മാലിന്യം ആദ്യം തലവേദന, ഇപ്പോള്‍ ‘ഗ്യാസ്’

മാലിന്യം ആദ്യം തലവേദന, ഇപ്പോള്‍ ‘ഗ്യാസ്’

പ്രതിദിനം 50 കിലോയോളം കോഴി ഇറച്ചി മാലിന്യമാണ് നാസറിന്റെ കടയിലുണ്ടാവുന്നത്

മാലിന്യം ഒരു പ്രതിസന്ധിയായി മാറിയപ്പോള്‍ സ്വന്തമായി നടത്തിയ പരീക്ഷണം കൊണ്ട് വിജയഗാഥ രചിചിരിക്കുകയാണ് മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസര്‍. ഏത് തരത്തിലുള്ള ജൈവമാലിന്യമാകട്ടെ അത് മനുഷ്യന് അനുകൂലമാക്കുന്ന വിധത്തില്‍ മാറ്റിയെടുക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് അബ്ദുള്‍ നാസറിന്റെ കൈമുതല്‍. മാലിന്യം കൊണ്ട് സ്വന്തമായൊരു ബയോഗ്യാസ് പ്ലാന്റ് തീര്‍ത്തിരിക്കുകയാണ് ഈ വ്യാപാരി.

മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് ഈ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മാലിന്യം നിക്ഷേപിക്കാന്‍ മലയാളികള്‍ക്ക് ഒരെളുപ്പ മാര്‍ഗ്ഗമുണ്ട്. അവ റോഡുകളിലോ, ഒഴിഞ്ഞു കിടക്കുന്ന പറമ്പിലോ നിക്ഷേപിക്കുക. രൂക്ഷ ഗന്ധവും രോഗാതുരമായ അവസ്ഥയുമാണ് ഇത് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം പരിഹാര മാര്‍ഗമുണ്ടെന്നാണ് അബ്ദുള്‍ നാസറിന്റെ പ്രയത്‌നം സൂചിപ്പിക്കുന്നത്.

മലപ്പുറം കൊണ്ടോട്ടി മുണ്ടകുളം സ്വദേശി നാസര്‍ ഇറച്ചി കോഴി വ്യാപാരിയാണ്. കോഴിയുടെ മാംസം വില്‍പ്പന നടത്തിയ ശേഷം പ്രതിദിനം 50 കിലോയോളം മാലിന്യമാണ് നാസറിന്റെ കടയിലുണ്ടാവുന്നത്. അറവ് മാലിന്യം വലിയൊരു പ്രശ്‌നമായതിനാല്‍ ഇത്തരം മാലിന്യം ശേഖരിക്കുന്നയാള്‍ക്ക് അങ്ങോട്ട് പണം നല്‍കിയാണ് മാലിന്യമെടുക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു കിലോ മാലിന്യം എടുക്കുന്നത്തിന് ഏഴ് രൂപ വെച്ച് നല്‍കണം. ഒരു ദിവസം മാലിന്യം ശേഖരിക്കുന്നയാള്‍ എത്താതിരുന്നാല്‍ പിന്നെ ചീഞ്ഞളിഞ്ഞ അറവ് മാലിന്യത്തിന്റെ രൂക്ഷ ഗന്ധം പ്രദേശമാകെ പരക്കും. ദിവസവും മാലിന്യ സംസ്‌കരണത്തിന് പണം നല്‍കേണ്ടി വരുന്നതിനാല്‍ വര്‍ഷം ഒരു ലക്ഷം രൂപയോളം ചെലവ് വന്നിരുന്നു.

മാലിന്യ സംസ്‌കരണത്തിലൂടെ കടയ്ക്ക് ലൈസന്‍സും

നാസര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കുളള അന്വേഷണം ആരംഭിച്ചു. ബയോഗ്യാസ് പ്ലാന്റിലേക്ക് ഇങ്ങനെയാണ് നാസര്‍ എത്തുന്നത്. മാലിന്യ സംസ്‌കരണത്തിന് ഏറ്റവും മികച്ച പദ്ധതിയെന്ന നിലയില്‍ നാസര്‍ സ്വന്തമായൊരു പ്ലാന്റ് സ്ഥാപിച്ചു. സ്വന്തം വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന എട്ട് എം ട്യൂബ് അളവിലുള്ള ഈ ബയോഗ്യാസ് പ്ലാന്റ് മൂന്നോ നാലോ വീടുകള്‍ക്ക് ആവശ്യമായ ഗ്യാസ് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുളളവയാണ്. രണ്ടേകാല്‍ ലക്ഷം രൂപ മുതല്‍ മുടക്കി സ്ഥാപിച്ച പ്ലാന്റിന് ഒരു ലക്ഷം രൂപ സബ്‌സിഡിയും ലഭിച്ചു. ഒരു ദിവസം നാസറിന്റെ കടയിലെ മാലിന്യം മാത്രം നിക്ഷേപിച്ചാല്‍ 15 ദിവസത്തേക്കുളള ഇന്ധനം ലഭിക്കും. അതിന് പുറമെയാണ് നല്ല സ്ലറിയും പ്ലാന്റ് നല്‍കുന്നത്. സ്വന്തമായി മാലിന്യ സംസ്‌കരിച്ച് തുടങ്ങിയതോടെ അബ്ദുല്‍ നാസറിന്റെ കടയ്ക്ക് ലൈസന്‍സും ലഭിച്ചുവെന്നത് മറ്റൊരു നേട്ടം.

മാലിന്യ സംസ്‌കരണവും അതിലൂടെ ഇന്ധനവും ലൈസന്‍സും ലഭിച്ചതോടെ നാസര്‍ മറ്റുളളവരെയും ബയോഗ്യാസ് സ്ഥാപിക്കാന്‍ പ്രചോദിപ്പിച്ചു. 22,000 രൂപയ്ക്ക് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് അഞ്ച് കിലോഗ്രാം മാലിന്യം വരെ നിക്ഷേപിക്കാവുന്ന പ്ലാന്റ് സ്ഥാപിക്കാനാകും. ഇതിന് സബ്‌സിഡിയും ലഭിക്കും. ഒരു ബക്കറ്റ് മാലിന്യം നിക്ഷേപിക്കുമ്പോള്‍ രണ്ട് ബക്കറ്റ് വെളളം ഒഴിക്കണം. നാസറിന്റെ ആശയം വിജയിച്ചതോടെ ഇതേ മാതൃക പിന്തുടര്‍ന്ന് നിരവധി പേരാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്.

Comments

comments

Categories: FK Special