‘ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റിയയക്കണം’

‘ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റിയയക്കണം’

പ്രതിരോധ, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ് മേഖലയിലും നിക്ഷേപിക്കണമെന്ന് മന്ത്രി രവി ശങ്കര്‍ പ്രസാദ്

ആഗോള പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമാണ്. രാജ്യത്തിന് ലഭിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശ കരുതല്‍ ശേഖരവും സമ്പദ് വ്യവസ്ഥയുടെ കരുത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്

-രവി ശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: ഇലക്ട്രോണിക്‌സ്, മൊബീല്‍ കമ്പനികളുടെ മേധാവികളോട് ഇന്ത്യയിലെ നിര്‍മാണവും നിക്ഷേപവും വര്‍ധിപ്പിക്കണമെന്നും കയറ്റുമതി മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. ആഗോള നിര്‍മാണ ഹബ്ബായി ഇന്ത്യയെ മാറ്റുന്നതിന് ആവശ്യമായ സാഹചര്യമൊരുക്കണമെന്നും കൂടുതല്‍ ഊര്‍ജസ്വലതയോടും ആത്മാര്‍ത്ഥതയോടെയും കമ്പനികള്‍ ഇന്ത്യയെ പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആപ്പിള്‍, ഡെല്‍, ഓപ്പോ, സാംസംഗ് തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക്, മൊബീല്‍ കമ്പനികളുടെ സിഇഒമാരും മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി.

ഇന്ത്യയെ 5ജി വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ, പേറ്റന്റ് രൂപീകരണം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഹബ്ബാക്കി മാറ്റാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ് രംഗത്തെ മുന്‍നിര രാജ്യമായി ഇന്ത്യ വളര്‍ന്നുവരും. മൊബീല്‍, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ മാത്രമല്ല തന്ത്രപ്രധാനമായ പ്രതിരോധം, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ് മേഖലകളിലും നിക്ഷേപം ആവശ്യമാണെന്നും സര്‍ക്കാര്‍ ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഐടി മന്ത്രി ഉറപ്പു നല്‍കി.

ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയുമായി നിരന്തരം സംവദിക്കുന്നതിനും അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യുന്നതിന് ദൗത്യസംഘത്തിന്റെ രൂപത്തില്‍ ഒരു സംവിധാനത്തിന് ഐടി മന്ത്രാലയം രൂപം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഈ വര്‍ഷം ആദ്യം മന്ത്രിസഭ അംഗീകരിച്ച ദേശീയ ഇലക്ട്രോണിക്‌സ് നയം, 2025 ഓടെ രാജ്യത്ത് 13 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഒരു ബില്യണ്‍ മൊബീല്‍ ഫോണുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 600 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യും.

Comments

comments

Categories: FK News