അംബാനിയെ പോക്കറ്റിലാക്കിയ മലയാളി സ്റ്റാര്‍ട്ടപ്പ്

അംബാനിയെ പോക്കറ്റിലാക്കിയ മലയാളി സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ എംജി ശ്രീരാമനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥാപിച്ച ഫൈന്‍ഡ് എന്ന കൊമേഴ്സ്യല്‍ സ്റ്റാര്‍ട്ടപ്പിന്റെ 87.6 ശതമാനം ഓഹരികളും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തത് ഈയിടയ്ക്കാണ്. 395 കോടി രൂപയ്ക്ക് നടത്തിയ ഏറ്റെടുക്കലിലൂടെ ഇ-കൊമേഴ്‌സ് രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് നടപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന വിലയിരുത്തലിലാണ് റിലയന്‍സ് ഈ ഏറ്റെടുക്കല്‍ നടത്തിയത്. ശ്രീരാമന്‍ ‘ഫ്യൂച്ചര്‍ കേരള’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്നും;

റിലയന്‍സ് പോലെ ഒരു കമ്പനി ഫൈന്‍ഡിനെ ഏറ്റെടുക്കുമെന്ന് എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?

ഒരിക്കലുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫൈന്‍ഡില്‍ ഗൂഗിള്‍ 50 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഗൂഗിള്‍ നിക്ഷേപം നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നവസംരംഭം കൂടിയാണ് ഫൈന്‍ഡ്. ഇത് ഞങ്ങളുടെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചു. അതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ റിലയന്‍സ് ഇ-കൊമേഴ്സ് രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും നിരവധി നവ സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയതും ഏറെ പ്രതീക്ഷ നല്‍കി. ആമസോണ്‍, ഫഌപ്കാര്‍ട്ട്‌പോലുളള നിരവധി സംരംഭങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഉണ്ടെങ്കിലും ഇവരിലാരും തന്നെ ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ പൂര്‍ണമായും വിനിയോഗിച്ചിട്ടില്ല. ആ സാധ്യത പൂര്‍ണമായും വിനിയോഗിക്കാനായിരുന്നു ഫൈന്‍ഡിന്റെ ലക്ഷ്യവും. റിലയന്‍സുമായുളള കൂട്ടുകെട്ടിലൂടെ ഫൈന്‍ഡിന് അത് സാധിക്കുമെന്ന ഉറപ്പുണ്ട്.

എങ്ങനെയാണ് സംരംഭകത്വത്തിലേക്ക് എത്തിപ്പെടുന്നത് ?

എഞ്ചിനിയറിംഗിന് ശേഷം ഐഐടി ബോംബെയില്‍ മാസ്റ്റേഴ്സിന് ചേര്‍ന്നു. സംരംഭം തുടങ്ങണമെന്ന മോഹം ആയിടയ്ക്കാണ് ശക്തമാകുന്നത്. സമാന ചിന്താഗതിയുളള രണ്ട് സഹപാഠികളെയും കണ്ടെത്തിയതോടെ പഠനം തുടരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഫറൂഖ് ആദം, ഹര്‍ഷ് ഷാ എന്നി സുഹൃത്തുക്കള്‍ക്കൊപ്പം സംരംഭം എന്ന ലക്ഷ്യത്തിനുവേണ്ടിയുളള പ്രയത്‌നം തുടങ്ങി. അങ്ങനെ 2012 സെപ്തംബറില്‍ ഫൈന്‍ഡിന്റെ മാതൃ സംരംഭമായ ‘ഷോപ്പ് സെന്‍സ്’ എന്ന സംരംഭം ആരംഭിച്ചു. പിന്നീട് ഷോപ്പ് സെന്‍സ് ഷോറൂമുകളില്‍ ഇംപ്ലിമെന്റ് ചെയ്യുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പുതിയൊരു സംരംഭത്തെ കുറിച്ച് ചിന്തിക്കേണ്ടി വന്നു. അങ്ങനെയാണ് 2015ല്‍ ആണ് ഫൈന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുന്നത്

എന്തായിരുന്നു ആദ്യ സംരംഭം? നേരിട്ട പ്രതിസന്ധി ?

ഷോറൂമില്‍ വെക്കുന്ന സ്‌ക്രീനില്‍ നിന്നും നിങ്ങള്‍ ഇഷ്ടപ്പെട്ട വസ്ത്രം സെലക്ട് ചെയ്ത് വിര്‍ച്വല്‍ ആയി ധരിച്ച് നോക്കാന്‍ സാധിക്കും, ഇങ്ങനെയായിരുന്നു ഷോപ്പ് സെന്‍സിന്റെ പ്രവര്‍ത്തനം. ഉപഭോക്താക്കള്‍ക്ക് ട്രയല്‍ റൂമില്‍ ചെന്ന് ഓരോന്നും ധരിച്ച് നോക്കി ബുദ്ധിമുട്ടേണ്ട ആവശ്യമില്ലാതാക്കി ഷോപ്പ്‌സെന്‍സ്. എന്നാല്‍, ഈ സ്‌ക്രീന്‍ സ്ഥാപനത്തിന്റെ ഏതാണ്ട് നടുക്ക് തന്നെയായിരുന്നു സ്ഥാപിക്കേണ്ടിയിരുന്നത്. മിക്ക ഷോപ്പുകളുടെയും നടുക്കായി പ്ലഗ് പോയിന്റുകളില്‍ ഇല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഷോപ്പ് സെന്‍സിന് അനുസൃതമായി സ്ഥാപനം രൂപകല്പ്പന ചെയ്യണമായിരുന്നു.

എങ്ങനെയാണ് ഫൈന്‍ഡിന്റെ പ്രവര്‍ത്തനം?

സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്ത് ഗോഡൗണുകളില്‍ സൂക്ഷിച്ച ശേഷം ആവശ്യാനുസരണം ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് സാധാരണ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ രീതി. ഇവിടെയാണ് ഫൈന്‍ഡിന്റെ പ്രവര്‍ത്തനം തീര്‍ത്തും വ്യത്യസ്തമാകുന്നത്. 9,000ല്‍ അധികം ഓഫ്ലൈന്‍ സ്റ്റോറുകളെ ബന്ധിപ്പിച്ചാണ് ഫൈന്‍ഡിന്റെ പ്രവര്‍ത്തനം. 250ല്‍ ഏറെ ബ്രാന്‍ഡുകളും ഫൈന്‍ഡില്‍ ലഭ്യമാണ്. ഉപഭോക്താവ് ഫൈന്‍ഡ് ആപ്ലിക്കേഷനിലൂടെ ഉല്‍പ്പന്നം ആവശ്യപ്പെടുമ്പോള്‍ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുളള സ്ഥലത്ത് നിന്നും ഉല്‍പ്പന്നം എത്തിക്കും. ഫൈന്‍ഡിന് സംഭരണ ശാല ഇല്ല. ഏറ്റവും അടുത്ത് നിന്നും എത്തിക്കുന്നതിനാല്‍ രാവിലെ ഓര്‍ഡര്‍ ചെയ്യുന്നത് വൈകുന്നേരത്തോടെ ഉപഭോക്താവിന് ലഭിക്കും. ദിവസങ്ങളോളം നീളുന്ന കാത്തിരുപ്പിനും അമിതമായ കൊറിയര്‍ നിരക്കിനും ഫൈന്‍ഡ് വിരാമം നല്‍കുന്നു.

റിലയന്‍സ് എങ്ങനെയാണ് ഫൈന്‍ഡിലേക്ക് എത്തിപ്പെടുന്നത് ?

റിലയന്‍സിന്റെ 25 ബ്രാന്‍ഡുകള്‍ ഫൈന്‍ഡുമായി നേരത്തെ മുതല്‍ തന്നെ സഹകരിക്കുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നവസംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്ന ജെന്‍ നെക്സ്റ്റ് എന്ന വെഞ്ച്വറിലൂടെയാണ് റിലയന്‍സ് നിക്ഷേപം നടത്തിയത്. സഹസ്ഥാപകനായ ഹര്‍ഷ് ഷാ ജെന്‍ നെക്സ്റ്റില്‍ അവതരിപ്പിച്ച പ്രോജക്ടാണ് തലവര മാറ്റിയത്. ഫൈന്‍ഡിന്റെ ആശയം അറിഞ്ഞതോടെ മുകേഷ് അംബാനിക്ക് ഏറെ താല്‍പ്പര്യമായി. പിന്നീട് കാര്യങ്ങള്‍ ആറ് മാസത്തിനുളളില്‍ ഏറ്റെടുക്കല്‍ വരെ എത്തുകയായിരുന്നു.

മൂന്ന് സ്ഥാപകരുടെയും കൈവശമുളള ബാക്കി ഓഹരികളും റിലയന്‍സിന് നല്‍കുമോ ?

ഇല്ല, ഞങ്ങളുടെ കൈവശമുളള ബാക്കി ഓഹരികള്‍ കൂടി റിലയന്‍സ് ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ അത്തരത്തിലുളള യാതൊരു പദ്ധതിയും ഞങ്ങള്‍ക്കില്ല. ഓഹരി അനുപാതം നിലവിലേത് പോലെ തന്നെ തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

Categories: FK Special, Slider