ന്യൂജഴ്‌സിയെ ഇന്ത്യക്ക് ‘വിറ്റ്’ ഗവര്‍ണര്‍

ന്യൂജഴ്‌സിയെ ഇന്ത്യക്ക് ‘വിറ്റ്’ ഗവര്‍ണര്‍

സംസ്ഥാനത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുപമമായ സാമ്പത്തിക സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് ഫിലിപ്പ് ഡി മര്‍ഫി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആഴ്ച യുഎസ് സന്ദര്‍ശിക്കാനിരിക്കെ ഇന്ത്യന്‍ ബിസിനസുകളില്‍ നിന്ന് നിക്ഷേപം ക്ഷണിച്ച് അമേരിക്കന്‍ സ്‌റ്റേറ്റായ ന്യൂജഴ്‌സിയുടെ ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫി. പുതിയ സംരംഭങ്ങള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും വളരാനും ഇന്നൊവേറ്റീവ് കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും വികസിക്കാനും അനുയോജ്യമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തതു മുതല്‍ സംസ്ഥാനത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനും വിജയം നേടാനും കഴിയുന്ന വിധത്തിലുള്ള അനുപമമായ സാമ്പത്തിക സാഹചര്യം ഒരുക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദര്‍ശനത്തിനിടെ സിഎഫ്ഒ എന്‍ഗേജ് മുംബൈയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിച്ച മര്‍ഫി ‘വില്‍പ്പന മേധാവി’ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്.

ആദ്യമായാണ് ഒരു ന്യൂജഴ്‌സി ഗവര്‍ണര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ന്യൂജഴ്‌സിയുടെ വിദേശ വാണിജ്യ പങ്കാളികളില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറിനും മുകളിലാണ് ന്യൂജഴ്‌സിയിലെ ഇന്ത്യയുടെ വാണിജ്യത്തിന്റെ മൂല്യം.

പരസ്പരമുള്ള സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ചുകൊണ്ട് ന്യൂജഴ്‌സി, ഇന്ത്യന്‍ സ്ഥാപനങ്ങളും ബിസിനസുകളുമായും സഹകരിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഗവേഷകര്‍ ഇന്ത്യയിലെ സംശുദ്ധ ഊര്‍ജം പോലെ വളര്‍ന്നു വരുന്ന വിവിധ മേഖലകളിലെ ഗവേഷണ പദ്ധതികളില്‍ പങ്കാളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര ബിസിനസില്‍ ആര്‍ക്കും സ്വന്തമായി സമഗ്ര വളര്‍ച്ച നേടാനാവില്ലെന്നും സംരക്ഷണവാദവും അടഞ്ഞ ചിന്താഗതിയും വഴി ഇന്നൊവേറ്റീവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയും നേടാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: Newjersey