വസൂരി വൈറസിനെ സൂക്ഷിക്കുന്ന റഷ്യന്‍ ലാബില്‍ അഗ്നിബാധ

വസൂരി വൈറസിനെ സൂക്ഷിക്കുന്ന റഷ്യന്‍ ലാബില്‍ അഗ്നിബാധ

മോസ്‌കോ: വസൂരി മുതല്‍ എബോള വരെയുള്ള വൈറസുകള്‍ സൂക്ഷിച്ചിരിക്കുന്ന റഷ്യയുടെ ഒരു പരീക്ഷണശാലയില്‍ വാതക സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് തീ പടര്‍ന്നു. സൈബീരിയയിലെ നൊവോസിബിര്‍സ്‌ക് മേഖലയിലെ കോള്‍ട്ട്‌സോവോയിലെ വെക്ടര്‍ എന്നറിയപ്പെടുന്ന സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആ്ന്‍ഡ് ബയോടെക്‌നോളജി കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ സാനിറ്ററി ഇന്‍സ്‌പെക്ഷന്‍ റൂമിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെയാണു തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു ജീവനക്കാരന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തീ പിന്നീട് അണച്ചു. സ്‌ഫോടനത്തില്‍ കെട്ടിടത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും അപകടകരമായ ജൈവ വസ്തുക്കള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലെന്നും റഷ്യ അറിയിച്ചു. ലോകത്തില്‍ രണ്ട് പരീക്ഷണശാലകളില്‍ മാത്രമാണ് വസൂരി വൈറസുകള്‍ സൂക്ഷിക്കുന്നത്. ഒന്ന് റഷ്യയിലെ വെക്ടറിലും രണ്ടാമത്തേത് യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഇന്‍ അറ്റ്‌ലാന്റയിലുമാണ്. വെക്ടര്‍ പരീക്ഷണനിലയം സോവിയറ്റ് കാലഘട്ടത്തില്‍ ജൈവ ആയുധ ഗവേഷണം നടത്തിയിരുന്നു. ഇപ്പോള്‍ രോഗങ്ങളെ കുറിച്ചു ഗവേഷണം നടത്തുന്ന റഷ്യയിലെ പ്രധാന ഗവേഷണകേന്ദ്രങ്ങളിലൊന്നാണ്. ഏറ്റവും മികച്ച സാംക്രമികരോഗ ഗവേഷണങ്ങള്‍ക്കു പേരുകേട്ട സ്ഥാപനമാണ് വെക്ടര്‍. ഇവിടെ ഈ വര്‍ഷം ആദ്യം ഗവേഷകര്‍ എബോള വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

Comments

comments

Categories: World
Tags: fire, Russia Lab