വിഷന്‍ ഇക്യുഎസ് എന്ന പുതിയ കണ്‍സെപ്റ്റുമായി മെഴ്‌സേഡസ് ബെന്‍സ്

വിഷന്‍ ഇക്യുഎസ് എന്ന പുതിയ കണ്‍സെപ്റ്റുമായി മെഴ്‌സേഡസ് ബെന്‍സ്

2021 ല്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം

ഫ്രാങ്ക്ഫര്‍ട്ട്: മെഴ്‌സേഡസ് ബെന്‍സിന്റെ പുതിയ 4 ഡോര്‍, ഓള്‍-ഇലക്ട്രിക് കണ്‍സെപ്റ്റ് ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. വിഷന്‍ ഇക്യുഎസ് എന്നാണ് ആഡംബര സെഡാന്റെ പേര്. 2021 ല്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. അടുത്ത തലമുറ ഓള്‍ ഇലക്ട്രിക് ജാഗ്വാര്‍ എക്‌സ്‌ജെ, ടെസ്‌ല മോഡല്‍ എസ്, ഔഡി ഇ-ട്രോണ്‍ ജിടി എന്നിവയായിരിക്കും എതിരാളികള്‍.

ഇലക്ട്രിക് കാറുകള്‍ക്കായുള്ള മെഴ്‌സേഡസ് ബെന്‍സിന്റെ ഇക്യു എന്ന ഉപ ബ്രാന്‍ഡിലെ പുതിയ അംഗമാണ് വിഷന്‍ ഇക്യുഎസ്. ഇക്യുസി, ഇക്യുഎ, ഇക്യുബി എന്നിവയ്ക്കുശേഷം മെഴ്‌സേഡസ് ബെന്‍സിന്റെ നാലാമത്തെ പൂര്‍ണ്ണ വൈദ്യുത കാറായിരിക്കും ഇക്യുഎസ്. എംഇഎ (മോഡുലര്‍ ഇലക്ട്രിക് ആര്‍ക്കിടെക്ച്ചര്‍) എന്ന സ്റ്റീല്‍, അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ മോഡലായിരിക്കും ഇക്യുഎസ്.

4 വീല്‍ ഡ്രൈവ് സംവിധാനമെന്ന നിലയില്‍ വിഷന്‍ ഇക്യുഎസ് കണ്‍സെപ്റ്റിന്റെ രണ്ട് ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കിയിരിക്കുന്നു. 477 എച്ച്പി കരുത്തും 759 എന്‍എം ടോര്‍ക്കുമാണ് രണ്ട് മോട്ടോറുകളും ചേര്‍ന്ന് പുറപ്പെടുവിക്കുന്നത്. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജ്ജിക്കാന്‍ 4.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 200 കിലോമീറ്ററില്‍ക്കൂടുതലാണ് ടോപ് സ്പീഡ്. ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് സെഡാനില്‍ 700 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇക്യുസി മോഡലിനേക്കാള്‍ 254 കിമീ കൂടുതല്‍.

ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം, ഇരു വശങ്ങളുടെയും തോളിലൂടെ എല്‍ഇഡി ലൈറ്റ് ബാന്‍ഡ് എന്നിവ ആകര്‍ഷകങ്ങളാണ്. ഗ്രില്ലില്‍ 188 എല്‍ഇഡികളാണ് നല്‍കിയിരിക്കുന്നത്. മെഴ്‌സേഡസ് ബെന്‍സിന്റെ പുതിയ കണ്‍സെപ്റ്റിന്റെ ദേഹമാസകലം 940 എല്‍ഇഡികള്‍ നല്‍കി. തിളക്കത്തിന് കുറവുണ്ടാകില്ല.

Comments

comments

Categories: Auto