ഭുവനേശ്വറിനും ദുബായിക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്രമന്ത്രി

ഭുവനേശ്വറിനും ദുബായിക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്രമന്ത്രി

നിലവില്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കിലേക്ക് മാത്രമാണ് ഭുവനേശ്വറില്‍ നിന്നും നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് ഉള്ളത്

ന്യൂഡെല്‍ഹി: ഭുവനേശ്വര്‍-ദുബായ് പാതയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.

ഭുവനേശ്വറില്‍ നിന്നും ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്നത് വിവിധ കോണുകളില്‍ നിന്നും ദീര്‍ഘകാലമായി ഉയരുന്ന ആവശ്യമാണെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് സൂരിക്ക് അയച്ച കത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ പറയുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ 15,000ത്തില്‍ അധികം ഒഡീഷക്കാര്‍ താമസിക്കുന്നുണ്ടെന്നും നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ഒഡീഷയിലേക്ക് വളഞ്ഞ വഴിയിലൂടെ യാത്ര ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കിലേക്ക് മാത്രമാണ് ഭുവനേശ്വറില്‍ നിന്നും നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് ഉള്ളത്.

ഭുവനേശ്വറിനും ദുബായിക്കുമിടയിലെ വിമാനയാത്രികരുടെ എണ്ണത്തിലുള്ള അനുകൂലമായ സാഹചര്യം ഉയര്‍ത്തിക്കാട്ടി ഈ പാതയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് കഴിഞ്ഞിടെ യുഎഇയിലെ ഒഡിയ സൊസൈറ്റി പശ്ചിമേഷ്യ, ആഫ്രിക്ക മേഖലകളുടെ ചുമതലയുള്ള എയര്‍ഇന്ത്യ ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തിയിരുന്നു.

മെഡിക്കല്‍ ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, വിദ്യാഭ്യാസ വിനിമയ പരിപാടികള്‍ക്ക് എന്നിവയ്ക്ക് ഏറെ സാധ്യതകളുള്ള വിദ്യാഭ്യാസ, ആരോഗ്യസംരക്ഷണ, വിനോദ സഞ്ചാര കേന്ദ്രമാണ് ഭുവനേശ്വറെന്ന് കത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ അവകാശപ്പെടുന്നു. ദുബായ്-ഭുവനേശ്വര്‍ പാതയിലുള്ള യാത്രികരുടെ സൗകര്യവും ക്ഷേമവും ഒഡീഷയിലെ വികസന സാധ്യതകളും കണക്കിലെടുത്ത് ഈ പാതയില്‍ എത്രയും പെട്ടന്ന് നേരിട്ടുള്ള വിമാന സര്‍വീസ ആരംഭിക്കുന്നതിന് വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നാണ് ഹര്‍ദീപ് സിംഗ് സൂരിക്കുള്ള കത്തില്‍ പ്രധാന്‍ ആവശ്യപ്പെടുന്നത്.

Comments

comments

Categories: Arabia