പ്രൊഡക്ഷന്‍ റെഡി ‘ഹോണ്ട ഇ’ പ്രദര്‍ശിപ്പിച്ചു

പ്രൊഡക്ഷന്‍ റെഡി ‘ഹോണ്ട ഇ’ പ്രദര്‍ശിപ്പിച്ചു

ഹോണ്ടയുടെ അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഹോണ്ട ഇ നിര്‍മ്മിക്കുന്നത്

ഫ്രാങ്ക്ഫര്‍ട്ട്: ഉല്‍പ്പാദനത്തിന് തയ്യാറായ സ്‌പെസിഫിക്കേഷനുകളോടെ ‘ഹോണ്ട ഇ’ ഇലക്ട്രിക് കാര്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഹോണ്ടയുടെ അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഹോണ്ട ഇ നിര്‍മ്മിക്കുന്നത്. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. 2019 ജനീവ മോട്ടോര്‍ ഷോയില്‍ ഹോണ്ട ഇയുടെ പ്രീ-പ്രൊഡക്ഷന്‍ വേര്‍ഷനും പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഹോണ്ട ഇ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും സ്‌പെസിഫിക്കേഷനുകളും ഇപ്പോള്‍ ലഭ്യമാണ്.

35.5 കിലോവാട്ട്അവര്‍ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഹോണ്ട ഇ ഉപയോഗിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ 136 പിഎസ്, 154 പിഎസ് എന്നീ രണ്ട് വിധത്തില്‍ കരുത്ത് പുറപ്പെടുവിക്കും. പരമാവധി ടോര്‍ക്ക് 315 എന്‍എം തന്നെ. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ എട്ട് സെക്കന്‍ഡ് മതി. സിംഗിള്‍ ചാര്‍ജില്‍ 220 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. ഫാസ്റ്റ് ചാര്‍ജിംഗ് വഴി 80 ശതമാനം ബാറ്ററി 30 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം.

അര്‍ബന്‍ ഇവി പ്രൊട്ടോടൈപ്പുകൡ കണ്ട 3 ഡോര്‍ ലേഔട്ട്, ഫാന്‍സി വീലുകള്‍ എന്നിവ ഇപ്പോള്‍ നല്‍കിയില്ല. അതേസമയം, പുറം കണ്ണാടികള്‍ക്ക് പകരം കാമറകള്‍ ഇപ്പോഴും കാണാം. 12.3 ഇഞ്ച് വലുപ്പമുള്ള ഇരട്ട എല്‍സിഡി ടച്ച്‌സ്‌ക്രീനുകള്‍ നല്‍കി. ആകെ അഞ്ച് സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. കൃത്രിമ ബുദ്ധി ഉപയോഗിക്കുന്ന ഹോണ്ട പേഴ്‌സണല്‍ അസിസ്റ്റന്റ് നല്‍കും. കണക്റ്റഡ് സര്‍വീസുകള്‍ വോയ്‌സ് കമാന്‍ഡുകള്‍ വഴി ലഭിക്കും. ജപ്പാനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ എപ്പോള്‍ വരുമെന്ന് വ്യക്തമല്ല.

Comments

comments

Categories: Auto
Tags: Honda E