ഇന്ത്യ ബൈക്ക് വീക്ക് തീയതികള്‍ പ്രഖ്യാപിച്ചു

ഇന്ത്യ ബൈക്ക് വീക്ക് തീയതികള്‍ പ്രഖ്യാപിച്ചു

ഡിസംബര്‍ 6, 7 തീയതികളില്‍ ഗോവയിലെ വാഗത്തോറിലാണ് ഇന്ത്യ ബൈക്ക് വീക്കിന്റെ ആറാമത് പതിപ്പ് നടക്കുന്നത്

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കിന്റെ (ഐബിഡബ്ല്യു) തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 6, 7 തീയതികളില്‍ ഗോവയിലെ വാഗത്തോറിലാണ് ഏഷ്യയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ഒത്തുചേരലുകളിലൊന്ന് നടക്കുന്നത്. ഇന്ത്യ ബൈക്ക് വീക്കിന്റെ ആറാമത് പതിപ്പാണ് ഇത്തവണ. ബൈക്കര്‍മാരുടെ വാര്‍ഷിക ഉല്‍സവമാണ് ഇന്ത്യ ബൈക്ക് വീക്ക് എന്നുപറയാം. ഇന്ത്യയിലെ 280 ബൈക്കര്‍ ക്ലബ്ബുകള്‍ ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കില്‍ പങ്കെടുക്കുന്നതിന് ഗോവയിലേക്ക് യാത്ര തിരിക്കും.

അഡ്വഞ്ചര്‍, മോട്ടോര്‍സൈക്കിള്‍ സംസ്‌കാരം, സംഗീതം, ബൈക്കര്‍മാരുടെ സാഹോദര്യം എന്നിവയുടെ മിശ്രണമാണ് ഇന്ത്യ ബൈക്ക് വീക്ക്. ഇന്ത്യയില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 20,000 ലധികം മോട്ടോര്‍സൈക്ലിസ്റ്റുകള്‍ ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും വലിയ ഒത്തുചേരല്‍. 2013 ലാണ് ഇന്ത്യ ബൈക്ക് വീക്ക് ആരംഭിച്ചത്. ആ വര്‍ഷം 5,324 ബൈക്കര്‍മാരും 2,684 ബൈക്കുകളുമാണ് പങ്കെടുത്തത്. 2017 ല്‍ 15,484 ബൈക്കര്‍മാരും 8,536 ബൈക്കുകളും പങ്കെടുക്കുംവിധം ഐബിഡബ്ല്യു വളര്‍ന്നു.

ഇന്ത്യയിലെയും വിദേശത്തെയും വിവിധ നിര്‍മ്മാതാക്കളുടെ ബൈക്കുകള്‍ ഗോവയിലെത്തും. കസ്റ്റം ബൈക്കുകളെയും വാഗത്തോറില്‍ കാണാനാകും. ബ്രാന്‍ഡുകള്‍ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേദി ഉണ്ടായിരിക്കും. മോട്ടോര്‍സൈക്ലിംഗ് താരങ്ങള്‍ തങ്ങളുടെ രസകരമായ അനുഭവകഥകള്‍ പങ്കുവെയ്ക്കും. റൈഡിംഗ് ഗിയറുകളും മറ്റും വാങ്ങുന്നതിനും സൗകര്യമുണ്ടായിരിക്കും. എന്‍ഡ്യൂറോ ഹില്‍ ക്ലൈംബ്, ഫഌറ്റ് ട്രാക്ക് ട്രയല്‍സ് സര്‍ക്യൂട്ട് തുടങ്ങിയ മല്‍സരങ്ങളിലും പങ്കെടുക്കാം.

Comments

comments

Categories: Auto