ആമസോണ്‍ അലക്‌സയെ ഹിന്ദി പഠിപ്പിച്ചത് ഈ ഇന്ത്യാക്കാരനാണ്

ആമസോണ്‍ അലക്‌സയെ ഹിന്ദി പഠിപ്പിച്ചത് ഈ ഇന്ത്യാക്കാരനാണ്

ന്യൂഡല്‍ഹി: ആമസോണിന്റെ വോയ്‌സ് അസിസ്റ്റന്റായ അലക്‌സയെ ഹിന്ദി പഠിപ്പിച്ചത് ഒരു ഇന്ത്യാക്കാരനാണ്. പേര് രോഹിത് പ്രസാദ്. ഇന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് പ്രസാദ് ജനിച്ചത്. 43-കാരനായ രോഹിത് 2013-ലാണ് ആമസോണില്‍ ജോലിക്ക് ചേര്‍ന്നത്. ആമസോണില്‍ അലക്‌സ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റും ഹെഡ് സയന്റിസ്റ്റുമാണ് രോഹിത്. റാഞ്ചിയിലെ ഡിഎവി പബ്ലിക് സ്‌കൂളിലും, ജാര്‍ഖണ്ഡിലെ മേഴ്‌സയിലുള്ള ബിര്‍ല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ടെക്‌നോളജി (ബിറ്റ്‌സ്) എന്നിവിടങ്ങളിലുമാണ് രോഹിത് പഠിച്ചത്. റൂര്‍ക്കിയിലെ ഐഐടിയില്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും ബിറ്റ്‌സ് വീടിനു സമീപമായിരുന്നതിനാല്‍ അവിടെ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിംഗ് ബിരുദം പഠിക്കാന്‍ തീരുമാനിച്ചു. പിന്നീട് അമേരിക്കയിലുള്ള ഇല്ലിനോയ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. അതിനു ശേഷം അമേരിക്കന്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനിയായ ബിബിഎന്‍ ടെക്‌നോളജീസില്‍ ജോലിക്കു ചേര്‍ന്നു. അവിടെനിന്നുമാണ് ആമസോണില്‍ ചേര്‍ന്നത്.

ഹിന്ദിയും, ഹിംഗ്ലിഷും (ഇംഗ്ലിഷും ഹിന്ദിയും കൂടിച്ചേര്‍ന്ന ഭാഷ) സംസാരിക്കുന്ന അലക്‌സയുടെ പുതിയ പതിപ്പ് ഈ മാസം 18 ന് ആമസോണ്‍ ലോഞ്ച് ചെയ്തത്. 2014-ലായിരുന്നു ആദ്യമായി വിപണിയില്‍ അലക്‌സയെ ആമസോണ്‍ അവതരിപ്പിച്ചത്. 130 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 50 കോടിയിലേറെ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ആമസോണ്‍ അലക്‌സയുടെ ഹിന്ദി പതിപ്പ് അവതരിപ്പിച്ചതോടെ വിപണി പിടിച്ചടക്കാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Comments

comments

Categories: FK News
Tags: Amazon Alexa