ഇ-ഫ്‌ളൈസ് എന്ന ആധുനിക ഓണ്‍ലൈന്‍ ആയുധം

ഇ-ഫ്‌ളൈസ് എന്ന ആധുനിക ഓണ്‍ലൈന്‍ ആയുധം

ഇനിയൊരു മൂന്നാം ലോക മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് സൈബര്‍ യുദ്ധമായിരിക്കുമെന്നാണു പറയപ്പെടുന്നത്. ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്താനാണെങ്കിലും ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ അട്ടിമറിക്കാനാണെങ്കിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ സാധിക്കുമെന്ന സാഹചര്യം കൈവന്നിരിക്കുന്നു. അതു പോലെ തന്നെ ഇമേജ് ബില്‍ഡ് ചെയ്യാനും നവമാധ്യമങ്ങള്‍ക്കു സാധിക്കുന്നു

ഇന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ അരങ്ങേറുന്ന ആധുനിക ഇലക്‌ട്രോണിക് യുദ്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ് ഇലക്‌ട്രോണിക് ഫ്‌ളൈസ് (Electronic flies, e-flies) അഥവാ ഇ-കമ്മിറ്റീസ്് (e-committees). ഇ-ഫ്‌ളൈസ് എന്നത് സാങ്കല്‍പ്പിക സോഷ്യല്‍ മീഡിയ എക്കൗണ്ടുകളാണ്. അവ നിയന്ത്രിക്കുന്നത് മനുഷ്യരായിരിക്കില്ല. പകരം പ്രത്യേകം പ്രോഗ്രാം ചെയ്ത സോഫ്റ്റ്‌വെയറായിരിക്കും. സോഷ്യല്‍ മീഡിയയില്‍ കമന്റുകളെഴുതാനും, പോസ്റ്റുകളോട് പ്രതികരിക്കാനുമൊക്കെ ഇവയ്ക്കു സാധിക്കും. സോഷ്യല്‍ മീഡിയ എക്കൗണ്ടില്‍ ഒരു വ്യക്തി അയാളുടെ കാഴ്ചപ്പാട് പോസ്റ്റ് ചെയ്യുകയാണെങ്കില്‍ അതിനോട് എതിര്‍പ്പുണ്ടെങ്കില്‍ ആ വ്യക്തിയുടെ പോസ്റ്റിനെ എതിര്‍ത്ത് പോസ്റ്റ് ചെയ്യുവാനും ഇലക്‌ട്രോണിക് ഫ്‌ളൈസിനു സാധിക്കും. നിരവധി അന്താരാഷ്ട്ര കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയും ഇവയെ ഉപയോഗിച്ചു വരുന്നു. സംഘര്‍ഷങ്ങളിലും രാഷ്ട്രീയ പ്രതിസന്ധികളിലും ഇ-ഫ്‌ളൈസിനെ ഇന്ന് ഉപയോഗിച്ചു വരുന്നു. 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ പൊതുജനാഭിപ്രായം ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി രൂപീകരിക്കാന്‍ ഓണ്‍ലൈനിലൂടെ ശ്രമിച്ചതായിട്ടാണ് ആരോപണം. ഇതിനായി ഇ-ഫ്‌ളൈസിനെ സമര്‍ഥമായി റഷ്യ ഉപയോഗിച്ചെന്നാണു പറയപ്പെടുന്നത്.

നയതന്ത്ര പ്രതിസന്ധിയില്‍ ഖത്തറും, സൗദി അറേബ്യയും ചെയ്തത്

കഴിഞ്ഞ വര്‍ഷം നയതന്ത്ര പ്രതിസന്ധിയിലൂടെ കടന്നു പോയ രണ്ട് രാജ്യങ്ങളാണ് ഖത്തറും, സൗദി അറേബ്യയും. സൗദിയെ പ്രതിസന്ധിയിലാക്കിയ ഒരു സംഭവം ജമാല്‍ ഖഷോഗി എന്ന മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹമായി കൊല്ലപ്പെട്ട സാഹചര്യമായിരുന്നു. ജമാല്‍ ഖഷോഗി സൗദി വംശജനും അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായിരുന്നു. ഇദ്ദേഹം സൗദിയുടെ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ രൂക്ഷ വിമര്‍ശകനുമായിരുന്നു. തുര്‍ക്കിയിലെ സൗദിയുടെ എംബസിയിലേക്കു ജമാല്‍ ഖഷോഗിയെ ക്ഷണിച്ചതിനു ശേഷം സൗദിയില്‍നിന്നുള്ള ഹിറ്റ് സക്വാഡ് അഥവാ കൊലയാളി സംഘം കൊലപ്പെടുത്തുകയായിരുന്നു. ഈ സംഘം സല്‍മാന്‍ രാജകുമാരന്റെ ഹിറ്റ്മാന്‍മാരായിരുന്നു (Hit man). ഈ സംഭവം വലിയ വിവാദമായി മാറുകയും സല്‍മാന്‍ രാജകുമാരനും സൗദി ഭരണകൂടത്തിനുമെതിരേ വന്‍ പ്രതിഷേധമുയരുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലാണ് പ്രതിഷേധം കത്തിപ്പടര്‍ന്നത്. ഏകദേശം 11 ദശലക്ഷം ട്വിറ്റര്‍ യൂസര്‍മാരുള്ള രാജ്യമാണു സൗദി അറേബ്യ. പ്രതിഷേധത്തിനെതിരേ പോരാടാന്‍ സൗദി ഭരണകൂടത്തെ അനുകൂലിക്കുന്ന സംഘം ഓട്ടോമേറ്റഡ് ബോട്ട് നെറ്റ്‌വര്‍ക്കുകളും, പ്രത്യേകം സജ്ജരായ സോഷ്യല്‍ മീഡിയ യൂസര്‍മാരെയും നിയോഗിച്ചു. ‘We all trust in Mohammed bin Salman’ (ഞങ്ങള്‍ എല്ലാവരും മുഹമ്മദ് ബിന്‍ സല്‍മാനില്‍ വിശ്വസിക്കുന്നു) എന്ന ഹാഷ് ടാഗില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തു. ഇത് 1.1 ദശലക്ഷം തവണ പ്രത്യക്ഷപ്പെട്ടതായിട്ടാണ് അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ഡിജിറ്റല്‍ ഫൊറന്‍സിക് റിസര്‍ച്ച് ലാബിലെ ഗവേഷകര്‍ അറിയിച്ചത്. ഇത്തരത്തില്‍ എതിരാളികളെ അപകീര്‍ത്തിപ്പെടുത്താനോ, സ്തുതിക്കാനോ വേണ്ടി അസത്യവും, വസ്തുതാ വിരുദ്ധവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഇലക്‌ട്രോണിക് സൈന്യമാണ് ഇ-ഫ്‌ളൈസ്. ജമാല്‍ ഖഷോഗിയുടെ ദുരൂഹമരണവും അതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ നടന്ന സംഭവവികാസങ്ങളും ഇ-ഫ്‌ളൈസ് എത്രത്തോളം അപകടകാരിയാണെന്നു തെളിയിച്ചു.

അള്‍ജീരിയയില്‍ ഓണ്‍ലൈന്‍ യുദ്ധം

അള്‍ജീരിയയില്‍ ഇൗ വര്‍ഷം ഫെബ്രുവരിയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രിലില്‍ 20 വര്‍ഷത്തോളം പ്രസിഡന്റായിരുന്ന അബ്ദല്‍ അസീസ് ബൗത്തേഫഌക്കയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. 1999 മുതല്‍ അള്‍ജീരിയയുടെ പ്രസിഡന്റായി തുടരുകയായിരുന്നു അബ്ദല്‍ അസീസ്. അഞ്ചാം തവണയും പ്രസിഡന്റായി തുടരാന്‍ അബ്ദല്‍ അസീസ് തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി 22ന് ആയിരക്കണക്കിനു യുവാക്കള്‍ അബ്ദല്‍ അസീസിനെതിരേ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്കു കൂടുതല്‍ ജനപിന്തുണ ലഭിക്കുന്നത് ഒഴിവാക്കാന്‍ ഭരണകൂടം തന്നെ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്തിയതായിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഏപ്രിലില്‍ പ്രസിഡന്റിന് രാജിവയ്‌ക്കേണ്ടി വന്നു. എങ്കിലും പ്രതിഷേധത്തിനു ശമനമുണ്ടായിട്ടില്ല. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തി ഭരണാധികാരി അധികാരമേല്‍ക്കും വരെ സമരം തുടരുമെന്നാണ് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് താല്‍ക്കാലിക പ്രസിഡന്റ് അബ്ദല്‍ കേദര്‍ ബെന്‍സാലായും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സൈനിക തലവന്‍ അഹ്മദ് ഗെയ്ദ് സാലായുമാണ്. തെരുവില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധം അലയടിക്കുമ്പോള്‍ അവയെ നേരിടാന്‍ ഭരണകൂടം തോക്കും, ലാത്തിയുമൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും സൈബര്‍ ആയുധങ്ങളാണു കൂടുതലും ഉപയോഗിക്കുന്നത്. ഭരണകൂട അനുകൂല സന്ദേശങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് ജനങ്ങളുടെ പിന്തുണ നേടാനും ശ്രമിക്കുകയാണ്. ഇവിടെ ഭരണകൂടത്തെ പിന്തുണച്ച് ഓണ്‍ലൈനില്‍ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ ഇ-ഫ്‌ളൈസിനെ സമര്‍ഥമായി ഉപയോഗിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപഹാസ്യ രൂപേണ പ്രസിദ്ധീകരിക്കുന്ന ചിത്രത്തെ നമ്മളുടെ നാട്ടില്‍ ട്രോള്‍ എന്ന് അറിയപ്പെടുന്നു. ഇത്തരത്തില്‍ ട്രോളിന്റെ സഹായത്തോടെയാണ് അള്‍ജീരിയന്‍ ഭരണകൂടം ഓണ്‍ലൈനില്‍ സര്‍ക്കാര്‍ അനുകൂല പ്രചാരണം നടത്തുന്നത്. അള്‍ജീരിയയിലെ പ്രക്ഷോഭകര്‍ ഭരണകൂടത്തെ അനുകൂലിച്ച് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ട്രോളുകളെ ഇ-ഫ്‌ളൈസ് എന്നാണു വിളിക്കുന്നത്. ഇവ പ്രധാനമായും പ്രക്ഷോഭകരുടെ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്ന വിധമുള്ളതാണ്.

ഫേസ്ബുക്കിനെ ആശ്രയിക്കുന്ന അള്‍ജീരിയ

അള്‍ജീരിയയില്‍ ഒരു വലിയ വിഭാഗം വിവരങ്ങള്‍ക്കായി ആശ്രയിക്കുന്നത് ഫേസ്ബുക്കിനെയാണ്. ഭരണകൂടത്തെ അനുകൂലിച്ചു കൊണ്ടുള്ള ഇ-ഫ്‌ളൈസ് ഉയര്‍ന്നുവന്ന അതേസമയം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളും വന്‍തോതില്‍ പ്രചരിക്കുകയുണ്ടായി. അതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പ്രത്യേകിച്ച്, ഫേസ്ബുക്ക് ഭരണകൂട അനുകൂലികളുടെയും, വിരുദ്ധരുടെയും ഒരു പോരാട്ട ഭൂമിയായി മാറി. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഈ കാലാവസ്ഥയ്ക്കിടയില്‍ അള്‍ജീരിയയെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ഇല്ലാതാക്കുന്നതിനായി Fake News DZ എന്ന പേരിലൊരു ഫേസ്ബുക്ക് പേജ് സൃഷ്ടിക്കുകയും ചെയ്തു. ഈ പേജിനെ ഏകദേശം 70,000-ത്തോളം പേര്‍ ഫോളോ ചെയ്യുന്നുണ്ട്. .com പോലെ .dz ല്‍ അവസാനിക്കുന്ന ഡൊമെയ്ന്‍ നെയിം അള്‍ജീരിയയില്‍ മുന്‍നിര ഡൊമെയ്ന്‍ നെയിമാണ്. ഈ എഫ്ബി പേജ് സൃഷ്ടിച്ചതിനു ശേഷം ഏകദേശം 300-ാളം വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട്. അവയില്‍ ഭൂരിഭാഗവും പ്രക്ഷോഭ വിരുദ്ധ വാര്‍ത്തകളായിരുന്നു. ഇത്തരം വാര്‍ത്തകള്‍ ഉല്‍ഭവിച്ചത് പ്രധാനമായും പ്രക്ഷോഭ വിരുദ്ധ പാളയത്തില്‍നിന്നായിരുന്നു.

Comments

comments

Categories: Top Stories