യുഎസ് ഇന്‍ഷുറന്‍സ് സംഘടനയുടെ ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ് നേടി ടെസ്‌ല മോഡല്‍ 3

യുഎസ് ഇന്‍ഷുറന്‍സ് സംഘടനയുടെ ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ് നേടി ടെസ്‌ല മോഡല്‍ 3

ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റിയുടെ (ഐഐഎച്ച്എസ്) ‘ടോപ് സേഫ്റ്റി പിക്ക് പ്ലസ്’ എന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ് കരസ്ഥമാക്കി

വിര്‍ജീനിയ: ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റിയുടെ (ഐഐഎച്ച്എസ്) ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ് ടെസ്‌ല മോഡല്‍ 3 കരസ്ഥമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടെസ്‌ല വാഹനമാണ് മോഡല്‍ 3. ‘ടോപ് സേഫ്റ്റി പിക്ക് പ്ലസ്’ എന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷാ റേറ്റിംഗാണ് മോഡല്‍ 3 ഇലക്ട്രിക് സെഡാന് ഐഐഎച്ച്എസ് നല്‍കിയത്. വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഫണ്ട് ചെയ്യുന്ന യുഎസ് സന്നദ്ധസംഘടനയാണ് ഐഐഎച്ച്എസ്. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നത് കൂടാതെ മോട്ടോര്‍ വാഹനങ്ങളുടെ കൂട്ടിയിടി കുറയ്ക്കുന്നതിനും മറ്റുമായി ഐഐഎച്ച്എസ് പ്രവര്‍ത്തിക്കുന്നു.

കൂട്ടിയിടി സുരക്ഷ സംബന്ധിച്ച് മികച്ച റേറ്റിംഗുകളാണ് ടെസ്‌ല മോഡല്‍ 3 നേടിയത്. മുന്നില്‍നിന്ന് ഡ്രൈവറുടെ വശത്തിന്റെ മുകളിലേക്കുള്ള ഇടി (ഡ്രൈവര്‍സൈഡ് സ്‌മോള്‍ ഓവര്‍ലാപ് ഫ്രണ്ട് ടെസ്റ്റ്) മികച്ച രീതിയില്‍ ചെറുക്കാന്‍ കാറിന്റെ ചട്ടക്കൂടിന് കഴിഞ്ഞതായി ഐഐഎച്ച്എസ് അറിയിച്ചു.

കാലിഫോര്‍ണിയയിലെ ഡ്രൈവര്‍മാര്‍ക്കായി കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് സര്‍വീസ് ആരംഭിക്കുകയാണെന്ന് കഴിഞ്ഞ മാസം ടെസ്‌ല പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളിലെ സുരക്ഷാ ഫീച്ചറുകളിലുള്ള വിശ്വാസമായിരിക്കാം ഇങ്ങനെ പറയാന്‍ ടെസ്‌ലയെ പ്രേരിപ്പിച്ചത്. ഡ്രൈവര്‍ അസിസ്റ്റ്, സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യകള്‍ വ്യാപകമാകുന്നതോടെ കാര്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുത്തനെ കുറയ്ക്കണമെന്ന പക്ഷക്കാരനാണ് ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക്.

ടെസ്‌ല കാറുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നത് വളരെ ചെലവേറിയ കാര്യമാണെന്ന് സുരക്ഷാ വിദഗ്ധരും ഇന്‍ഷുറന്‍സ് സേവനദാതാക്കളും പറയുന്നു. ടെസ്‌ല കാറുകളുടെ വാഹനഘടകങ്ങളും സെന്‍സര്‍ ഉപകരണങ്ങളും നന്നാക്കുന്നതിന് ഭാരിച്ച ചെലവ് വരും എന്നതാണ് കാരണം.

Comments

comments

Categories: Auto