വേരിക്കോസ് രോഗത്തെക്കുറിച്ചുള്ള മിഥ്യാ ധാരണകള്‍

വേരിക്കോസ് രോഗത്തെക്കുറിച്ചുള്ള മിഥ്യാ ധാരണകള്‍

നൂതനവും ഏറ്റവും കുറഞ്ഞ പാര്‍ശ്വഫലങ്ങളുമുള്ള ചികില്‍സകള്‍ ഇന്ന് ലഭ്യമാണ്

ഇന്ത്യക്കാരില്‍ പൊതുവേ കാണുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് വേരിക്കോസ് വെയ്ന്‍. പാശ്ചാത്യ നാടുകളില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ ആളുകളില്‍ ഈ നാഡീരോഗം കണ്ടുവരുമ്പോള്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഇത് വന്‍ തോതില്‍ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും അഞ്ചു ശതമാനം ഇന്ത്യക്കാരെയെങ്കിലും ഇത് ബാധിക്കുന്നുണ്ട്. എന്നാല്‍ ശരിയായതും സമയബന്ധിതവുമായ രോഗനിര്‍ണയം തടയുന്ന നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. വേരിക്കോസിനെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകളെ ഇല്ലതാക്കുകയാണ് ഇപ്പോഴത്തെ അടിന്തര ആവശ്യം. കാരണം ചികില്‍സ ചെയ്യാതിരുന്നാല്‍ ഇത് കാലക്രമേണ ദുരിതപൂര്‍ണമാകും.

വേരിക്കോസ് നാഡികള്‍ രക്തയോട്ടം തടഞ്ഞ് വീര്‍ക്കുന്നതിന് വഴിയൊരുക്കുന്നു. ചര്‍മ്മത്തിന് കീഴില്‍ കെട്ടുപിണഞ്ഞ് കിടക്കുന്നതായും വീര്‍ത്തിരിക്കുന്നതായും പ്രത്യക്ഷപ്പെടും. കടുത്ത വേദന, കാലിന് ഭാര കൂടുതല്‍, ചര്‍മ്മത്തിന് നിറ വ്യത്യാസം, കണങ്കാലിനും കാല്‍മുട്ടിന് പുറകിലും നേരിയതോതില്‍ നിന്ന് കഠിനമായ വീക്കം, കാലുകളില്‍ പെട്ടെന്ന് ഞരമ്പ് വലിച്ചില്‍ തുടങ്ങിയവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍. ഗര്‍ഭാവസ്ഥ, പാരമ്പര്യം, അമിതവണ്ണം എന്നിവയ്‌ക്കൊപ്പം ഉദാസീനമായ ജീവിതശൈലിയും ആളുകളില്‍ വെരിക്കോസ് നാഡികള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആളുകള്‍ പലപ്പോഴും വെരിക്കോസ് നാഡികളെ കേവലം ഒരു സൗന്ദര്യ പ്രശ്‌നമായി കണക്കാക്കുന്നു, കൂടാതെ ഈ അവസ്ഥയെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകള്‍ ചികിത്സയ്ക്കു തടസമാകുന്നുമുണ്ട്, ഉദാഹരണത്തിന് കൂടുതല്‍ ഓടുന്നതും നടക്കുന്നതും വേരിക്കോസിന് കാരണമാകുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ കായികപ്രവത്തനങ്ങളില്‍ സജീവമായിരിക്കുന്നത് സ്ഥിതി മോശമാകുന്നത് തടയുകയാണ് ചെയ്യുന്നതെന്നും ആസ്റ്റര്‍ മെഡിസിറ്റി കണ്‍സള്‍ടന്റ് റേഡിയോളജിസ്റ്റ് ഡോ. രോഹിത് പി.വി. നായര്‍ പറഞ്ഞു. ഇത് സ്ത്രീകളെ മാത്രമാണ് ബാധിക്കുന്നതെന്നാണ് മറ്റൊരു തെറ്റിദ്ധാരണ, എന്നാല്‍ ഇത് പുരുഷന്മാരെയും പ്രായമായവരെയും പോലും ബാധിക്കുമെന്നതാണ് വാസ്തവമെന്നും ഡോ. രോഹിത് കൂട്ടിചേര്‍ത്തു.

സ്ഥിതി നേരത്തെ മനസിലാക്കുകയെന്നതാണ് വേരിക്കോസ് നാഡി പരിപാലനത്തിലെ ആദ്യപടിയെന്നും നേരത്തെ മനസിലായാല്‍ ലളിതമായ ജീവിത ശൈലി മാറ്റങ്ങളിലൂടെയും ഏതാനും വ്യായാമങ്ങളിലൂടെയും ഭേദമാക്കാം. കടുപ്പമേറി കഴിഞ്ഞാല്‍ വേദനയും നീരും കുറയ്ക്കുന്നതിനുള്ള ചികിത്സ വേണ്ടിവരും. വേരിക്കോസിനെ സുഖമായി ഭേദപ്പെടുത്താവുന്ന ചില നൂതനമായ കണ്ടുപിടിത്തങ്ങള്‍ അടുത്ത കാലത്ത് നടത്തിയിട്ടുണ്ടെന്നും ഡോ.നായര്‍ പറഞ്ഞു.

വേരിക്കോസ് നാഡിക്കുള്ള രണ്ട് ചികില്‍സകളാണ് എന്‍ഡോവെനസ് ലേസര്‍ തെറാപ്പിയും (ഇഎല്‍വിടി) റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ തെറാപിയും (ആര്‍എഫ്എ). അബ്ലേഷന്‍ എന്നു പറഞ്ഞാല്‍ കേടുവന്ന കോശത്തില്‍ ചൂട് ഉപയോഗിക്കുന്നതാണ്. ആര്‍എഫ്എ ടെക്‌നിക്കില്‍ റേഡിയോ ഫ്രീക്വന്‍സി എനര്‍ജിയാണ് നാഡിയുടെ ഉള്ളിലെ കേടുവന്ന വശങ്ങളെ ചൂടാക്കുന്നതിന് ഉപയോഗിക്കുന്നത്. ഇത് കാലിലെ വേരിക്കോസ് ഞരമ്പിനെ ചുരുക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് വേദനയുണ്ടാക്കുകയോ പാടുകള്‍ വരുത്തുകയോ ചെയ്യില്ല, പെട്ടെന്ന് ഭേദമാകുകയും ചെയ്യും. വെനസ് ലിഗേഷന്‍, സ്ട്രിപ്പിങ്, ഫ്‌ളെബെക്റ്റമി തുടങ്ങിയ മാര്‍ഗങ്ങളുമുണ്ട്.

വെരിക്കോസ് സിരകളെ ചികിത്സിക്കുന്നതിലെ ഏറ്റവും പുതിയ മുന്നേറ്റമാണ് മെഡിക്കല്‍ പശ ഉപയോഗിച്ചുള്ള ചികില്‍സ. കാലിലെ ഒരു ചെറിയ സുഷിരത്തിലൂടെ ഞരമ്പിന്റെ രോഗബാധിത പ്രദേശത്തേക്ക് കത്തീറ്റര്‍ കയറ്റിവിടുന്ന ഏറ്റവും എളുപ്പമുള്ള പ്രക്രിയയാണിത്. ഇതിലൂടെ മെഡിക്കല്‍ പശ കുഴപ്പമുള്ള സ്ഥലത്തെ പല ഭാഗങ്ങളിലായി തേച്ച ശേഷം ഞരമ്പ് മാന്വല്‍ കംപ്രഷനിലൂടെ അടയ്ക്കുന്നു. ഇതിന് ഏറ്റവും കുറഞ്ഞ സമയം മതി. വേഗം സുഖം പ്രാപിക്കുകയും ചെയ്യും.

വേരിക്കോസ് പരിപാലനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ശീലിക്കുകയാണ് രോഗ പ്രതിരോധിത്തിന് ഉചിതം. സ്ഥിരമായ നടപ്പിലൂടെ കാലിലെ രക്ത ഓട്ടം വര്‍ധിപ്പിക്കുക. കാലിലെ സമ്മര്‍ദ്ദം കുറയ്ക്കാനായി അമിത ഭാരം ഒഴിവാക്കുക. ഉപ്പ് കുറഞ്ഞ ആഹാരക്രമം പാലിക്കുക. ഹീല്‍ കുറഞ്ഞ ചെരിപ്പ് ഉപയോഗിക്കുന്നത് കാലിലെ പേശികള്‍ക്ക് വ്യായാമം ലഭിക്കുന്നതിന് സഹായിക്കും. ഇത് ഞരമ്പുകള്‍ക്ക് നല്ലതാണ്. അരയിലും കാലിലും ഇറുകിപിടിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. ജോലിക്കിടയില്‍ ഇടയ്ക്ക് കാലുകള്‍ ഉയര്‍ത്താന്‍ സമയം കണ്ടെത്തുക. ഹൃദയത്തിന് മുകളില്‍ കൊണ്ടുവരണം. ഇതിന് കാലിനടിയില്‍ രണ്ടോ മൂന്നോ തലയിണ വച്ചിട്ട് കിടക്കുന്നത് നല്ലതാണ്. കൂടുതല്‍ സമയം ഇരിക്കുന്നതും നില്‍ക്കുന്നതും ഒഴിവാക്കുക. പൊസിഷന്‍ ഇടയ്ക്കിടെ മാറ്റുന്നത് രക്ത ഓട്ടം പ്രോല്‍സാഹിപ്പിക്കും.

Comments

comments

Categories: Health
Tags: Vercose vein