ഗള്‍ഫിലെ സമുദ്ര ഗതാഗത സുരക്ഷ ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ സഖ്യത്തില്‍ യുഎഇയും

ഗള്‍ഫിലെ സമുദ്ര ഗതാഗത സുരക്ഷ ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ സഖ്യത്തില്‍ യുഎഇയും

സൗദി അറേബ്യയും കഴിഞ്ഞ ദിവസം ഈ സഖ്യത്തില്‍ പങ്കാളിയാകുന്നതായി അറിയിച്ചിരുന്നു

ദുബായ്: അറേബ്യന്‍ ഗള്‍ഫ്, ഹോര്‍മൂസ് കടലിടുക്ക് എന്നിവിടങ്ങളിലൂടെയുള്ള കപ്പല്‍ സഞ്ചാരത്തിന് സംരക്ഷണം നല്‍കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക സഖ്യത്തില്‍ ഇനി മുതല്‍ യുഎഇയും സൗദി അറേബ്യയും. സൗദി അറേബ്യയില്‍ അരാംകോയുടെ എണ്ണ ഉല്‍പ്പാദന, സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സമുദ്ര ഗതാഗത സംരക്ഷണ സംഘടനയില്‍ അംഗങ്ങളാകാന്‍ യുഎഇയും സൗദി അറേബ്യയും തീരുമാനമെടുത്തത്.

ആഗോള ഊര്‍ജ സുരക്ഷയും ലോക സമ്പദ് വ്യവസ്ഥയ്ക്ക് തടസമില്ലാത്ത ഊര്‍ജ വിതരണവും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ പങ്കാളിയായതെന്ന് യുഎഇയിലെ അന്താരാഷ്ട്ര സുരക്ഷ സഹകരണ വിഭാഗം ഡയറക്ടര്‍ സലീം അല്‍സാബി പറഞ്ഞു.

ബുധനാഴ്ച സൗദി അറേബ്യയും ഈ സഖ്യത്തില്‍ അംഗമാകുന്നതായി അറിയിച്ചിരുന്നു. അമേരിക്കയെ കൂടാതെ, ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, യുകെ എന്നീ രാഷ്ട്രങ്ങളും ഗള്‍ഫിലെ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഈ സഖ്യത്തില്‍ പങ്കാളികളാണ്. ഇറാനില്‍ നിന്നുള്ള ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകള്‍ക്ക് സൈന്യത്തിന്റെയും സേനാ വിമാനങ്ങളുടെയും കപ്പലുകളുടെയും അകമ്പടി നല്‍കുകയാണ് ഈ സഖ്യം ചെയ്യുന്നത്. ഹോര്‍മൂസ് കടലിടുക്കിനോട് ചേര്‍ന്നുള്ള മേഖലകളില്‍ നിരവധി കപ്പലുകള്‍ അക്രമിക്കപ്പെടുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്തതോടെയാണ് ഇതിലൂടെയുള്ള കപ്പല്‍ സഞ്ചാരത്തിന് സംരക്ഷണം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചത്.

മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്കന്‍ സഖ്യത്തില്‍ പങ്കാളിയാകാനുള്ള യുഎഇ തീരുമാനം ഉണ്ടായിരിക്കുന്നത്.

ആഗോള ഊര്‍ജ സുരക്ഷയും ഊര്‍ജ വിതരണവും ഉറപ്പാക്കുന്നതിനും ലോക സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനുമാണ് സമുദ്ര ഗതാഗതം നേരിടുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഈ അന്താരാഷ്ട്ര സഖ്യത്തില്‍ പങ്കാളിയാകുന്നതെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Arabia
Tags: Gulf seaport