2023ല്‍ ജിസിസി മേഖല ആഹാരമാക്കുക 60.7 മില്യണ്‍ മെട്രിക് ടണ്‍ ഭക്ഷണം

2023ല്‍ ജിസിസി മേഖല ആഹാരമാക്കുക 60.7 മില്യണ്‍ മെട്രിക് ടണ്‍ ഭക്ഷണം

ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് പ്രധാനമായും ഭക്ഷ്യമേഖലയുടെ വളര്‍ച്ചയെ മുമ്പോട്ട് കൊണ്ടുപോകുക

അബുദാബി: 2023ഓടെ ജിസിസി മേഖലയുടെ ഭക്ഷ്യോപഭോഗത്തില്‍ 3.3 ശതമാനത്തിന്റെ (സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക്) വര്‍ധനവുണ്ടാകുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. 2023ഓടെ 60.7 മില്യണ്‍ മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഗള്‍ഫ് മേഖലയില്‍ ആവശ്യമായി വരികയെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ആല്‍ഫെന്‍ കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനസംഖ്യാ വര്‍ധനവ്, ടൂറിസത്തിന്റെ വളര്‍ച്ച, ഉയര്‍ന്ന ആളോഹരി വരുമാനം, സ്ഥിരതയുള്ള സാമ്പത്തികസ്ഥിതി എന്നീ ഘടകങ്ങളായിരിക്കും ജിസിസിയിലെ ഭക്ഷ്യമേഖലയുടെ വളര്‍ച്ചയെ മുമ്പോട്ട് കൊണ്ടുപോകുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വരും വര്‍ഷങ്ങളിലും ധാന്യങ്ങള്‍ തന്നെയായിരിക്കും ജിസിസി മേഖലയിലെ ആളുകളുടെ പ്രധാന ഭക്ഷ്യവസ്തു. 2023ല്‍ ഇവിടെയുള്ള ജനത ആഹാരമാക്കുന്ന മൊത്തം ഭക്ഷ്യവസ്തുക്കളില്‍ 48.2 ശതമാനവും ധാന്യങ്ങളായിരിക്കും. പാലുല്‍പ്പന്നങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത ക്ഷീരമേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നും മുട്ട, മത്സ്യം, ഉരുളക്കിഴങ്ങ്, കൊഴുപ്പ്, എണ്ണ എന്നിവയുടെ ഭക്ഷ്യോപഭോഗവും ജിസിസി മേഖലയില്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങളെ കുറിച്ചുള്ള അവബോധം ജൈവ ഭക്ഷ്യവസ്തുക്കളുടെയും ആരോഗ്യദായകമായ ഭക്ഷ്യവസ്തുക്കളുടെയും ഉപഭോഗം വര്‍ധിക്കാന്‍ ഇടയാക്കും. രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യോപഭോഗത്തില്‍ നിലവിലെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുകയില്ല. സൗദി അറേബ്യയും യുഎഇയും തന്നെയായിരിക്കും 2023ലും ജിസിസി മേഖലയില്‍ ഭക്ഷ്യോപഭോഗത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരിക്കുക. മേഖലയുടെ ആകെ ഭക്ഷ്യോപഭോഗത്തിന്റെ 81 ശതമാനവും ഈ രണ്ട് രാഷ്ട്രങ്ങളിലാണ് നടക്കുന്നത്.അതേസമയം ഭക്ഷ്യോപഭോഗത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടാകുക ഒമാനിലാണെന്നും (സിഎജിആര്‍-4.6 ശതമാനം) റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് ജിസിസി മേഖലയുടെ ഭക്ഷ്യോപഭോഗം വര്‍ധിക്കാനുള്ള പ്രധാനകാരണം. മാത്രമല്ല, നഗരവല്‍ക്കരണത്തിലെ വളര്‍ച്ചയും പ്രവാസികളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതും പാക്ക് ചെയ്ത, അന്താരാഷ്ട്ര ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത വര്‍ധിക്കാനിടയാക്കും.

മേഖലയിലെ പ്രതികൂല കാലാവസ്ഥയും കൃഷിക്ക് അനുയോജ്യമായ ഭൂമി ഇല്ലാത്തതും മൂലം ജിസിസി രാഷ്ട്രങ്ങള്‍ തങ്ങള്‍ ആഹാരമാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

Comments

comments

Categories: Arabia
Tags: GCC