യുദ്ധവിമാന കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

യുദ്ധവിമാന കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ
  • തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തില്‍ പറന്ന് പ്രതിരോധ മന്ത്രി
  • നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ്
  • ഏഷ്യന്‍ രാജ്യങ്ങള്‍ തേജസ് വിമാനം വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു
  • ലോകത്തിന് യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ ഇന്ത്യ സജ്ജമെന്ന് രാജ്‌നാഥ്

പറക്കല്‍ ഏറെ ശാന്തവും സുഖകരവുമായിരുന്നു. എനിക്ക് ഉള്‍പ്പുളകമുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ കരുത്ത് വര്‍ധിപ്പിക്കാന്‍ തേജസിന് സാധിക്കും

-രാജ്‌നാഥ് സിംഗ്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സ്വദേശി യുദ്ധവിമാന നിര്‍മാണത്തിന് ഊര്‍ജം പകര്‍ന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തദ്ദേശീയമായ നിര്‍മിച്ച ലൈറ്റ് കോംപാക്റ്റ് യുദ്ധവിമാനമായ തേജസില്‍ പറന്നു. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എല്‍) വിമാനത്താവളത്തില്‍ നിന്നാണ് തേജസ് വിമാനത്തില്‍ പ്രതിരോധ മന്ത്രി പറന്നുയര്‍ന്നത്. തോജസില്‍ സഞ്ചരിക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയെന്ന റെക്കോഡും ഇതോടെ രാജ്‌നാഥ് സൃഷ്ടിച്ചു. എച്ച്എഎല്‍ നിര്‍മിച്ച വിമാനത്തിന് ഫെബ്രുവരി 21 ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) അന്തിമ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി വിജയകരമായ സഞ്ചാരം നടത്തിയത്. ആഗോള തലത്തില്‍ തേജസിനെ അവതരിപ്പിക്കുന്നതിന്റെയും വിശ്വാസ്യതയും സുരക്ഷയും സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിന്റെയും ഭാഗമായായിരുന്നു ഈ ഉദ്യമം. യുദ്ധവിമാനം വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ആവേശം പകരുന്നതാണ് പ്രതിരോധ മന്ത്രിയുടെ യാത്ര.

ആവശ്യക്കാരേറെ

ലോകമെങ്ങും യുദ്ധവിമാനങ്ങള്‍ കയറ്റിയയക്കാനുള്ള സാഹചര്യത്തിലേക്ക് ഇന്ത്യ എത്തിയെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. നിരവധി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തേജസ് യുദ്ധവിമാനത്തില്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മലേഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍, യുഎഇ, ഈജിപ്റ്റ്, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവയൊക്കെ തേജസിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മിച്ച ജെഎഫ്-17 വിമാനം വേണ്ടെന്നു വെച്ചാണ് മലേഷ്യ തേജസിനെ സ്വീകരിക്കാനൊരുങ്ങുന്നത്. മലേഷ്യയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നെന്നാണ് സൂചന. 2030 ഓടെ 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെന്ന നേട്ടം കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയെ സംബന്ധിച്ച് പ്രതിരോധ കയറ്റുമതിയും നിര്‍ണായകമായിരിക്കും. തേജസിന് ഇതില്‍ മുഖ്യ പങ്ക് വഹിക്കാനാവുമെന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടുന്നു.

കരുത്തേറുന്നു

നിലവില്‍ ഉപയോഗത്തിലുള്ള റഷ്യന്‍ നിര്‍മിത മിഗ്-21 ബൈസണിന് പകരക്കാരനായാണ് തേജസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവുക. വൈകാതെ തന്നെ വിമാനം തമിഴ്‌നാട്ടിലെ സുലൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ആസ്ഥാനമാക്കിയ 45 ാം സ്‌ക്വാഡ്രണായ ഫ്‌ളൈയിംഗ് ഡ്രാഗേഴ്‌സിന്റെ ഭാഗമാകും. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയാണ് തേജസിന്റെ പ്രധാന ഉപഭോക്താക്കള്‍. ആദ്യം 40 വിമാനങ്ങള്‍ക്ക് ഓഡര്‍ നല്‍കിയ വ്യോമ സേന കഴിഞ്ഞ വര്‍ഷം 50,000 കോടി രൂപ ചെലവില്‍ 83 വിമാനങ്ങളുടെ കരാറും നല്‍കി. നാവിക സേനയ്ക്കായുള്ള തേജസ് വിമാനങ്ങളും പരീക്ഷണ ഘട്ടത്തിലാണ്. കഴിഞ്ഞ ആഴ്ച തേജസിന്റെ നാവിക പതിപ്പ് ഗോവന്‍ തീരത്തെ പരീക്ഷണ സൗകര്യമായ ഐഎന്‍എസ് ഹന്‍സയില്‍ അറസ്റ്റഡ് ലാന്‍ഡിംഗ് നടത്തി എച്ച്എഎല്‍ ചരിത്രം കുറിച്ചിരുന്നു. രാജ്യത്തിന്റെ യുദ്ധവിമാന വാഹിനി കപ്പലുകളിലും വൈകാതെ തേജസ് എത്തുമെന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നത്.

രണ്ട് സീറ്റുകളും ഒരു എന്‍ജിനും മാത്രമുള്ള ലൈറ്റ് കോംപാക്റ്റ് യുദ്ധ വിമാനമാണ് തേജസ്. ഡിആര്‍ഡിഒയുടെ ഭാഗമായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി തയാറാക്കിയ ഡിസൈന്‍ പൂര്‍ണമായും നിര്‍മിച്ചത് എച്ച്എഎല്ലാണ്. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവ് വിമാനത്തെ അപകടകാരിയാക്കുന്നു. 13.2 മീറ്റര്‍ നീളവും 8.2 മീറ്റര്‍ വീതിയും (ചിറകുകളുള്‍പ്പെടെ) 4.4 മീറ്റര്‍ ഉയരവും 6,560 കിലോഗ്രാം തൂക്കവുമുണ്ട്. തേജസ് വിമാനങ്ങള്‍ നാലര തലമുറയില്‍പ്പെട്ടവയാണെന്നും ശേഷി പിന്നീട് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് സിഎംഡി ടി സുവര്‍ണ രാജു പറയുന്നു. ആകാശത്തുവെച്ചുതന്നെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, ആക്റ്റീവ് ഇലക്ട്രോണിക് സ്‌കാന്‍ഡ് അറേ റഡാര്‍, ഇലക്ട്രോണിക് വാര്‍ഫേര്‍ സ്യൂട്ട് എന്നീ സംവിധാനങ്ങളുള്ള വിമാനത്തിന് ബോംബ്, മിസൈല്‍ പോലുള്ള ആയുധങ്ങള്‍ വാഹിക്കാനും കഴിയും.

Comments

comments

Categories: FK News, Slider
Tags: Tejas, War flight