ഇന്ത്യയുടെ സാമ്പത്തിക സമാഹരണത്തിന് ഒരു മാര്‍ഗരേഖ

ഇന്ത്യയുടെ സാമ്പത്തിക സമാഹരണത്തിന് ഒരു മാര്‍ഗരേഖ

സ്വാതന്ത്ര്യ ലബ്ധിക്ക് ഏഴരപ്പതിറ്റാണ്ടിനിപ്പുറം വികസ്വര രാഷ്ട്രത്തില്‍ നിന്ന് വികസിത രാഷ്ട്രത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സ്വപ്‌നം കാണുകയാണ് ഇന്ത്യ. അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം എത്തിപ്പിടിക്കാന്‍ നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി സജീവ ചര്‍ച്ചകള്‍ അണിയറയിലും അരങ്ങത്തും നടക്കുന്നുണ്ട്. നിക്ഷേപങ്ങള്‍ക്ക് ഈ പരിപാടിയില്‍ നടുനായകത്വം തന്നെയുണ്ട്. നിക്ഷേപകരുടെ പോസിറ്റീവ് വികാരം ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വന്‍കിട നിക്ഷേപ ഇടപാടുകളുടെ ധനാഗമ മാര്‍ഗങ്ങളെ ചുറ്റിപ്പറ്റി കൂടുതല്‍ വ്യക്തയുണ്ടാകേണ്ടത് ആവശ്യമാണ്

ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചക്കായുള്ള മാര്‍രേഖയ്ക്ക് ഏറെ പ്രധാന്യമുണ്ട്. ഇതു സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്തുവരികയാണ്. പുതിയ നിക്ഷേപങ്ങള്‍ക്കുള്ള ധനസഹായം, സര്‍ക്കാര്‍ ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം, സര്‍ക്കാര്‍ ആസ്തികളുടെ സ്വകാര്യവല്‍ക്കരണവുമായി സംബന്ധിച്ച ഇന്നൊവേറ്റീവ് നടപടികള്‍ എന്നിങ്ങനെ മൂന്നു മേഖലകള്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

നിക്ഷേപകരുടെ പോസിറ്റീവ് വികാരം ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വന്‍കിട നിക്ഷേപ ഇടപാടുകളുടെ യഥാര്‍ത്ഥ ധനാഗമ മാര്‍ഗത്തെ ചുറ്റിപ്പറ്റി കൂടുതല്‍ വ്യക്തയുണ്ടാകേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ ജല സമ്പത്ത് സംരക്ഷിക്കുന്നതിനും നിത്യോപയോഗത്തിനും കൃഷിക്കും മതിയായ തോതില്‍ ജലം ലഭ്യമാകുന്നെന്ന് ഉറപ്പാക്കാനും ‘ജല്‍ ശക്തി അഭിയാന്‍’ പരിപാടിക്ക് രൂപം നല്‍കിയത് മികച്ച ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ സുപ്രധാന ആശയങ്ങളിലൊന്നായിരുന്നു. പദ്ധതി നടത്തിപ്പിന് ആകെ വേണ്ടി വരുന്ന നിക്ഷേപത്തെക്കുറിച്ച് പല കണക്കുകളും പുറത്തുവരുന്നുണ്ട്. ഇതോടൊപ്പം തന്നെ പൈപ്പ് വെള്ളത്തിന്റെ ലഭ്യത, നദീ സംയോജനം, ജല സംരക്ഷണ പദ്ധതികള്‍ എന്നിവയടക്കം ഈ ബൃഹദ് പരിപാടിയുടെ ഭാഗമായ മറ്റ് ഘടകങ്ങളെക്കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.

എല്ലാ പദ്ധതികള്‍ക്കും സാമ്പത്തികമായി നേട്ടമുണ്ടാക്കാനുള്ള ക്ഷമത ഉണ്ടാകില്ലെന്നതിനാല്‍ മേല്‍പ്പറഞ്ഞ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തു വിടേണ്ടത് അത്യാവശ്യമാണ്. ചില വലിയ പദ്ധതികളില്‍ പണമൊഴുക്കാതെ തന്നെ നിര്‍ണായകമായ സാമ്പത്തിക മൂല്യം നേടാനുള്ള സാധ്യതയുണ്ടാകും. അതിനാല്‍ നിക്ഷേപം, വരുമാനം നേടല്‍, ധന സ്രോതസ് എന്നിവ സംബന്ധിച്ച സാമ്പത്തിക പദ്ധതി വിവരിക്കുന്ന വ്യക്തമായ മാര്‍ഗരേഖക്ക് പ്രാധാന്യമുണ്ട്. വന്‍കിട അടിസ്ഥാനസൗകര്യ പദ്ധതികളുടെ സാമ്പത്തിക സ്രോതസ്, ഉപയോഗം, സമയക്രമം എന്നിവയുടെ വിവരങ്ങള്‍ പുറത്തു വരുന്നത് നിക്ഷേപകരുടെ താല്‍പ്പര്യവും അനുകൂല വികാരവും വലിയ തോതില്‍ മെച്ചപ്പെടാന്‍ സഹായിക്കും. സാമ്പത്തിക വഴിയുടെ ക്രമാനുഗതമായ എന്നാല്‍ വിശദമായ വിവരണവും ബന്ധപ്പെട്ട മേഖലകള്‍ക്ക് പണമൊഴുക്കിനെ കുറിച്ച് വിവരം നല്‍കുകയും നിക്ഷേപകര്‍ക്ക് ആസന്നമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുന്നതിനായി സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിപ്പിക്കണമെന്നും നികുതി നിരക്ക് കുറയ്ക്കുകയും റിബേറ്റുകള്‍ പ്രഖ്യാപിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്രോതസുകള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ആസ്തികള്‍ വിറ്റ് പണമാക്കുക, ഉയര്‍ന്ന നികുതി അനുവര്‍ത്തനം, സ്വകാര്യവല്‍ക്കരണം എന്നിവ നിക്ഷേപക അനുകൂല സാഹചര്യത്തിന്റെ അവശ്യ ഘടകങ്ങളാണെന്ന കാര്യം ശരിയാണെന്നിരിക്കെ ലഭ്യമായ സര്‍ക്കാര്‍ ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗവും പ്രധാനമാണ്. ഉദാഹരണത്തിന് 2010-18 കാലഘട്ടത്തില്‍ കല്‍ക്കരി സെസ് മുഖേന ശേഖരിച്ച ഫണ്ട് 86,440 കോടി രൂപയാണ്. ഇതില്‍ ഏകദേശം 29,645 കോടി രൂപയാണ് ദേശീയ മലിനീകരണ വിമുക്ത ഊര്‍ജ ഫണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. ബാക്കി തുക ഒന്നിനും ഉപയോഗിക്കാതെ അലസമായി സൂക്ഷിച്ചിരിക്കുന്നു.

2017 ല്‍ നടപ്പിലാക്കിയ ജിഎസ്ടി നിയമമനുസരിച്ച് കല്‍ക്കരിയുടെ സെസ്, സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം പരിഹരിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. കല്‍ക്കരിയുടെ സെസ് മുഖേന ലഭ്യമാകുന്ന തുക, രാജ്യത്തെ മലിനീകരണ വിമുക്ത ഊര്‍ജ സ്രോതസുകളിലേക്ക് മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ മാത്രമേ വിനിയോഗിക്കാവൂയെന്ന് ചിലര്‍ ശക്തമായി വാദിക്കുന്നുണ്ട്. അതേസമയം തന്നെ സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും ഫണ്ട് ആവശ്യമാണെന്ന വസ്തുത അംഗീകരിച്ചേ മതിയാവൂ. പ്രാധാന്യമുള്ള ഈ രണ്ട് ആവശ്യകതകളും സന്തുലിതമാക്കുന്നതിന് വളരെ ആലോചിച്ച് ഒരു നയം രൂപീകരിക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്നു. സെസ് പിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ലക്ഷ്യമിടുന്ന ഫലം നേടുന്നതിന് സര്‍ക്കാര്‍ വിഭവസ്രോതസുകളുടെ വിനിയോഗത്തെക്കുറിച്ച് മികച്ച വ്യക്തത പുലര്‍ത്തുന്നതിനെന്നുമുള്ള നിര്‍ണായകമായ പാഠമാണ് കല്‍ക്കരി സെസില്‍ നിന്നു ലഭിക്കുന്നത്. വലിയ നിക്ഷേപങ്ങള്‍ നേടാന്‍ ഇന്ത്യ പരിശ്രമിക്കുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് ഉയര്‍ന്ന തോതില്‍ ഊര്‍ജം ഉപയോഗിക്കുന്ന സമ്പദ് വ്യവസ്ഥയില്‍, ലഭ്യമായ ഫണ്ടുകളുടെ സമര്‍ത്ഥമായ വിനിയോഗത്തിന് പുതിയ ധനസ്രോതസുകള്‍ കണ്ടെത്തുകയെന്നതിനോളം തന്നെ പ്രാധാന്യമുണ്ട്.

ആസ്തി വില്‍പ്പനയിലൂടെ നിക്ഷേപം സമാഹരിക്കാനും ആസ്തികളെ ലിസ്റ്റ് ചെയ്യാനുമുള്ള ചര്‍ച്ചകള്‍ വാര്‍ത്തകളിലിടം നേടുന്നുണ്ട്. ഇത് പ്രാഥമിക പരിഗണന നല്‍കേണ്ട വിഷയം കൂടിയാണെന്നതില്‍ സംശയമില്ല. അടുത്തിടെ പുറത്തുവന്ന വാര്‍ത്തകള്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ (എഎഐ) സര്‍ക്കാര്‍ ലിസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. വിപണി മൂല്യവും ആവശ്യമായ മൂലധനവും ലഭിക്കാന്‍ ചെയ്യേണ്ട ശരിയായ നടപടിക്രമങ്ങളാണ് ഇവ എന്നിരിക്കെത്തന്നെ, എഎഐയ്്ക്ക് ബദലായി ഏതെങ്കിലും വിമാനത്താവങ്ങളെയോ അല്ലെങ്കില്‍ ഒരു സംഘം വിമാനത്താവളങ്ങളെയോ തന്നെ ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകളിലേക്ക് ഇന്ത്യ കൂടുതലായി ചിന്തിക്കുകയും അതിനായി ഇന്നൊവേറ്റ് ചെയ്യേണ്ടതുമുണ്ട്. സര്‍ക്കാരിന്റെ കൈവശമുള്ള മൂല്യമേറിയ ആസ്തികളുടെ ഓഹരികള്‍ വിറ്റഴിച്ച് മൂലധനം സൃഷ്ടിക്കാനുള്ള പദ്ധതി ആരംഭിക്കുന്നതിനൊപ്പം ലിസ്റ്റിംഗ് നടപടിക്രമങ്ങളില്‍ കൂടുതല്‍ സുതാര്യതയും വ്യക്തതയും കൊണ്ടുവരാനും ലക്ഷ്യമിട്ട് മുന്നോട്ട് പോകണം.

ലിസ്റ്റ് ചെയ്യപ്പെടുന്ന ആസ്തികളുടെ വിശദവിവരങ്ങള്‍ക്കു പുറമെ നടപടികളില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന ഫണ്ടിന്റെ വിനിയോഗമാണ് ഒരുപക്ഷേ ലിസ്റ്റിംഗ് നടപടികളിലെ ഏറ്റവും നിര്‍ണായകമായ തലം. അസറ്റ് ലിസ്റ്റ് ചെയ്യുന്ന പ്രക്രിയ വിജയിപ്പിക്കുന്നതിന് ലിസ്റ്റിംഗ്, ലിസ്റ്റ് ചെയ്ത ആസ്തികളുടെ ഫണ്ട് വിനിയോഗം, കൈകാര്യം എന്നിവയെ സംബന്ധിച്ച് സുതാര്യത ആവശ്യമാണ്. ലിസ്റ്റിംഗം നടപടിക്രമങ്ങള്‍, സാമ്പദ് വ്യവസ്ഥയുടെ മറ്റ് മേഖലകള്‍ക്ക് കൂടി പിന്നീട് പ്രയോജനപ്പെടുത്താവുന്ന ഒരു വാര്‍പ്പ് മാതൃക സൃഷ്ടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജമേകാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ രാജ്യത്തിന് സാമ്പത്തിക ഉറവിടം, മാര്‍ഗം, മൂലധന വിനിയോഗം എന്നിവ സംബന്ധിച്ച് വ്യക്ത നല്‍കുന്ന രൂപരേഖ ആവശ്യമാണ്. ഇത്തരത്തിലുള്ള രൂപരേഖയ്ക്ക് സ്വകാര്യ നിക്ഷേപങ്ങള്‍, വരുമാനം, ഉപഭോഗം തുടങ്ങിയവയില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ശുഭകരമായ സൂചനകള്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ സംബന്ധിച്ച് പ്രധാനമാണ്.

(അടിസ്ഥാന സൗകര്യ മാര്‍ഗനിര്‍ദേശ സ്ഥാപനമായ ഡെവലപ്‌മെന്റ് ട്രാക്‌സിന്റെ മേധാവിയാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider