ബിഎംഡബ്ല്യൂ ടാറ്റയില്‍ നിന്നും ജാഗ്വര്‍ വാങ്ങണം: ബേണ്‍സ്റ്റീന്‍

ബിഎംഡബ്ല്യൂ ടാറ്റയില്‍ നിന്നും ജാഗ്വര്‍ വാങ്ങണം: ബേണ്‍സ്റ്റീന്‍

ജാഗ്വര്‍ സ്വന്തമാക്കുന്നതിലൂടെ ബിഎംഡബ്ല്യു വരുമാനം 20 ശതമാനം ഉയരും

മുംബൈ: വില്‍പ്പനയില്‍ നേരിട്ട മാന്ദ്യത്തെ തുടര്‍ന്ന് ടാറ്റയില്‍ നിന്നും ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ ബിഎംഡബ്ല്യൂ വാങ്ങുന്നത് മികച്ച നീക്കമാകുമെന്ന നിര്‍ദേശവുമായി ബേണ്‍സ്റ്റീന്‍ റീപ്പോര്‍ട്ട്. നിക്ഷേപ ഗവേഷക മാനേജ്‌മെന്റ് കമ്പനിയായ സ്റ്റാന്‍ഡ്‌ഫോര്‍ഡ് സി ബേണ്‍സ്റ്റീനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 9 ബില്യണ്‍ പൗണ്ടിന് (11.2 ബില്യണ്‍ ഡോളര്‍)ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) വാങ്ങുന്നതോടെ ബിഎംഡബ്ല്യൂവിന്റെ വരുമാനം 20 ശതമാനത്തോളം ഉയരുമെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ബിഎംഡബ്ല്യൂ ആഗോള തലത്തില്‍ മികച്ച വളര്‍ച്ച നേടിക്കഴിഞ്ഞ കമ്പനിയാണ്. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ലാഭകരമായി വളരാനും ഈ നിരയിലെ ഒട്ടുമിക്ക വാഹനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജെഎല്‍ആര്‍ പ്രവര്‍ത്തനപരമായും സാമ്പത്തികപരമായും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഇന്നുള്ളത്. അതിനാല്‍ ഒരു വലിയ ബ്രാന്‍ഡിനൊപ്പം പങ്കാളിത്തം കൂടുന്നത് ജാഗ്വറിന്റെ വില്‍പ്പന കൂടാന്‍ സഹായകരമാകുമെന്ന് മാക്‌സ് വാര്‍ബര്‍ട്ടണ്‍ ഉള്‍പ്പെടെയുള്ള ഗവേഷക വിദഗ്ധര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ടാറ്റ തങ്ങളുടെ അഭിമാനമായി കരുതുന്ന ജാഗ്വറിനെ വില്‍ക്കാന്‍ ഒരുങ്ങിയാല്‍ മാത്രമേ ഇത് സാധ്യമാകൂവെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

യുഎസ്-ചൈന വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട് ബിഎംഡബ്ല്യുവിന് ഉണ്ടാകേണ്ടിയിരുന്ന ലാഭത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ യുകെയില്‍ കമ്പനി പുറത്തിറക്കുന്ന മിനി, റോള്‍സ് റോയ്‌സ് കാറുകളുടെ നിര്‍മാണത്തെ രാജ്യത്തെ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ ആശയക്കുഴപ്പങ്ങളും സ്വാധീനിച്ചിരിക്കുന്നു. 14 ബില്യണ്‍ ഡോളറിന്റെ വിവിധയിനം നിക്ഷേപ പദ്ധതികളാണ് ബിഎംഡബ്ല്യു ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നത്. ടാറ്റയ്ക്കാവട്ടെ, 2.5 ബില്യണ്‍ പൗണ്ട് നിക്ഷേപ പരിപാടികള്‍ മാത്രം, അതിനൊപ്പം 4500 ഓളം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു. വില്‍പ്പന കുറഞ്ഞതാണ് കമ്പനി തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിച്ചത്. ബിഎംഡബ്ല്യൂവും ജെഎല്‍ആറും ചേര്‍ന്ന് പുതു തലമുറയിലേക്കുള്ള ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനായി ഈ വര്‍ഷമാദ്യം തന്നെ സമ്മതപത്രം ഒപ്പുവെച്ചിരുന്നു. ബേണ്‍സ്റ്റീല്‍ പുറത്തുവിട്ട നിര്‍ദേശത്തോട് പ്രതികരിക്കാന്‍ ബിഎംഡബ്ല്യൂവിന്റെ ഇന്ത്യയിലെ പ്രതിനിധിയും ടാറ്റ മോട്ടോര്‍സു തയാറായിട്ടില്ല.

2008ലാണ് ടാറ്റ ഗ്രൂപ്പ് ഫോര്‍ഡില്‍ നിന്നും ജെഎല്‍ആര്‍ വാങ്ങിയിരുന്നത്. ഇന്ത്യയില്‍ ഉപ്പ് മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ നിര്‍മിക്കുന്ന ഉല്‍പ്പന്ന ശ്രേണിയില്‍ പ്രമുഖരായ ടാറ്റ മോട്ടോര്‍സ് ജെഎല്‍ആറിന്റെ കാര്യത്തിലും തന്ത്രപരമായ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ലോകം.

Comments

comments

Categories: Business & Economy
Tags: BMW, Jaguar