ഇന്ത്യയുടെ ഇവി ഹബ്ബാകാന്‍ തമിഴ്‌നാട്

ഇന്ത്യയുടെ ഇവി ഹബ്ബാകാന്‍ തമിഴ്‌നാട്
  • 50 കോടി രൂപയുടെ ഇവി നിക്ഷേപം നടത്തുന്നവര്‍ക്ക് 2030 വരെ 100% ജിഎസ്ടി ഇളവ്
  • ഇവി നിര്‍മാതാക്കള്‍ക്ക് 15%, ബാറ്ററി നിര്‍മാതാക്കള്‍ക്ക് 20% വരെ മൂലധന സബ്‌സിഡി
  • 2022 ഡിസംബര്‍ മാസം വരെ ഇവികളെ മോട്ടോര്‍ വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കി
  • പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും

ചെന്നൈ: ഇലക്ട്രോണിക് വാഹനങ്ങളിലേക്കുള്ള (ഇവി) മാറ്റം സജീവമായി പരിഗണിക്കുന്ന ഇന്ത്യയില്‍ പരിപാടിയുടെ നായകസ്ഥാനം ഏറ്റെടുക്കാന്‍ കച്ചകെട്ടി തമിഴ്‌നാട്. വമ്പന്‍ ഇളവുകളുള്‍പ്പെടുത്തി സ്വന്തമായി ഇവി നയം പ്രഖ്യാപിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളെയും കടത്തിവെട്ടി നിക്ഷേപകരെയും സംരംഭകരെയും മാടി വിളിക്കുകയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനം. കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന പ്രോല്‍സാഹന നയത്തിന്റെ ചുവടുപിടിച്ചാണ് ഇവി വാഹന / വാഹന ഘടകങ്ങളുടെ നിര്‍മാതാക്കള്‍ക്ക് വന്‍ ആനുകൂല്യം നല്‍കുന്ന നയം തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

2022 ഡിസംബര്‍ വരെ എല്ലാ തരം ഇവികളെയും മോട്ടോര്‍ വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കിയതാണ് പ്രധാന തീരുമാനം. ഇവി മേഖലയില്‍ കുറഞ്ഞത് 50 കോടി രൂപയുടെ നിക്ഷേപം നടത്തുകയും പ്രത്യക്ഷമായി 50 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്നതുമായ കമ്പനികള്‍ക്ക് 2030 വരെ സംസ്ഥാന ജിഎസ്ടിയില്‍ 100% റീഫണ്ട് നല്‍കും. 2025 വരെ നിക്ഷേപം നടത്തുന്ന ഇവി നിര്‍മാതാക്കള്‍ക്ക് 15 ശതമാനം വരെയും ബാറ്ററി നിര്‍മാതാക്കള്‍ക്ക് 20 ശതമാനം വരെയും മൂലധന സബ്‌സിഡി നല്‍കാനും തമിഴ്‌നാട് തയാറാണ്. തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും. ഇതിനു പുറമെ ഇവി മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഓഫീസ് സ്‌പേസ്, പൊതു സൗകര്യങ്ങള്‍, മെന്ററിംഗ് പിന്തുണ എന്നിവയുടെ രൂപത്തിലുള്ള ഇന്‍കുബേഷന്‍ സേവനങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. ആഗോള ഇവി കമ്പനികളെയും സ്വദേശി സ്റ്റാര്‍ട്ടപ്പുകളെയും ഒരുപോലെ ആകര്‍ഷിക്കാനും ഇവികള്‍ക്ക് മേല്‍ പൊതുജന താല്‍പ്പര്യം ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. ചാര്‍ജിംഗിനായുള്ള അടിസ്ഥാനസൗകര്യമൊരുക്കുന്നതിലും സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് നയം വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകളിലെ ഇവി പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് സ്ഥലത്തിന്റെ വിലയില്‍ 20 ശതമാനവും വ്യവസായതലത്തില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ ദക്ഷിണ മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വിലയില്‍ 50 ശതമാനവും സബ്‌സിഡി ലഭ്യമാകും. 2022 വരെയാണ് ആനുകൂല്യം ലഭിക്കുക. സ്ഥല രജിസ്‌ട്രേഷന്‍ ഫീസില്‍ നിന്നും വൈദ്യുതി നികുതിയില്‍ നിന്നും ഇവരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇവികള്‍ വാങ്ങുന്നതിന് ഫണ്ട് നല്‍കുാനും മുച്ചക്ര ഇവികള്‍ക്കായി ഒരു ഓപ്പണ്‍ പെര്‍മിറ്റ് സംവിധാനമൊരുക്കാനും പദ്ധതിയുണ്ട്. ഇവി നയത്തെ ഇവി വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് മാനുഫാക്‌ച്ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (എസ്എംഇവി) സ്വാഗതം ചെയ്തു. കമ്പനികളെയും പൗരന്‍മാരെയും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്ന നയമാണിതെന്ന് എസ്എംഇവി ഡയറക്റ്റര്‍-ജനറല്‍ സോഹിന്ദര്‍ ഗില്‍ പറഞ്ഞു.

‘ചാര്‍ജാ’യി നിക്ഷേപകര്‍

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ചെന്നൈയിലെ ഫാക്റ്ററിക്കായി വലിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇവി നയം അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇവി ബസുകള്‍ നിര്‍മിക്കുന്നതിന് അശോക് ലെയ്‌ലാന്‍ഡും വലിയ നിക്ഷേപം നടത്തുന്നുണ്ട്. ചെന്നൈയ്ക്കു സമീപം ഫാക്റ്ററിയുള്ള നിസ്സാന്‍ ഇന്ത്യയും തങ്ങളുടെ ഇലക്ട്രിക് വാഹന മോഡലായ ലീഫിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ആലോചിച്ചു വരികയാണ്. ചെന്നൈ ആസ്ഥാനമാക്കിയ റിനോ ഇന്ത്യ, 2022 ഓടെ ഇവികള്‍ അവതരിപ്പിക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇവി അവതരിപ്പിക്കാനൊരുങ്ങുന്ന ഫോഡ്, ബിഎംഡബ്ല്യൂ, ഡൈംലര്‍ എന്നീ കമ്പനികളെയും തമിഴ്‌നാട് നോട്ടമിടുന്നു

Categories: FK News, Slider