സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ വായ്പാസഹായം ലഭ്യമാക്കാന്‍ തയാറാണെന്ന് സൗദി കേന്ദ്രബാങ്ക്

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ വായ്പാസഹായം ലഭ്യമാക്കാന്‍ തയാറാണെന്ന് സൗദി കേന്ദ്രബാങ്ക്
  • വിദേശ നാണ്യ കരുതല്‍ ശേഖരം സാമ്പത്തിക ഉത്തേജന നടപടികള്‍ സാധ്യമാക്കും
  • ഡ്രോണ്‍ ആക്രമണം സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കേന്ദ്രബാങ്ക് ഗവര്‍ണര്‍
  • ഒരുമാസത്തിനകം എണ്ണ ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന് സൗദി ഊര്‍ജമന്ത്രി
  • എണ്ണവില കുറഞ്ഞ് തുടങ്ങി

റിയാദ്: അരാംകോ ആക്രമണം രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ മറികടക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് സൗദി കേന്ദ്രബാങ്ക്. വേണ്ടി വന്നാല്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുമെന്ന് സൗദി കേന്ദ്രബാങ്ക് ഗവര്‍ണര്‍ അഹമ്മദ് അബ്ദുള്‍കരീം അല്‍ഖോലിഫെ പറഞ്ഞു. ഏതാണ്ട് 500 ബില്യണ്‍ ഡോളറിലധികം വരുന്ന വിദേശ നാണ്യ കരുതല്‍ ശേഖരം സ്വന്തമായുള്ളതിനാല്‍ ഏത് സമയത്തും കേന്ദ്രബാങ്കിന് വിപണികളില്‍ ഇടപെടാന്‍ സാധിക്കുമെന്ന് അഹമ്മദ് അബ്ദുള്‍കരീം വ്യക്തമാക്കി. ഡോളറിനെ അടിസ്ഥാനപ്പെടുത്തിയുള്ള കറന്‍സി മൂല്യനിര്‍ണത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

മൂന്ന് വര്‍ഷം മുമ്പ് എണ്ണവില ഇടിഞ്ഞപ്പോള്‍ സൗദിയില്‍ അനുഭവപ്പെട്ട സാമ്പത്തിക ഞെരുക്കത്തെ നേരിടാനും ബാങ്കുകളിലെ പണലഭ്യതയിലെ കുറവ് പരിഹരിക്കാനും കേന്ദ്രബാങ്ക് 20 ബില്യണ്‍ റിയാലിന്റെ വായ്പ ലഭ്യമാക്കിയിരുന്നു.

ശനിയാഴ്ച അരാംകോയുടെ എണ്ണ ഉല്‍പ്പാദന, സംസ്‌കരണ കേന്ദ്രങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയുടെ എണ്ണ ഉല്‍പ്പാദന ശേഷി പകുതിയായി കുറഞ്ഞിരുന്നു. എണ്ണവിപണികളിലും ഇത് പ്രത്യാഘാതമുണ്ടാക്കി. മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയാകുമെന്ന് കരുതപ്പെട്ടിരുന്ന അരാംകോയുടെ ഐപിഒ മോഹങ്ങളിലും ആക്രമണം കരിനിഴല്‍ വീഴ്ത്തി. ഇതേ രീതിയില്‍ ഉല്‍പ്പാദനം ദീര്‍ഘകാലം തടസ്സപ്പെട്ടാല്‍ രാജ്യത്തെ കയറ്റുമതി വരുമാനത്തെ അത് സാരമായി ബാധിക്കും. ഇത് ധനകാര്യ സംവിധാനങ്ങളില്‍ ഫണ്ട് അപര്യാപ്തത ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

‘സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല’

ഡ്രോണ്‍ ആക്രമണം സമ്പദ് വ്യവസ്ഥയിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് അഹമ്മദ് അബ്ദുള്‍കരീം പറഞ്ഞു. സൗദിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് അന്താരാഷ്ട്ര നാണ്യ നിധിക്കുള്ള അതേ കാഴ്ചപ്പാട് തന്നെയാണ് കേന്ദ്രബാങ്കിനും ഉള്ളതെന്ന് അബ്ദുള്‍കരീം വ്യക്തമാക്കി. ഈ വര്‍ഷം സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ 1.9 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി പ്രവചിച്ചിരിക്കുന്നത്.

അതേസമയം അമേരിക്ക പലിശനിരക്കുകള്‍ കുറച്ചത് സൗദിക്ക് അല്‍പം ആശ്വാസമേകുന്നുണ്ട്. ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെ ജുലൈയില്‍ സൗദി അറേബ്യ പലിശനിരക്കുകള്‍ കാല്‍ശതമാനം കുറച്ചിരുന്നു. ആഗോള പലിശനിരക്കുകള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും നിരക്കുകള്‍ കുറച്ചാല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് അത് പ്രചോദനമാകുമെന്നും അഹമ്മദ് അബ്ദുള്‍കരീം പറഞ്ഞു.

അബ്‌ഖൈകിലെയും ഖുറെയ്‌സിലെയും എണ്ണപ്പാടങ്ങളില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചത് ഇറാന്റെ ആയുധങ്ങളാണെന്നാണ് സൗദി അറേബ്യയുടെ പ്രഥമ വിലയിരുത്തല്‍. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി പറയുന്നുമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഹൂതി വിമതരാണ് ഇത്രയും വലിയ ആക്രമണം സൗദിക്കെതിരെ നടത്തിയതെന്നതിന് തെളിവുകളൊന്നും ഇല്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപിയോ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇക്കാര്യം ഉറപ്പിക്കുന്നതിന് വേണ്ട തെളിവുകള്‍ ശേഖരിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായി പോംപിയോ സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. പക്ഷേ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയാല്‍ തിരിച്ചടിക്കാന്‍ തയാറാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ എണ്ണ ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലാകും: സൗദി ഊര്‍ജ മന്ത്രി

ജിദ്ദ ഈ മാസം അവസാനത്തോടെ സൗദി അറേബ്യയിലെ എണ്ണ ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലാകുമെന്ന് ഊര്‍ജമന്ത്രി അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഭീരുത്വപരമായ ആക്രമണങ്ങളെ ചെറുക്കാനുള്ള ശേഷി സൗദിക്കുണ്ടെന്നും ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നിലുള്ളവരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും അബ്ദുള്‍അസീസ് പറഞ്ഞു.

ശനിയാഴ്ചത്തെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തടസപ്പെട്ട എണ്ണയുല്‍പ്പാദനം പകുതിയോളം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ അവസാനം എണ്ണ ഉല്‍പ്പാദന ശേഷി പ്രതിദിനം 11 ദശലക്ഷം ബാരലായി ഉയര്‍ത്താന്‍ സാധിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ആക്രമണത്തിന് മുമ്പ് ഇത് 9.6 ദശലക്ഷം ബാരല്‍ ആയിരുന്നു.

അബ്‌ഖൈകിലെ എണ്ണ സംസ്‌കരണ പ്ലാന്റിലും ഖുറൈസിലെ എണ്ണപ്പാടത്തും ഡ്രോണ്‍ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ സൗദി മന്ത്രിസഭ വിലയിരുത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എല്ലാ ലോക നേതാക്കള്‍ക്കും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകള്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നന്ദി അറിയിച്ചു.

എണ്ണവില കുറയുന്നു

ഡ്രോണ്‍ ആക്രമണത്തിന് ശേഷം പ്രതീക്ഷിച്ചതിലും വേഗത്തില്‍ സൗദി അറേബ്യ ഉല്‍പ്പാദന ശേഷി വീണ്ടെടുത്തതിനെ തുടര്‍ന്ന് എണ്ണവില കുറഞ്ഞുതുടങ്ങി. ചൊവ്വാഴ്ച എണ്ണവിലയില്‍ അഞ്ച് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. ആക്രമണത്തിന് പിന്നാലെ എണ്ണവില കുത്തനെ കൂടിയിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞു.

എണ്ണവിലയിലുണ്ടായ അപ്രതീക്ഷിത വര്‍ധനവിനെ തുടര്‍ന്ന് എണ്ണവിലക്കയറ്റം, പ്രാദേശിക രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ഇതിനോടകം വളര്‍ച്ചാമാന്ദ്യം നേരിടുന്ന ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം എന്നിവ സംബന്ധിച്ച ആശങ്കകള്‍ ഇരട്ടിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യയുടെ എണ്ണക്കയറ്റുമതിയില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തിരിച്ചുവരവ് ദൃശ്യമായതോടെ വില പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിത്തുടങ്ങി.

Comments

comments

Categories: Arabia