ഇന്ത്യയുടെ ട്രെയ്‌നുകള്‍ക്ക് ആവശ്യക്കാരേറുന്നു

ഇന്ത്യയുടെ ട്രെയ്‌നുകള്‍ക്ക് ആവശ്യക്കാരേറുന്നു

രണ്ട് ഡെമു ട്രെയ്‌നുകള്‍ വൈകാതെ ശ്രീലങ്കയ്ക്ക് കൈമാറും

ന്യൂഡെല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച ഗുണനിലവാരമുള്ള ട്രെയ്‌നുകള്‍ ഇന്ത്യയുടെ കയറ്റുമതി മോഹങ്ങള്‍ക്ക് ആവേശം പകരുന്നു. ശ്രീലങ്കയും ബംഗ്ലാദേശുമടക്കം വിവിധ രാജ്യങ്ങള്‍ ഇന്ത്യന്‍ ട്രെയ്‌നുകള്‍ ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് റെയ്ല്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഉത്തേജനം നല്‍കിക്കൊണ്ട് രണ്ട് ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) ട്രെയിന്‍ സെറ്റുകള്‍ കൂടി റെയ്ല്‍വേ വൈകാതെ ശ്രീലങ്കയ്ക്ക് നല്‍കും. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ട്രെയ്‌നുകളാണിത്. ഇതിനായുള്ള കരാറില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ ആര്‍ഐടിഇഎസ് ലിമിറ്റഡ് കമ്പനിയും ശ്രീലങ്കന്‍ റെയില്‍വേയും ഒപ്പുവച്ചു. 22.4 മില്യണ്‍ ഡോളറിന്റെ കരാറാണിത്. 2020-21 ഓടെ രണ്ട് ഡെമു ട്രെയിന്‍ സെറ്റുകളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറും.

13 കോച്ചുകള്‍ ഉള്‍പ്പെടുന്ന ആറ് ഡെമു ട്രെയ്‌നുകള്‍ വിതരണം ചെയ്യാനുള്ള കരാറില്‍ നേരത്തെ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവെച്ചിരുന്നു. ഇതിന് പുറമേയാണ് രണ്ട് ട്രെയ്‌നുകള്‍ കൂടി നല്‍കുക. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഈ ഡെമു ട്രയിനുകള്‍ നിര്‍മിക്കുക.

ആര്‍ഐടിഇഎസ് കൈമാറിയ ട്രെയ്ന്‍ അടുത്തിടെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, ഗതാഗത മന്ത്രി അര്‍ജുന രണതുങ്ക, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ താരാഞ്ജിത് സിംഗ് സന്ധു എന്നിവര്‍ ചേര്‍ന്ന് കൊളംബോയിലെ ഫോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. പുലാത്തിസി എക്‌സ്പ്രസ് എന്നു പേരിട്ടിരിക്കുന്ന ഇന്ത്യന്‍ നിര്‍മിത ട്രെയ്‌നില്‍, വിനോദോപാധികളും മോഡുലാര്‍ ഇന്റീരിയറും എസി ചെയര്‍ കാര്‍ കോച്ചുകളില്‍ പൂര്‍ണമായും കറങ്ങുന്ന സീറ്റുകളുമടക്കം ലോകോത്തര സൗകര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തലയണയോടു കൂടിയ സീറ്റുകള്‍, മോഡുലാര്‍ ടോയ്‌ലറ്റുകള്‍, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ എല്‍സിഡി എന്നിവ ഈ ഡെമു സെറ്റുകളുടെ പ്രധാന സവിശേഷതകളാണ്. കരാര്‍ പ്രകാരം പത്ത് ട്രെയ്ന്‍ എന്‍ജിനുകളും ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കും.

Comments

comments

Categories: FK News