യുഎസ്സില്‍ 50 സിസി സ്‌കൂട്ടറുകള്‍ പുറത്തിറക്കി വെസ്പ

യുഎസ്സില്‍ 50 സിസി സ്‌കൂട്ടറുകള്‍ പുറത്തിറക്കി വെസ്പ

വെസ്പ പ്രിമാവേര, വെസ്പ സ്പ്രിന്റ് എന്നീ മോഡലുകളാണ് അനാവരണം ചെയ്തത്

ന്യൂയോര്‍ക്: യുഎസ് വിപണിയില്‍ വെസ്പ രണ്ട് 50 സിസി സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. വെസ്പ പ്രിമാവേര, വെസ്പ സ്പ്രിന്റ് എന്നീ മോഡലുകളാണ് അനാവരണം ചെയ്തത്. മിനി സ്‌കൂട്ടറുകളുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 30 മൈലായി (ഏകദേശം 48 കിമീ) പരിമിതപ്പെടുത്തിയിരിക്കുന്നു. ഇരു സ്‌കൂട്ടറുകളും രൂപകല്‍പ്പനയില്‍ അല്‍പ്പം വ്യത്യസ്തമാണ്. കുറച്ചുകൂടി ആധുനിക സ്റ്റൈലിംഗ്, സമചതുരമായ ഹെഡ്‌ലൈറ്റ് എന്നിവ സ്പ്രിന്റ് സ്‌കൂട്ടറില്‍ കാണാം. പ്രിമാവേരയില്‍ വൃത്താകൃതിയിലുള്ള റെട്രോ ഹെഡ്‌ലൈറ്റാണ് നല്‍കിയിരിക്കുന്നത്.

49 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ട് സ്‌കൂട്ടറുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 3.2 ബിഎച്ച്പി പരമാവധി കരുത്ത് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി) എന്‍ജിനുമായി ഘടിപ്പിച്ചു. 790 മില്ലി മീറ്ററാണ് രണ്ട് സ്‌കൂട്ടറുകളുടെയും സീറ്റിന്റെ ഉയരം. വീല്‍ബേസ് ചെറുതാണ്. 1870 എംഎം. എട്ട് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 34.3 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് വെസ്പ അവകാശപ്പെടുന്നു. അതായത്, ടാങ്ക് നിറയെ ഇന്ധനം നിറച്ചാല്‍ ഏകദേശം 275 കിലോമീറ്റര്‍ സഞ്ചരിക്കാം.

രണ്ട് മിനി സ്‌കൂട്ടറുകളുടെയും പേര് പുതിയതല്ല. 1968 ല്‍ ആദ്യ വെസ്പ പ്രിമാവേര പുറത്തിറക്കിയിരുന്നു. വെസ്പ നിരയിലെ ഏറെ പ്രശസ്തവും ഏറെക്കാലം നിലനിന്നതുമായ മോഡലുകളില്‍ ഒന്നായിരുന്നു പ്രിമാവേര. 1960 കളുടെ മധ്യത്തിലാണ് സ്പ്രിന്റ് ആദ്യമായി വിപണിയിലെത്തിച്ചത്. അക്കാലത്തെ ഭാരം കുറഞ്ഞതും ചുറുചുറുക്കുള്ളതും വേഗമുള്ളതുമായ സ്‌കൂട്ടറായിരുന്നു സ്പ്രിന്റ്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെസ്പ പുതിയ 50 സിസി മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ എത്തുമോയെന്ന് കാത്തിരുന്ന് കാണാം.

Comments

comments

Categories: Auto
Tags: Vespa