സ്വച്ഛ് ഭാരത് പ്രചാരണത്തിന് 4000 കോടി ചെലവഴിച്ചു

സ്വച്ഛ് ഭാരത് പ്രചാരണത്തിന് 4000 കോടി ചെലവഴിച്ചു

ദേശീയ ശുചിത്വദൗത്യപദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്‍ വിജയകരമാക്കുന്നതിനുള്ള പ്രചാരണ നടപടികള്‍ക്കായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,500-4,000 കോടി രൂപ വരെയാണ് ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട്. വിവരം നല്‍കല്‍, അവബോധം, ആശയവിനിമയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക ചെലവഴിച്ചത്.

സര്‍ക്കാര്‍, സ്വകാര്യ മേഖല, വിവിധ ഗുണഭോക്തൃസംഘടനകള്‍ എന്നിവ വഴിയാണ് ഈ പണം ചെലവിട്ടത്. ഇതില്‍ 20 ശതമാനം ചെലവഴിച്ചത് മുന്‍ കേന്ദ്ര കുടിവെള്ള-ശുചിത്വ മന്ത്രാലയവും, 35 ശതമാനം ചെലവിട്ടത് സംസ്ഥാന ശുചിത്വ വകുപ്പുകളും 25 ശതമാനം മറ്റ് സര്‍ക്കാര്‍ മന്ത്രാലയങ്ങളും 20 ശതമാനം സ്വകാര്യമേഖലയുമാണെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഡാല്‍ബെര്‍ഗ് അഡൈ്വസേഴ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. സ്വച്ഛ് ഭാരത് മിഷനു കീഴില്‍, പൊതുമേഖല, സ്വകാര്യമേഖല, മാധ്യമങ്ങള്‍, സിവില്‍ സൊസൈറ്റി എന്നിവയിലുടനീളം വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ശ്രദ്ധേയമായ കഴിവ് പ്രകടിപ്പിച്ചു. വാസ്തവത്തില്‍, സ്വച്ഛ് ഭാരത് മിഷന്‍ 22,000 മുതല്‍ 26,000 കോടി രൂപ വരെ ധന, ധനേതര വിവരങ്ങള്‍, വിദ്യാഭ്യാസം, ആശയവിനിമയ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി സമാഹരിച്ചതായി പഠനം കണക്കാക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള ഐഇസി പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും മൂല്യവും വിലയിരുത്തല്‍ എന്ന തലക്കെട്ടിലുള്ള പഠനമനുസരിച്ച്, ഗ്രാമീണ ഇന്ത്യയില്‍ താമസിക്കുന്ന ഒരു ശരാശരി വ്യക്തിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2,500-3,300 എസ്ബിഎം അനുബന്ധ സന്ദേശങ്ങള്‍ ലഭിച്ചു. ഈ സന്ദേശങ്ങളില്‍ ഭൂരിഭാഗവും പുതുതായി നിര്‍മ്മിച്ച ടോയ്ലറ്റുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയെപ്പറ്റിയും സ്വച്ഛ് ഭാരത് ലോഗോയുടെ ചുവര്‍ച്ചിത്രങ്ങളും ഹോര്‍ഡിംഗുകളും പോലുള്ള പരസ്യങ്ങളും മറ്റ് വ്യക്തിഗത ചാനലുകളായ ഇന്റര്‍-പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ (ഐപിസി), ഡിജിറ്റല്‍ എന്നിവയിലൂടെയും പത്രം, ടിവി, സിനിമ തുടങ്ങിയ പരമ്പരാഗത മാധ്യമനങ്ങള്‍ വഴിയുമാണ്. 2014 ഒക്ടോബര്‍ രണ്ടിന് സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചതിനുശേഷം, രാജ്യത്ത് 10 കോടിയിലധികം ഗാര്‍ഹിക ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു, ഇത് ശുചിത്വ പരിരക്ഷയില്‍ ഗണ്യമായ പുരോഗതിക്കും തുറസായ സ്ഥലത്തെ മലിനീകരണം കുറയ്ക്കുന്നതിനും കാരണമായി.

Comments

comments

Categories: Health