‘എല്ലാവര്‍ക്കും വേണ്ടി’ ഫോക്‌സ്‌വാഗണ്‍ ഐഡി.3 അവതരിച്ചു

‘എല്ലാവര്‍ക്കും വേണ്ടി’ ഫോക്‌സ്‌വാഗണ്‍ ഐഡി.3 അവതരിച്ചു

ഫോക്‌സ്‌വാഗണില്‍നിന്നുള്ള ആദ്യ ‘ഐഡി’ മോഡലാണ് ഐഡി.3 ഇലക്ട്രിക് ഹാച്ച്ബാക്ക്

ഫ്രാങ്ക്ഫര്‍ട്ട്: ഫോക്‌സ്‌വാഗണ്‍ ഐഡി.3 ഇലക്ട്രിക് ഹാച്ച്ബാക്ക് ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 2016 പാരിസ് മോട്ടോര്‍ ഷോയില്‍ കണ്‍സെപ്റ്റ് രൂപത്തിലാണ് ഫോക്‌സ്‌വാഗണ്‍ ഐഡി.3 ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഫോക്‌സ്‌വാഗണില്‍നിന്നുള്ള ആദ്യ ‘ഐഡി’ മോഡലാണ് ഐഡി.3 ഹാച്ച്ബാക്ക്. ഇലക്ട്രിക് ഹാച്ച്ബാക്കിന് ലോകമെങ്ങുനിന്നും ഇതുവരെ 35,000 പ്രീ-ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു.

‘എല്ലാവര്‍ക്കും വേണ്ടിയുള്ള ഇലക്ട്രിക് കാര്‍’ എന്നാണ് ഫോക്‌സ്‌വാഗണ്‍ ഐഡി.3 വിശേഷിപ്പിക്കപ്പെടുന്നത്. ഫോക്‌സ്‌വാഗണിന്റെ പുതിയ എംഇബി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യ കാറാണ് ഐഡി.3 ഇലക്ട്രിക് ഹാച്ച്ബാക്ക്. ബീറ്റില്‍, ഗോള്‍ഫ് എന്നിവയ്ക്കുശേഷം ഫോക്‌സ്‌വാഗണിന്റെ മൂന്നാമത്തെ പ്രധാനപ്പെട്ട അധ്യായം എന്നാണ് 3 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം സംബന്ധിച്ച് വിവരമൊന്നുമില്ല.

മൂന്ന് ബാറ്ററി ശേഷികളില്‍ ഫോക്‌സ്‌വാഗണ്‍ ഐഡി.3 ലഭിക്കും. 45 കിലോവാട്ട്അവര്‍ ബാറ്ററി സമ്മാനിക്കുന്ന റേഞ്ച് 330 കിലോമീറ്ററാണ്. 58 കിലോവാട്ട്അവര്‍, 77 കിലോവാട്ട്അവര്‍ ബാറ്ററികള്‍ യഥാക്രമം 418 കിലോമീറ്റര്‍, 548 കിലോമീറ്റര്‍ റേഞ്ച് നല്‍കും. റിയര്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ ഔട്ട്പുട്ട് രണ്ട് വിധത്തിലാണ്. 145 എച്ച്പി, 198 എച്ച്പി എന്നിങ്ങനെ. എല്ലാ വേരിയന്റുകളും 310 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കും. ബേസ്, മിഡ് വേരിയന്റുകളുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 159 കിലോമീറ്റര്‍ ആയിരിക്കും. 58 കിലോവാട്ട്അവര്‍ ബാറ്ററി വേരിയന്റ് ആയിരിക്കും ആദ്യം വിപണിയില്‍ എത്തിക്കുന്നത്.

ഐഡി.3 ഇലക്ട്രിക് ഹാച്ച്ബാക്കിനെതുടര്‍ന്ന് ‘ഐഡി ക്രോസ്’ എസ്‌യുവി വിപണിയിലെത്തും. ‘ഐഡി’ എന്ന പൂര്‍ണ്ണ വൈദ്യുത വാഹനങ്ങളുടെ കുടുംബത്തിലേക്ക് പിന്നീട് കൂടുതല്‍ അംഗങ്ങള്‍ എത്തിച്ചേരും. ബസ്, വിഷന്‍, റൂംസ് എന്നീ ഐഡി ഇലക്ട്രിക് കാറുകളുടെ കണ്‍സെപ്റ്റ് രൂപം ഇതിനകം കണ്ടുകഴിഞ്ഞു. 2025 ഓടെ മുപ്പത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുകയെന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ലക്ഷ്യം ഈ വാഹനങ്ങളെല്ലാം ചേര്‍ന്ന് നിറവേറ്റിക്കൊടുക്കും.

Comments

comments

Categories: Auto