍കി, മറ്റൊരു തലത്തിലേക്ക് എത്തിച്ചവരാണ് ഉടമകള്‍. അതിനാല്‍ എത്ര വിദഗ്ദരായ തൊഴിലാളികളെ നിയോഗിച്ചാലും സ്ഥാപനത്തിന് പൂര്‍ണത വരണമെങ്കില്‍ ഉടമകള്‍ തന്നെ നേരിട്ട് ഭരണം നിയന്ത്രിക്കണം. പലപ്പോഴും തൊഴിലാളികളെ അമിത വിശ്വാസത്തിലെടുത്ത് പൊളിഞ്ഞു പോകുന്ന കമ്പനികളുടെ കഥകള്‍ നാം കേട്ടിരിക്കാം. ഇത്തരമൊരു അവസ്ഥ നാം തന്നെ ഉണ്ടാക്കുന്നതാണ്. ഉടമ നേരില്‍ ചെയ്യേണ്ട കാര്യങ്ങള്‍ അത്തരത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കണം. മാത്രമല്ല എല്ലായിടത്തും സംരംഭകരുടെ കണ്ണ് നേരിട്ടെത്തുന്നുണ്ട് എന്ന ഘട്ടം വരുമ്പോള്‍ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കുന്നു. ഇത്തരത്തില്‍ വിജയിച്ച ബിസിനസ് മോഡലാണ് മലബാര്‍ ഗ്രൂപ്പിന്റേത്. ഡയറക്റ്റര്‍മാര്‍ തന്നെയാണ് അവിടെ റീറ്റെയ്ല്‍ സ്‌റ്റോറുകളുടെ ഉത്തരവാദിത്തം വഹിക്കുന്നത്. ജീവനക്കാര്‍ക്ക് ജോലിയിലുള്ള താല്‍പര്യങ്ങള്‍ പലകാരണങ്ങള്‍ കൊണ്ടും മാറിമറഞ്ഞുവരാം.എന്നാല്‍ ബിസിനസ് ഉടമകള്‍ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എങ്കില്‍ എന്നും ബിസിനസില്‍ ഒരേ സമീപനം നിലനിര്‍ത്താനാകും. ലക്ഷ്യബോധവും പതിന്മടങ്ങാകും. ഉടമകള്‍ നേരിട്ട് ശ്രദ്ധിക്കാത്ത ബിസിനസുകളാണ് പ്രതിസന്ധി നേരിടുന്നവയില്‍ മുന്‍പന്തിയില്‍

4. ക്ലസ്റ്റര്‍ സമീപനം അനിവാര്യം

ബിസിനസ് എങ്ങനെ നടത്തണം എന്ന കാര്യത്തിലാണ് പലപ്പോഴും ആശയക്കുഴപ്പങ്ങളുണ്ടാകുന്നത്. ഇക്കാര്യത്തില്‍ റീട്ടെയ്ല്‍ മേഖലയുടെ സമീപനമാണ് മികച്ചത്. ക്ലസ്റ്റര്‍ സമീപനമാണ് ഒന്നില്‍ കൂടുതല്‍ സ്റ്റോറുകളോ ബ്രാഞ്ചുകളോ തുടങ്ങുന്ന ബിസിനസുകള്‍ക്ക് നല്ലത്. ഒരേ സ്ഥലം തന്നെ ബിസിനസിനായി തെരെഞ്ഞെടുക്കാതെ വ്യത്യസ്തമായ ക്ലസ്റ്ററുകള്‍ തെരഞ്ഞെടുക്കുക. ഒരു ബ്രാഞ്ച് മലബാറിലാണെങ്കില്‍ അടുത്തത് എറണാകുളത്ത് ആരംഭിക്കാം. വീണ്ടും ബ്രാഞ്ചുകള്‍ തുടങ്ങുന്നുണ്ടെങ്കില്‍ കൊല്ലമോ തിരുവനന്തപുരമോ തെരഞ്ഞെടുക്കാം. ഒരു വിപണിയില്‍ സ്വാധീനം ചെലുത്തും വിധം വളരാനും സുസജ്ജമായ സപ്ലെ ചെയ്ന്‍ സംവിധാനം സൃഷ്ടിക്കാനും ഇത് ഉപകരിക്കും.വ്യത്യസ്തരായ ഉപഭോക്താക്കളെ നേടുന്നതിനും വ്യത്യസ്തമായ ഫീഡ്ബാക്ക് ലഭിക്കുന്നതിനും ഇത് സഹായിക്കും. ഇത്തരത്തില്‍ ഏതാണ് മികച്ച മാര്‍ക്കറ്റ് എന്ന് കണ്ടെത്താന്‍ സാധിക്കും. വിപണി മനസിലാക്കിയ ശേഷം മാത്രം കൂടുതല്‍ നിക്ഷേപം കൊണ്ടുവരിക എന്നതാണ് ബിസിനസിലെ എക്കാലത്തെയും മികച്ച ഫോര്‍മുല.

5. വിപണിയറിഞ്ഞു മാത്രം ബിസിനസ്

ചിലര്‍ പാഷന്റെ പുറത്താണ് ബിസിനസിലേക്ക് ഇറങ്ങുന്നത്, വേറെ ചിലര്‍ക്കാകട്ടെ ബിസിനസ് ചെയ്യണമെന്ന അമിതമായ ആഗ്രഹമായിരിക്കും കാരണം. ഇത്തരക്കാര്‍ ചെയ്യുന്ന പ്രധാന മണ്ടത്തരം വിപണി മനസിലാക്കാതെ നിക്ഷേപം നടത്തുന്നു എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു വിപണിയില്‍ മാത്രം ബിസിനസ് ഒതുക്കി നിര്‍ത്തുന്നത് നഷ്ടമാണ്. എന്ന് കരുതി വിപണിയുടെ സാഹചര്യങ്ങള്‍, ആളുകളുടെ പര്‍ച്ചേസിംഗ് പവര്‍, ട്രെന്‍ഡ് എന്നിവയൊന്നും നോക്കാതെ ബിസിനസ് തുടങ്ങുന്നത് ശരിയല്ല. പ്രസ്തുത വിപണിയിലെ പ്രധാന എതിരാളികള്‍ ആരെല്ലാമാണ്, എന്താണ് അവരുടെ യുഎസ്പി തുടങ്ങിയ കാര്യങ്ങള്‍ കൂടി മനസിലാക്കിയ ശേഷം മാത്രമാവണം ബിസിനസില്‍ കൂടുതല്‍ പണം നിക്ഷേപിക്കേണ്ടത്.വന്‍കിട ബിസിനസിലാണ് നിങ്ങള്‍ നിക്ഷേപം തേടുന്നതെങ്കില്‍ കേരളം കഴിഞ്ഞാല്‍ പിന്നെ മികച്ച വിപണിയുള്ളത് യുഎഇയിലാണ്. ആഗോളവിപണി എന്ന ലക്ഷ്യത്തിലേക്കാണ് യാത്രയെങ്കില്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കാം. വിപണിയെപ്പറ്റി കൂടുതല്‍ പഠിക്കുന്നതിനും സാധ്യതകള്‍ മനസിലാക്കുന്നതിനും ആവശ്യമെങ്കില്‍ സര്‍വേ ഏജന്‍സികളെ വിനിയോഗിക്കാം. വിപണിയുടെ പള്‍സ് അറിയാതെ നിക്ഷേപം നടത്തി പൂട്ടിപ്പോയ നിരവധി ബ്രാന്‍ഡുകള്‍ നമുക്ക് ചുറ്റുമുണ്ട്. വിപണി കണ്ടെത്തുന്നത് പോലെ തന്നെ പ്രധാനമാണ് വിപണി വിഹിതം സംരക്ഷിക്കുന്നതും ഒരു വിപണിയില്‍ പത്തുശതമാനത്തിലധികം വിഹിതം സ്വന്തമാക്കുന്നത് ആശാസ്യമായ കാര്യമല്ല.

Categories: FK Special, Slider