ഫെഡറല്‍ റിസര്‍വിന് പിന്നാലെ യുഎഇ, സൗദി കേന്ദ്രബാങ്കുകളും പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു

ഫെഡറല്‍ റിസര്‍വിന് പിന്നാലെ യുഎഇ, സൗദി കേന്ദ്രബാങ്കുകളും പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു

പ്രധാന പലിശനിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്, കുവൈറ്റില്‍ പലിശനിരക്കുകളില്‍ മാറ്റമില്ല

ദുബായ്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്‍പറ്റി യുഎഇ കേന്ദ്രബാങ്കും മറ്റ് ജിസിസി രാഷ്ട്രങ്ങളിലെ കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും പലിശനിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നത്.

യുഎഇയില്‍ പ്രധാന പലിശനിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ കുറവാണ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യബാങ്കുകള്‍ കേന്ദ്രബാങ്കില്‍ നിന്നും സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകള്‍ക്കുള്ള പലിശനിരക്കായ റിപ്പോനിരക്കിലും കാല്‍ശതമാനത്തിന്റെ കുറവുണ്ടാകും.

അമേരിക്കന്‍ ഡോളറിനെ അടിസ്ഥാനപ്പെടുത്തി കറന്‍സി മൂല്യ നിര്‍ണയം നടത്തുന്ന ജിസിസി മേഖലയിലെ മിക്ക കേന്ദ്രബാങ്കുകളും ഫെഡറല്‍ റിസര്‍വിനെ പിന്‍പറ്റി പ്രധാന പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം കുവൈറ്റ് കേന്ദ്രബാങ്ക് നിരക്കുകള്‍ കുറച്ചിട്ടില്ല. കുവൈറ്റ് ദിനാര്‍ നിരവധി കറന്‍സികളെ അടിസ്ഥാനപ്പെടുത്തിയാണ് മൂല്യനിര്‍ണയം നടത്തുന്നത് എന്നതാണ് അതിനുള്ള കാരണം.

റിയാദ് ആസ്ഥാനമായുള്ള സൗദി അറേബ്യന്‍ ധനകാര്യ അതോറിറ്റി(സമ) റിപ്പോ നിരക്ക് 275 ബേസിസ് പോയിന്റ്‌സില്‍ നിന്നും 250 ബേസിസ് പോയിന്റ്‌സ് ആയി കുറച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റ്‌സില്‍ നിന്നും 200 ബേസിസ് പോയിന്റ്‌സ് ആയും കുറച്ചിട്ടുണ്ട്. ആഗോള ധനകാര്യ വിപണികളിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കുകയെന്നത് തന്നെയാകും സമയുടെ ലക്ഷ്യമെന്ന് പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് സൗദി കേന്ദ്രബാങ്ക് അറിയിച്ചു.

അതേസമയം ഡിസ്‌കൗണ്ട് നിരക്കുകള്‍ 3 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുമെന്ന് കുവൈറ്റ് കേന്ദ്രബാങ്ക് അറിയിച്ചു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പ്രധാന പലിശനിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടുപാദങ്ങളിലും സാമ്പത്തിക രംഗം പ്രതീക്ഷിച്ചത് പോലെയുള്ള നിരക്ക് വെട്ടിക്കുറക്കലാണ് അമേരിക്കന്‍ കേന്ദ്രബാങ്ക് നടപ്പിലാക്കിയിരിക്കുന്നത്. 2015 മുതല്‍ നടപ്പിലാക്കിയ ഒമ്പത് നിരക്ക് വര്‍ധനവുകള്‍ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചതിന് ശേഷം ആദ്യമായാണ് ജൂലൈയില്‍ ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ വെട്ടിക്കുറച്ചത്.

നിരക്കുകള്‍ കുറച്ചതോടെ തൊഴില്‍ വിപണി ശക്തിപ്പെടുമെന്നും സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ക്രയവിക്രയങ്ങള്‍ നടക്കുമെന്നും ഫെഡറല്‍ റിസര്‍വ് പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കരുത്തുള്ളതാക്കി നിലനിര്‍ത്താനാണ് നിരക്കുകള്‍ കുറച്ചതെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തുറ്റ പ്രകടനം കഴിഞ്ഞ വര്‍ഷം നിരക്കുകള്‍ കൂട്ടാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഉപഭോക്തൃ ചിലവിടലും റീറ്റെയ്ല്‍ വില്‍പ്പനയും മന്ദീഭവിക്കുന്നുവെന്ന സൂചനയാണ് ഫെഡറല്‍ റിസര്‍വിന് നല്‍കിയത്. എന്നിരുന്നാലും നിര്‍മാണ മേഖലയും തൊഴില്‍ വിപണിയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

Comments

comments

Categories: Arabia